സോളാര്‍ കേസ്; പരാതിക്കാരിയുടെ ഒരു കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേരുണ്ടായിരുന്നുവെന്ന് നന്ദകുമാര്‍

25 പേജുള്ള രണ്ടാമത്തെ കത്തിൽ ഉമ്മന്‍ചാണ്ടി ശാരീരികമായി ബുദ്ധിമുട്ടിച്ചതായി വ്യക്തമാക്കിയിട്ടുണ്ട്.

0
127

കൊച്ചി: സോളാര്‍ കേസില്‍ പരാതിക്കാരിയുടേതായി തനിക്ക് ലഭിച്ച രണ്ട് കത്തുകളില്‍ ഒന്നില്‍ അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിയുടെ പേരുണ്ടായിരുന്നുവെന്ന് ദല്ലാള്‍ ടി ജി നന്ദകുമാര്‍. രണ്ട് കത്തുകളാണ് തനിക്ക് ലഭിച്ചത്. അതില്‍ ഒന്നില്‍ 19 പേജും മറ്റൊന്നില്‍ 25 പേജും ഉണ്ടായിരുന്നു. 25 പേജുള്ള കത്തിൽ ഉമ്മൻചാണ്ടിയുടെ പേരുണ്ട്. രണ്ടാമത്തെ കത്തില്‍ ഉമ്മന്‍ചാണ്ടി തന്നെ ശാരീരികമായി ബുദ്ധിമുട്ടിച്ചതായി പരാതിക്കാരി വ്യക്തമാക്കിയിട്ടുണ്ട്. ഈ കത്ത്‌ ഒറിജിനൽ ആണെന്ന് ഇര തന്നെ പറഞ്ഞിട്ടുണ്ടെന്നും നന്ദകുമാർ കൊച്ചിയിൽ പറഞ്ഞു.

കത്ത്‌ ലഭിക്കാൻ ഇരയ്‌ക്ക്‌ പണം നൽകിയിട്ടില്ല. ബെന്നിബഹ്‌നാനും തമ്പാനൂർ രവിയും പണം നൽകാമെന്നു പറഞ്ഞ്‌ കബളിപ്പിച്ചുവെന്നും അമ്മയുടെ ചികിൽസയ്‌ക്ക്‌ പണമില്ലെന്നും സഹായിക്കണമെന്നും പറഞ്ഞപ്പോൾ മാത്രമാണ്‌ 1.25 ലക്ഷം രൂപ നൽകിയത്‌. അല്ലാതെ കത്തിനായി തുക കൊടുത്തിട്ടില്ല. രണ്ട് കത്താണ് വാങ്ങിയത്. 19 പേജുള്ളതും 25 പേജുള്ളതും. ഇതിൽ 25 പേജുള്ളതാണ് ഒറിജിനൽ എന്നാണ് കരുതുന്നത്. കത്തിൽ ഉമ്മൻചാണ്ടിയുടെ പേര് ഉള്ളതിനാലാണ് അത് പുറത്തുവിടണമെന്ന് തോന്നിയത്. രണ്ട് സിബിഐ കേസുകളിലായി ഉമ്മൻചാണ്ടി തന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നു. ഇതും കാരണമായി.

ശരണ്യ മനോജാണ്‌ വിവാദമായ രണ്ടു കത്തുകളും എനിക്ക്‌ കൈമാറിയത്‌. ആ കത്ത്‌ ഞാനാണ്‌ ഏഷ്യാനെറ്റ്‌ ലേഖകന്‌ നൽകിയത്‌. ഈ കത്തുകളുടെ കാര്യം താന്‍ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടറെ ഫോണില്‍ ബന്ധപ്പെട്ട് അറിയിച്ചു. തുടര്‍ന്ന് കത്ത് കൈമാറി. ഈ കത്തിന്റെ പേരില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടില്ല. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും നന്ദകുമാര്‍ പറഞ്ഞു.

2016 ല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയതിന് പിന്നാലെ പരാതിക്കാരി കാണാന്‍ പോയിരുന്നു. ഉമ്മന്‍ചാണ്ടി ശാരീരികമായും സാമ്പത്തികമായും ഉപയോഗിച്ചതായി ആ അവര്‍ നല്‍കിയ പരാതിയില്‍ ഉണ്ടായിരുന്നു. പരാതിക്കാരിക്ക് മുഖ്യമന്ത്രിയെ കാണാന്‍ സഹായം ചെയ്തു നല്‍കിയിട്ടില്ലെന്നും നന്ദകുമാര്‍ പറഞ്ഞു.

English Summary: Solar; Nandakumar said that Oommenchandy’s name was in a letter.