കൊതുകുതിരിയുടെ ചിത്രം പങ്കുവെച്ച് ഉദയനിധി സ്റ്റാലിൻ; നിലപാടിൽ മാറ്റമില്ലെന്നും സൂചന

കഴിഞ്ഞ ദിവസവും ബിജെപിക്കെതിരെ ഉദയനിധി ആഞ്ഞടിച്ചിരുന്നു.

0
127

ചെന്നൈ: സനാതന ധർമ പരാമർശത്തെ തുടർന്നുള്ള വിവാദങ്ങൾക്കിടെ  കൊതുകുതിരിയുടെ ചിത്രം പങ്കു വെച്ച് തമിഴ്നാട് മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിൻ. സനാതന ധർമ പരാമർശം വിവാദമായ സാഹചര്യത്തിൽ കൂടിയാണ് ഉദയനിധി ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. അടിക്കുറിപ്പുകൾ ഒന്നും ഇല്ലാതെയാണ് ചിത്രം സമൂഹ മാധ്യമമായ എക്‌സിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഉദയനിധി സ്റ്റാലിന്റെ പരാമർശത്തിൽ വിവാദം പുകയുന്ന സാഹചര്യത്തിലും പറഞ്ഞ വാക്കുകളിൽ ഉറച്ചു നിൽക്കുമെന്നും ഏത് നിയമ പോരാട്ടത്തിനും തയാറാണെന്നുമായിരുന്നു ഉദയനിധി സ്റ്റാലിന്‍റെ പ്രതികരണം. ജാതിയുടെ പേരിൽ മനുഷ്യരെ വിഭജിക്കുന്ന എന്തിനെയും തുടച്ചു നീക്കുന്നത്, മാനവികതയെയും സമത്വത്തെയും ഉയർത്തിപ്പിടിക്കുന്നതാകുമെന്നും മന്ത്രി സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചിരുന്നു. വിവാദം ഉയർന്ന് ദിവസങ്ങൾക്ക് ശേഷം അതേ നിലപാടിൽ തുടരുകയായിരുന്നു ഉദയനിധി.

പരാമർശത്തിൽ മാപ്പ് പറയണമെന്ന് ബിജെപിയും സംഘപരിവാറും ആവശ്യപ്പെടുന്നതിനിടെയാണ് ഉദയനിധിയുടെ കൊതുകുതിരി പോസ്റ്റ്. സനാതന ധർമം കൊതുകും മലേറിയയും പോലെ ഉന്മൂലനം ചെയ്യണമെന്നായിരുന്നു ഏതാനും ദിവസം മുമ്പ് ഉദയനിധി തുറന്നടിച്ചത്. ഇത് വലിയ രീതിയിൽ ചർച്ചകൾക്ക് കാരണമായിരുന്നു. എന്നാൽ, നിലപാടിൽ നിന്ന് ഒട്ടും പിന്നോക്കം പോകില്ലെന്ന് തെളിയിക്കുന്നതാണ് പുതിയ പോസ്റ്റ്.

ഞായറാഴ്ച വീണ്ടും ബിജെപിക്കെതിരെ കടുത്ത വിമർശനവുമായി ഉദയനിധി സ്റ്റാലിൻ രംഗത്തുവന്നിരുന്നു. ബിജെപി വിഷപ്പാമ്പാണെന്നും അവർക്ക് തമിഴ്‌നാട്ടിൽ ഒളിച്ചിരിക്കാനിടം ഒരുക്കുന്ന മാലിന്യമാണ് എഐഎഡിഎംകെ എന്നുമായിരുന്നു വിമർശനം. ഇവ രണ്ടിനും തമിഴ് നാട്ടിൽ ഇടം നൽകരുതെന്നും ഉദയനിധി സ്റ്റാലിൻ കടലൂർ നെയ്‌വേലിയിൽ ആഞ്ഞടിച്ചിരുന്നു.

English Summary: Udhayanidhi on his ‘Sanatana’ remark.