യു.എ.ഇ.യിൽ ജോലിസ്ഥലങ്ങളിൽ സ്ത്രീകളെ അപമാനിച്ചാൽ 10,000 ദിർഹം പിഴയും ഒരു വർഷം തടവും

0
137

യു.എ.ഇ.യിൽ ജോലിസ്ഥലങ്ങളിൽ സ്ത്രീകളോട് മോശമായി പെരുമാറുന്നവർക്ക് ഏറ്റവും കുറഞ്ഞത് 10,000 ദിർഹം പിഴയും ഒരു വർഷം വരെ തടവും ലഭിക്കുമെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. യു.എ.ഇ. തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 13 (13) പ്രകാരം ജീവനക്കാർക്ക് അനുയോജ്യമായ തൊഴിലന്തരീക്ഷം ഉറപ്പാക്കേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്വമാണ്.

വാക്കുകൊണ്ടോ പ്രവൃത്തി കൊണ്ടോ അപമാനിക്കുക, അശ്ലീല പദപ്രയോഗങ്ങൾ നടത്തുക, ശാരീരികമായും മാനസികമായും ഉപദ്രവിക്കുക, ഭീഷണിപ്പെടുത്തുക തുടങ്ങിയവ ശിക്ഷാർഹമാണ്. നിയമലംഘകർക്ക് യു.എ.ഇ. ശിക്ഷാനിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ക്രിമിനൽകുറ്റങ്ങൾ ചുമത്തും. തൊഴിലിടങ്ങളിൽ ഏതെങ്കിലും വിധമുള്ള അനുചിത പെരുമാറ്റങ്ങൾ നേരിട്ടാൽ കുറ്റക്കാരനായ സഹപ്രവർത്തകനെതിരേ നടപടിയെടുക്കാൻ ആവശ്യപ്പെട്ടുകൊണ്ട് തൊഴിലുടമയ്‌ക്കോ ദുബായ് പോലീസിനോ രേഖാമൂലം പരാതി നൽകണം.

വനിതാ ജീവനക്കാരിൽനിന്ന് ഇത്തരത്തിലുള്ള പരാതികൾ ലഭിച്ചുകഴിഞ്ഞാൽ കുറ്റാരോപിതനായ വ്യക്തിക്കെതിരേ മുന്നറിയിപ്പ് നോട്ടീസ് പുറപ്പെടുവിക്കാനും അയാളെ ജോലിയിൽനിന്ന് പിരിച്ചുവിടാനും സ്ഥാപനത്തിന് അധികാരമുണ്ടെന്നും നിയമവിദഗ്ധർ പറഞ്ഞു. സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്ക് കടുത്ത ശിക്ഷാനടപടികൾ നേരിടേണ്ടി വരുമെന്ന് പ്ലബ്ലിക് പ്രോസിക്യൂഷൻ ആവർത്തിച്ച് മുന്നറിയിപ്പുകൾ നൽകുന്നുണ്ട്.