മാധ്യമപ്രവർത്തകയ്ക്കെതിരെ കോൺഗ്രസ്‌ സൈബർ ആക്രമണം ആണധികാര ബോധത്തിന്റെ അശ്ലീല പ്രകടനം: പി കെ ശ്രീമതി

പാർവതിക്ക്‌ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്നും പി കെ ശ്രീമതി.

0
131

തിരുവനന്തപുരം: പുതുപ്പള്ളി മണ്ഡലത്തിലെ വികസന മുരടിപ്പ്‌ റിപ്പോർട്ട്‌ ചെയ്തതിന്റെ പേരിൽ ടി21 ഓൺലൈൻ ചാനലിലെ മാധ്യമപ്രവർത്തക പാർവതി ഗിരികുമാറിനെതിരായ കോൺഗ്രസ്‌ സൈബർ ആക്രമണത്തെ അപലപിച്ച്‌ ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ പ്രസിഡന്റ്‌ പി കെ ശ്രീമതി.

മണ്ഡലത്തിലെ വികസനമില്ലായ്മ അക്കമിട്ട് ചൂണ്ടിക്കാട്ടിയതാണ്‌ ചിലരെ പ്രകോപിപ്പിച്ചതും ഇത്തരത്തിൽ അതിനീചമായ “സൈബർ ലിഞ്ചിങ്ങിന്’ പ്രേരിപ്പിച്ചതും. പാർവതി തന്റെ തൊഴിലാണ്‌ ചെയ്തത്. റിപ്പോർട്ടിൽ വസ്തുതാപരമായ എന്തെങ്കിലും പിശകുകൾ ഉണ്ടായിരുന്നുവെങ്കിൽ ചൂണ്ടിക്കാട്ടുകയും വിമർശിക്കുകയും ചെയ്യാം. അത് ജനാധിപത്യ മര്യാദകളുടെ ഭാഗവുമാണ്.

എന്നാൽ റിപ്പോർട്ടിലെ വസ്തുതകളെ നിഷേധിക്കാൻ കഴിയാതായപ്പോൾ സ്‌ത്രീത്വത്തെയും അന്തസ്സിനെയും ആക്രമിക്കുകയാണ്‌ ചെയ്തത്‌. പൊതുഇടങ്ങളിലും തൊഴിലിടങ്ങളിലും സ്ത്രീകൾ നേരിടുന്ന ശാരീരികവും ലിംഗപരവുമായ അധിക്ഷേപങ്ങളും അതിക്രമങ്ങളും ആണധികാര ബോധത്തിന്റെ അശ്ലീല പ്രകടനങ്ങളാണ്. ഈ അതിക്രമത്തിന് നേതൃത്വം കൊടുക്കുന്നത് വലതു മുന്നണിയിൽപ്പെട്ട, പൊതുപ്രവർത്തകരായി അറിയപ്പെടുന്ന ആളുകളാണ് എന്നത് കൂടുതൽ ഗൗരവകരമാണന്നും പാർവതിക്ക്‌ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്നും പി കെ ശ്രീമതി പ്രസ്താവനയിൽ പറഞ്ഞു.

English Summary: PK Sreemathi condemns cyber attack against T21 anchor.