ഏഷ്യാകപ്പ് ഫുട്‍ബോൾ; ഇന്ത്യൻ ടീമിനെ തെരഞ്ഞെടുത്തത് ജ്യോത്സൻ പറഞ്ഞതനുസരിച്ച്, വെളിപ്പെടുത്തൽ പുറത്ത്

നാലു മത്സരങ്ങളുടെ പേരിൽ ഭൂപേഷ് ശര്‍മ്മ 12 മുതൽ 15 വരെ ലക്ഷം രൂപ കൈപ്പറ്റിയെന്നും റിപ്പോർട്ട്.

0
258

ന്യൂഡൽഹി: ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ഫുട്‍ബോൾ ടീമിനെ തെരഞ്ഞെടുത്തത് ജ്യോത്സന്റെ നിർദ്ദേശപ്രകാരമായിരുന്നുവെന്ന് വെളിപ്പെടുത്തൽ.
ഡൽഹി സ്വദേശിയായ ഭൂപേഷ് ശര്‍മ്മയെന്ന ജ്യോത്സന്റെ നിർദേശപ്രകാരമാണ് ടീമിൽ കളിക്കാരെ തെരഞ്ഞെടുത്തതെന്നും ഇന്ത്യന്‍ പരിശീലകന്‍ സ്റ്റിമാക് കളിക്കാരുടെ വിവരങ്ങള്‍ കൈമാറിയെന്നും ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) ഉന്നത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

ഓരോ കളിക്കാരുടെയും പേരും മറ്റു വിവരങ്ങളും സ്റ്റിമാക് ജ്യോത്സ്യന് കൈമാറുകയും ഇവരിൽ ഓരോരുത്തരെയും വിലയിരുത്താൻ പറയുകയുമായിരുന്നു. കൊല്‍ക്കത്തയില്‍ നടന്ന നിര്‍ണായക ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടുന്നതിന് 48 മണിക്കൂര്‍ മുമ്പായിരുന്നു ഇതെന്നും വെളിപ്പെടുത്തലിലുണ്ട്. അഫ്​ഗാനിസ്ഥാനെതിരായ മത്സരത്തിൽ അപ്രതിക്ഷിതമായി ചില താരങ്ങൾ ടീമിൽ ഇടം പിടിക്കാതെ പോയത് ജോത്സ്യന്റെ ഉപദേശപ്രകാരമെന്നാണ് പുറത്തുവരുന്നത്. ഇതിനുപുറമെ നാലു മത്സരങ്ങളുടെ പേരിൽ ഭൂപേഷ് ശര്‍മ്മ 12 മുതൽ 15 വരെ ലക്ഷം രൂപ കൈപ്പറ്റി.

ആദ്യഘട്ടത്തിൽ ഇന്ത്യന്‍ പരിശീലകന്‍ സ്റ്റിമാക് സാധ്യതയുള്ള 11 താരങ്ങളുടെ പേരുകൾ ജ്യോത്സ്യന് കൈമാറി. ഫോമിലല്ലാത്തതും പരിക്കേറ്റതുമായ താരങ്ങൾ അതിലുണ്ടായിരുന്നു. ഇന്ത്യയ്ക്ക് അഭിമാനകരമായ കോണ്ടിനെന്റല്‍ ചാമ്പ്യന്‍ഷിപ്പിനുള്ള മത്സരത്തില്‍ തുടരാന്‍ വിജയം അനിവാര്യമായിരുന്നു. കളിക്കാരുടെ പട്ടിക കിട്ടി ഏതാനും മണിക്കൂറുകൾക്കകം ഭൂപേഷ് ശര്‍മ്മയെന്ന ജ്യോത്സൻ ഓരോരുത്തരുടെയും പേരുകളിലെ അഭിപ്രായം പറഞ്ഞു. വളരെ നന്നായി ചെയ്യാന്‍ കഴിയുമെന്നും അമിത ആത്മവിശ്വാസം ഒഴിവാക്കേണ്ടതുണ്ടെന്നും ഓരോ കളിക്കാർക്കും ഓരോ ദിവസങ്ങളും നല്ലതാണോ ചീത്തയാണോ എന്നുവരെ പറഞ്ഞതായും ഉന്നത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.
താരങ്ങളുടെ നക്ഷത്രം അനുസരിച്ചാണ് ടീമിനെ തിരഞ്ഞെടുത്തിരുന്നത്. വെളിപ്പെടുത്തൽ പുറത്തുവന്നതോടെ സംഭവം വിവാദമായിട്ടുണ്ട്.