ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം; നടപടികള്‍ വീഡിയോയില്‍ ചിത്രീകരിക്കണമെന്ന് ഹൈക്കോടതി

നിരീക്ഷകനായി ഹൈക്കോടതി മുന്‍ ജഡ്ജിയെ നിയമിച്ചു.

0
163

കൊച്ചി: ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമന നടപടികള്‍ വീഡിയോയില്‍ ചിത്രീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. നടപടികള്‍ നിരീക്ഷിക്കാൻ ഹൈക്കോടതി മുന്‍ ജഡ്ജിയെ നിയോഗിച്ചു. മേല്‍ശാന്തി നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഹൈക്കോടതി ഇടപെടല്‍.

ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെ പദ്മനാഭന്‍നായരെയാണ് നിയമിച്ചത്. മേല്‍ശാന്തി നിയമനങ്ങളുമായി ബന്ധപ്പെട്ട് ശബരിമല സ്‌പെഷ്യല്‍ കമീഷണര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള ഹര്‍ജിയിലാണ് ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ബെഞ്ചിന്റെ നിർദേശം.

വ്യാഴം, വെള്ളി (സെപ്റ്റംബര്‍ 14, 15) ദിവസങ്ങളിലാണ് മേല്‍ശാന്തിമാരെ തെരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് നടത്തുന്നത്. നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് തൊട്ടടുത്ത പ്രവൃത്തി ദിവസം ശബരിമല കമ്മീഷണര്‍ കോടതിക്ക് സമര്‍പ്പിക്കണമെന്നും ഡിവിഷന്‍ബെഞ്ച് നിര്‍ദേശിച്ചു. ഇന്റര്‍വ്യൂവില്‍ മികച്ചവരെ കണ്ടെത്തി ചുരുക്കപ്പട്ടിക തയാറാക്കിയശേഷം ഇവരുടെ പേരുകള്‍ നറുക്കിട്ടാണ് ശബരിമലയിലെയും മാളികപ്പുറത്തെയും മേല്‍ശാന്തിമാരെ തെരഞ്ഞെടുക്കുക.

ഇന്റര്‍വ്യൂവിന്റെ മാര്‍ക്ക് ബോള്‍പോയിന്റ് പേനയുപയോഗിച്ച് രേഖപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്. മാര്‍ക്ക് ഷീറ്റില്‍ നിരീക്ഷകന്‍ ഒപ്പുവെക്കണം. ഇത് ദേവസ്വം കമീഷണറുടെ കസ്റ്റഡിയില്‍ സൂക്ഷിക്കണം. സി ഡിയും മാര്‍ക്ക് ലിസ്റ്റും മുദ്രവെച്ച കവറില്‍ ഒക്ടോബര്‍ 15നകം കോടതിയില്‍ സമർപ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

നറുക്കെടുപ്പിന് പത്തുവയസില്‍ താഴെയുള്ള ഒരു ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും പന്തളം കൊട്ടാരത്തിലെ സീനിയര്‍ രാജ നിയോഗിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ശബരിമലയിലേക്ക് 40 പേരുടെയും മാളികപ്പുറത്തേക്ക് 30 പേരുടെയും പട്ടികയാണ് വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാക്കി അഭിമുഖ പരീക്ഷക്ക് വേണ്ടി തയാറാക്കിയത്.

English Summary: Sabarimala; Former High Court judge has been appointed as an observer.