സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ അറിയിക്കാൻ “അപരാജിത ഓൺലൈൻ’

പരാതി നൽകുന്ന ആളുടെയും കുടുംബത്തിന്റെയും വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.

0
168

തിരുവനന്തപുരം: സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെയുള്ള ഓൺലൈൻ അതിക്രമങ്ങൾ, സ്ത്രീധനം, ഗാർഹികപീഡനം തുടങ്ങിയവ സംബന്ധിച്ച പരാതികൾ അറിയിക്കുന്നതിനുള്ള ദ്രുതപ്രതികരണ സംവിധാനവുമായി കേരള പൊലീസ്. “അപരാജിത ഓൺ ലൈൻ” എന്നാണ് പുതിയ സംവിധാനത്തിന്റെ പേര്.

പരാതിക്കാർക്ക് നേരിട്ട് പരാതി നൽകുന്നതിനുള്ള ബുദ്ധിമുട്ടുകൾ മറികടക്കുന്നതിനായാണ് ഈ സംവിധാനമെന്ന് പൊലീസ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. സ്ത്രീധനം, ഗാർഹികപീഡനം തുടങ്ങിയവയിന്മേൽ അതിവേഗം നിയമനടപടികൾ സ്വീകരിക്കുകയെന്നതും പദ്ധതി കൊണ്ടുദ്ദേശിക്കുന്നു.

വനിതാ സെൽ പോലീസ് സൂപ്രണ്ടിന്റെ മേൽനോട്ടത്തിലാണ് അപരാജിത ഓൺലൈൻ പ്രവർത്തിക്കുന്നത്. പരാതി നൽകുന്ന ആളുടെയും കുടുംബത്തിന്റെയും വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. [email protected] എന്ന ഇമെയിൽ വിലാസത്തിലോ, 9497996992 എന്ന ഹെൽപ്പ് ലൈൻ നമ്പറിലോ പരാതികൾ അറിയിക്കാം. 24 മണിക്കൂറും ഈ സേവനം ലഭ്യമാണെന്നും പൊലീസ് അറിയിച്ചു.

ഇങ്ങനെ ലഭിക്കുന്ന പരാതികൾ പ്രാഥമിക പരിശോധനയ്ക്ക് ശേഷം ബന്ധപ്പെട്ട ജില്ലാ പോലീസ് മേധാവികൾക്ക് കൈമാറും. അതിന്മേൽ ജില്ലാ പോലീസ് മേധാവിമാർ അടിയന്തര നടപടി സ്വീകരിക്കും. സൈബർ പോലീസ് സ്റ്റേഷൻ, സൈബർ സെൽ, ഹൈ-ടെക് ക്രൈം എൻക്വയറി സെൽ, സൈബർ ഡോം തുടങ്ങിയവയുടെ സഹായവും അന്വേഷണത്തിനായി ഉപയോഗിക്കും.

കുറ്റവാളിയെ തിരിച്ചറിഞ്ഞശേഷം പരാതിക്കാരനെ അറിയിക്കുകയും നിയമപരമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യും. കുറ്റവാളികളെ എത്രയും പെട്ടെന്ന് നിയമത്തിനു മുന്നിൽ കൊണ്ടുവരികയാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. 24 മണിക്കൂറും ഈ സേവനം ലഭ്യമാണ്.

English Summary: Speedy legal action against online abuse.