തിരുവനന്തപുരം: നിപക്കെതിരെയുള്ള മോണോക്ലോണൽ ആൻ്റിബോഡി വിമാനമാർഗം ഉടൻ കേരളത്തിലെത്തിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്ഥാനം കേന്ദ്രസഹായം അഭ്യർത്ഥിച്ചിരുന്നു. വൈകുന്നേരത്തോടെ കോഴിക്കോട്ടേക്ക് എത്തിക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ആദ്യം മരിച്ച ആളില്‍ നിന്നാണ് രോഗം പടര്‍ന്നതെന്നും ആരോഗ്യമന്ത്രി വിശദീകരിച്ചു. മൊബൈൽ ലാബ് സ്ഥാപിക്കാൻ പൂനെ വൈറോളജിയിൽ നിന്നുള്ള സംഘം ഇന്ന് വൈകിട്ട് എത്തും. വൈറസ് ബാധ സ്ഥിരീകരിക്കാനുള്ള സംവിധാനങ്ങൾ കേരളത്തിലുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിൽ നടത്തിയ പരിശോധനയിലും നിപ വൈറസ് സ്ഥിരീകരിച്ചിരുന്നു. നിലവിലെ നിപ പ്രോട്ടൊക്കോൾ പരിഷ്കരിക്കേണ്ടതില്ല. ആവശ്യമായ മരുന്നുകൾ കോഴിക്കോട്ട് ഉറപ്പാക്കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പിന്റെ സംവിധാനം നിപയെ നേരിടാൻ സജ്ജമാണെന്നും മന്ത്രി പറഞ്ഞു.
നിപയെ തടയാൻ എല്ലാ മുന്നൊരുക്ക പ്രവർത്തനങ്ങളും നടത്തിയെന്നും ആൻറി ബോഡി ലഭ്യമാക്കുന്നതിന് ഐസിഎംമാറുമായി ബന്ധപ്പെട്ടുവെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ നിപ പരിശോധനക്ക് സംവിധാനം ഉണ്ടെന്നും പക്ഷേ ഐസിഎംആർ മാനദണ്ഡപ്രകാരം ആണ് നടപടിക്രമങ്ങളെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. സാങ്കേതികമായി പ്രഖ്യാപിക്കേണ്ടത് പൂനെയിൽ നിന്നാണ്.
രോഗവ്യാപനത്തിന്റെ റൂട്ട് മാപ്പ് ഉടന്‍ പുറത്തിറക്കും. പുണെയില്‍ നിന്ന് വിദഗ്‌ധ സംഘമെത്തി മൊബൈല്‍ ലാബ് സ്ഥാപിക്കും.
നിലവില്‍ നാല് പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് പേര്‍ മരിച്ചു. രണ്ട് പേര്‍ ചികില്‍സയിലാണ്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുകയാണ് ആരോഗ്യവകുപ്പ്. വൈറസ് ഉറവിട കേന്ദ്രങ്ങളായ ആയഞ്ചേരിയിലും മരുതോങ്കരയിലും നിയന്ത്രങ്ങള്‍ കടുപ്പിക്കും. രോഗബാധിതരുടെ സമ്പര്‍ക്ക പട്ടിക വിപുലപ്പെടുമെന്ന് ഉറപ്പായി. ഇതുവരെ 168 പേരാണ് പട്ടികയില്‍ ഉള്ളത്. ഇതിന്റെ ഇരട്ടിയോളമെങ്കിലും സമ്പര്‍ക്കമുണ്ടാകാനാണ് സാധ്യത.
സംസ്ഥാനത്ത് രണ്ട് ലാബുകളിൽ ഈ രോഗം സ്ഥിരീകരിക്കാൻ സാധിക്കും. പുണെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള സ്ഥിരീകരണം സാങ്കേതിക നടപടിക്രമം മാത്രമാണ്. നിപ ആദ്യം സ്ഥിരീകരിച്ച 2018 ൽ ഉണ്ടാക്കിയ പ്രോട്ടോകോൾ 2021 ൽ പരിഷ്കരിച്ചുവെന്നും ഡോക്ടർമാരുടെ സംഘമാണ് ഉണ്ടാക്കിയത്. നിലവിൽ അതനുസരിച്ച് പോവുകയാണെന്നും മന്ത്രി വ്യക്തമാക്കി