‘വിഴുപ്പലക്കിയില്ലെങ്കില്‍ സ്വയം നാറും’; ചെന്നിത്തലയെ പരിഹസിച്ച് കെ മുരളീധരന്‍

സോളാര്‍ കേസിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയൊക്കെ പുറത്തുകൊണ്ടുവരണം.

0
256

കോഴിക്കോട്: കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി രൂപീകരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ വിഴുപ്പലക്കാനില്ലെന്ന് പ്രതികരിച്ച രമേശ് ചെന്നിത്തലയെ പരിഹസിച്ച് കെ മുരളീധരൻ എംപി. വിഴുപ്പലക്കിയില്ലെങ്കില്‍ സ്വയം നാറുമെന്ന് കെ മുരളീധരൻ പറഞ്ഞു. ‘അലക്കേണ്ട സമയത്ത് വിഴുപ്പ് അലക്കണം. വിഴുപ്പലക്കുന്നത് മാലിന്യം കളയാനെന്നും വിഴുപ്പ് അലക്കേണ്ടത് തന്നെയാണ്. വിഴുപ്പ് അലക്കിയാലല്ലേ പിന്നേയും ഉപയോഗിക്കാനാവൂ. മാലിന്യം കളയാനാണ് വിഴുപ്പ് അലക്കുന്നത്. വേണ്ട സമയത്ത് വിഴുപ്പലക്കി ശുദ്ധമായ തുണി ആയിട്ട് അതിനെ മാറ്റണം. അതാണ് എന്റെ നിലപാട്. അലക്കി ശുദ്ധീകരിക്കുകയെന്ന നയമാണ് എല്ലാകാലത്തും തനിക്കുള്ളത്’- കെ മുരളീധരൻ പറഞ്ഞു.

തിങ്കളാഴ്ച രാവിലെ വാർത്താസമ്മേളനത്തിലാണ് പ്രവര്‍ത്തകസമിതി രൂപീകരണവുമായി ബന്ധപ്പെട്ട് വിഴുപ്പലക്കാനില്ലെന്ന് ചെന്നിത്തല പറഞ്ഞത്. കോൺഗ്രസ് പ്രവർത്തക സമിതിയിൽനിന്നും ഒഴിവാക്കിയ നേതൃത്വത്തിന്റെ നടപടിയിൽ കടുത്ത പ്രതിഷേധവും നിരാശയും പരസ്യമാക്കി രമേശ് ചെന്നിത്തല രംഗത്തുവന്നിരുന്നു. കൂടുതൽ പ്രതികരണങ്ങൾക്കില്ലെന്നും പദവിയില്ലെങ്കിലും പ്രവർത്തിക്കാമെന്നും പറയുകയും ചെയ്തു. ഇതിനിടയിലാണ് വിഷയത്തിൽ വിഴുപ്പലക്കാനില്ലെന്നും പറഞ്ഞത്. പറയാനുള്ള കാര്യങ്ങൾ ഹൈക്കമാൻഡിനെ ധരിപ്പിക്കുമെന്നും ചെന്നിത്തല പറഞ്ഞു. ഇതിനെയാണ് കെ മുരളീധരൻ പരിഹസിച്ചത്.

പാര്‍ട്ടിയില്‍ തനിക്കും പരാതികളും അതൃപ്തിയുമുണ്ടെന്നും ഹൈക്കമാന്‍ഡ് തന്നെയും അവഗണിച്ചതായും മുരളീധരന്‍ പറഞ്ഞു. അക്കാര്യങ്ങള്‍ ഹൈക്കമാന്‍ന്റിനോട് പറഞ്ഞ് സ്ഥിരം പരാതിക്കാരനാവാനില്ലെന്നും പാര്‍ലമെന്റിലേക്കും നിയമസഭയിലേക്കും ഇനി മത്സരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കമാൻഡ് തീരുമാനമെടുത്താൽ അത് അംഗീകരിക്കണം. അംഗീകരിക്കാത്തവർ പാർട്ടിക്ക് പുറത്ത് പോകേണ്ടി വരുമെന്നും മുരളീധരൻ ചെന്നിത്തലക്ക് പരോക്ഷ മറുപടിയായി പറഞ്ഞു.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി രൂപീകരണത്തില്‍ പരാതികളില്ലായെന്ന് പറയുന്നില്ല. എന്നാല്‍ സ്ഥിരം പരാതിക്കാരനാകാനില്ല. ഇനി പരാതി പറയുന്നുമില്ല. എല്ലാക്കാലത്തും ഹൈക്കമാന്‍ഡിന് കീഴടങ്ങിയ നേതാക്കളാണ് ഞങ്ങള്‍. ഹൈക്കമാന്‍ഡാണ് സുപ്രീം. ആര് പറഞ്ഞാലും അനുസരിക്കില്ലായെന്ന് പറഞ്ഞാല്‍ പാര്‍ട്ടിയില്‍ നില്‍ക്കാനാവില്ല. അങ്ങനെ പാര്‍ട്ടി കൊണ്ടുപോകാനാകില്ല. ഹൈക്കമാന്‍ഡ് തീരുമാനത്തെ അംഗീകരിക്കും. പ്രയാസങ്ങള്‍ ചിലപ്പോള്‍ പറഞ്ഞൂന്ന് വരും- കെ മുരളീധരന്‍ പറഞ്ഞു.

മത്സര രംഗത്തേക്ക് ഇല്ലായെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു. സോളാര്‍ കേസിലെ സിബിഐ റിപ്പോര്‍ട്ടില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. ജുഡീഷ്യല്‍ അന്വേഷണമായിരിക്കും അഭികാമ്യം. പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഒക്കെ പുറത്തുകൊണ്ടുവരണമെന്നും മുരളീധരന്‍ പറഞ്ഞു.

English Summary: K Muraleedharan reaction over Ramesh Chennithala statement.