ഷൊർണൂർ ഇരട്ടക്കൊലപാതകം; സഹോദരിമാരെ മുറിവേൽപ്പിച്ചശേഷം ഗ്യാസ് സിലിണ്ടർ തുറന്ന് കത്തിച്ചു

കൊന്നത് സ്വർണവും പണവും മോഷ്ടിക്കുന്നത് തടഞ്ഞതിനാലാണെന്ന് പ്രതി.

0
617

ഷൊർണൂർ: കവളപ്പാറ കാരക്കാട് സഹോദരിമാരെ കൊന്നത് സ്വർണവും പണവും മോഷ്ടിക്കുന്നത് തടഞ്ഞതിനാലാണെന്ന് അറസ്റ്റിലായ പ്രതി മണികണ്ഠൻ. കവർച്ചാശ്രമം തടഞ്ഞപ്പോൾ രണ്ടുപേരെയും ഇരുമ്പുവടി കൊണ്ട് അടിച്ചു മുറിവേൽപ്പിച്ചു. പിന്നാലെ, ഗ്യാസ് സിലിണ്ടർ തുറന്ന് തീ കൊളുത്തുകയായിരുന്നുവെന്ന് മണികണ്ഠൻ പൊലീസിനോട് പറഞ്ഞു. കൊലപ്പെടുത്തിയ രീതിയും പ്രതി തെളിവെടുപ്പിനിടെ വിവരിച്ചു.

വ്യാഴാഴ്ച ഉച്ചയോടെയാണ് നീലിമലക്കുന്നിന് സമീപം മുടിഞ്ഞാറേതില്‍ തങ്കം (71), സഹോദരി പദ്മിനി (72) എന്നിവരെയാണ് വീടിനകത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ ഏറെ ദുരൂഹത ഉയർന്നിരുന്നു. സംഭവശേഷം സഹോദരിമാരുടെ വീട്ടിൽനിന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച മണികണ്ഠനെ നാട്ടുകാര്‍ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. കസ്റ്റഡിയിൽ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് തൃത്താല ഞാങ്ങാട്ടിരി മാട്ടായ കോതയത്ത് വീട്ടിൽ മണികണ്ഠൻ കുറ്റം സമ്മതിച്ചത്.

കൊലപാതകം നടത്തിയ വീട്ടിൽ മണികണ്ഠൻ നേരത്തെ പെയിന്റിങ്ങ് ജോലിക്ക് വന്നിരുന്നതായും കൊല്ലപ്പെട്ട പദ്മിനിയുടെയും തങ്കത്തിന്‍റെയും വീട്ടിൽ പണം ഉണ്ടെന്ന് മനസിലാക്കിയാണ് മോഷണത്തിന് എത്തിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. സംഭവത്തെക്കുറിച്ച്‌ പൊലീസ് പറയുന്നതിങ്ങനെ: വ്യാഴാഴ്‌ച ഉച്ചയ്‌ക്ക് മണികണ്ഠൻ പത്മിനിയുടെ വീട്ടിലെത്തി. പെയിന്റിങ് ജോലിക്ക് എത്തിയ മണികണ്ഠൻ പത്മിനിയുമായി പരിചയം പുതുക്കി.

അകത്ത് കയറിയ പ്രതി പത്മിനിയുമായി സംസാരം തുടങ്ങി. ഇതിനിടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ചു. ഇതുകണ്ട് പത്മിനി ബഹളംവച്ചു. ഇരുവരും തമ്മിൽ മൽപ്പിടിത്തമായി. ഈ സമയം മണികണ്ഠൻ കയ്യിൽ കിട്ടിയ ഇരുമ്പ് ദണ്ഡ് കൊണ്ട് പത്മിനിയെ മർദിച്ച്‌ മുറിവേൽപ്പിച്ചു. ബഹളം കേട്ട് സമീപത്തെ വീട്ടിലായിരുന്ന തങ്കം ഓടിയെത്തി. വടികൊണ്ടും ഇരുമ്പുപൈപ്പുകൊണ്ടും മണികണ്ഠനെ ഇവര്‍ അക്രമിച്ചു. സഹോദരിമാർ ചെറുക്കുന്നതിനിടെ മണികണ്ഠൻ ഇവരെ ദേഹോപദ്രവം ഏൽപ്പിച്ച് അടുക്കളയിലിരുന്ന ഗ്യാസ് സിലിണ്ടറുകളുടെ പൈപ്പ് ഊരി തീ കൊളുത്തി. ശരീരത്തിലുണ്ടായ മുറിവുകളും പൊള്ളലേറ്റതുമാണ് സഹോദരിമാരുടെ മരണകാരണമെന്ന് പാലക്കാട് എസ്‌പി ആർ ആനന്ദ് പറഞ്ഞു. മണികണ്‌ഠന്റെ തലയിലും ദേഹത്തും മുറിവുണ്ട്‌.

പ്രതിയുമായി സ്ഥലത്തെത്തി പൊലീസ് തെളിവെടുപ്പ് നടത്തി. ഷൊർണൂർ സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പ് നടത്തുന്നത്. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് പ്രദേശത്ത് വൻ പൊലീസ് സന്നാഹത്തെയും നിയോഗിച്ചിട്ടുണ്ട്. കവര്‍ന്ന സ്വര്‍ണാഭരണം മണികണ്ഠന്റെ അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചനിലയില്‍ പൊലീസ് കണ്ടെത്തി. പദ്മിനിയുടെ മൂന്നുവളകള്‍, തങ്കത്തിന്‍റെ മാല എന്നിവയാണ് കണ്ടെടുത്തത്. പൊള്ളലേറ്റതും മറ്റുള്ള രീതിയില്‍ പരിക്കേല്പിച്ചതുമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമികവിവരം. തൃത്താല സ്റ്റേഷനില്‍ മണികണ്ഠനെതിരേ ലൈംഗികാതിക്രമ കേസുണ്ട്.

 

English Summary: Shornur Kavalappara case; Accused described details to Police