മാധ്യമപ്രവർത്തകയെ ലൈംഗികമായി അധിക്ഷേപിച്ച് കോൺ​ഗ്രസ് പ്രവർത്തകർ; പിന്തുണ നൽകി നേതാക്കൾ

കോൺഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും ഞരമ്പ് രോഗം കണ്ടില്ലെന്ന് നടിച്ച് മുഖ്യധാരാ മാധ്യമങ്ങൾ.

0
467

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മാധ്യമപ്രവർത്തകയ്‌ക്കെതിരെ കോൺ​ഗ്രസ് സൈബർ സേനയുടെ ലൈംഗികാധിക്ഷേപവും തെറിവിളിയും ഭീഷണിയും. 53 കൊല്ലം ഉമ്മൻചാണ്ടി പ്രതിനിധീകരിച്ച പുതുപ്പള്ളിയിലെ വികസനമുരടിപ്പ് തുറന്നുകാട്ടിയ വാർത്തകൾ നൽകിയതിന്റെ പേരിലാണ് ടി 21 ഓൺലൈൻ ചാനൽ അവതാരക പാർവതിയെ ലൈംഗികമായി അധിക്ഷേപിച്ച് കോൺഗ്രസിന്റെ സൈബർ ഗുണ്ടാസംഘം അഴിഞ്ഞാടുന്നത്. ചാണ്ടി ഉമ്മനും യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടവും പി സി വിഷ്ണുനാഥും ഒക്കെ ചേർന്ന് നടത്തിയ കള്ളപ്രചാരണങ്ങൾ പാർവതി തെളിവ് സഹിതം പൊളിച്ചടുക്കിയിരുന്നു. കേട്ടാലറക്കുന്ന ഭാഷയിൽ തെറി വിളിച്ചും പാർവതിയുടെ ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ചുമാണ് അധിക്ഷേപം.

കോൺഗ്രസിന്റെ ഔദ്യോഗിക ഗ്രൂപ്പുകളിൽ നിന്നും പ്രൈവറ്റ് ഗ്രൂപ്പുകളിൽ നിന്നും നേതാക്കളും വാർഡ് കൗൺസിലർമാരും സാധാരണ പ്രവർത്തകരും വരെ ലൈംഗികമായി അധിക്ഷേപിച്ച് കമന്റുകൾ ഇട്ടിട്ടുണ്ട്. കൊണ്ടോട്ടി നഗരസഭാ കൗൺസിലറും യൂത്ത് കോൺഗ്രസ് നേതാവുമായ ബിബിൻലാൽ കൊട്ടുക്കര, ബിജോയ് എന്നയാൾ മോഡറേറ്ററായ ‘ഉമ്മൻ‌ചാണ്ടി അവർ ചീഫ് മിനിസ്റ്റർ’ എന്ന പ്രൈവറ്റ് ഗ്രൂപ്പിൽ വൃത്തികെട്ട തരത്തിലാണ് കമന്റുകൾ. കോൺഗ്രസ് സൈബർ വിങ്ങിന്റെ ചുമതലക്കാരനായ പി സരിന്റെ അടുത്ത അനുയായിയായ വിപിൻ യാക്കര, കെ ആർ രാജീവ് കണ്ണൂർ എന്നിവരും പാർവതിയെ ലൈംഗികമായി അധിക്ഷേപിച്ചും സ്ത്രീത്വത്തെ അവഹേളിച്ചും കമന്റുകൾ ഇട്ടിട്ടുണ്ട്.

പ്രതിപക്ഷനേതാവ് വി ഡി സതീശന്റെയും രാഹുൽ മാങ്കൂട്ടത്തിന്റെയും നാലാംകിട അനുയായികളും യൂത്ത് കോൺഗ്രസ് നേതാക്കളുമായ കായംകുളം സ്വദേശി നഹാസ് വാത്തിശ്ശേരിൽ, ആറ്റിങ്ങൽ സ്വദേശി നാഗൂരമഠം അനീഷ് ബാബു, കൊല്ലം പരവൂരിലെ കബീർ മലാസ് കബീർ മലാസ്, ബദർ സിദ്ധീഖ്, ശരൺ ജോസ്, ജി കെ ഗോപാലകൃഷ്ണൻ, ഉണ്ണി തലക്കൽ മാണിയൂർ, സിനി ജോയ്, ജോയ് മാത്യു, സജി ചാക്കോ, രാജൻ പിള്ള, കവിത സുരേഷ്, അശ്വതി റിൻസി തുടങ്ങിയവരുടെ ഐഡികളിൽ നിന്നാണ് വൃത്തികെട്ട രീതിയിൽ ലൈംഗികാധിക്ഷേപം നടത്തിയിട്ടുള്ളത്.

ഉപതെരഞ്ഞെടുപ്പ് സമയത്ത് പുതുപ്പള്ളി മണ്ഡലം സന്ദർശിച്ച് പാർവതി നിരവധി വാർത്തകൾ ചെയ്തിരുന്നു. പുതുപ്പള്ളിയുടെ വികസന മുരടിപ്പ് തെളിവ് സഹിതം തുറന്നുകാട്ടിയുള്ളതായിരുന്നു റിപ്പോർട്ടുകൾ. ഈ വീഡിയോകളുടെ പേരിലാണ് അശ്ലീല പ്രയോഗം മുതൽ എഡിറ്റ് ചെയ്ത് ഫോട്ടോ പ്രചരിപ്പിക്കൽ വരെ കോൺഗ്രസ്- യൂത്ത് കോൺഗ്രസ് നേതാക്കൾ നടത്തുന്നത്. മുഖവും വിലാസവും പ്രൊഫൈൽ പിക്ച്ചറിൽ കൈ പത്തിയുമുള്ള ഒന്നാം തരം കോൺഗ്രസ് ഐഡികളിൽ നിന്നാണ് ഈ തരംതാണതും വൃത്തികെട്ടതുമായ സൈബറാക്രമണം. കോൺഗ്രസുകാർക്ക് പുറമെ മുസ്ലിംലീഗ് അണികളും പ്രവർത്തകരും ഈ വൃത്തികേടിനോപ്പം ചേർന്നിട്ടുണ്ട്.

ലൈംഗികാധിക്ഷേപത്തിനുപുറമെ സ്ത്രീത്വത്തെയാകെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുന്നതാണ് കോൺഗ്രസുകാരുടെയും യൂത്ത് കോൺഗ്രസുകാരുടെയും ഓരോ പോസ്റ്റുകളും കമന്റുകളും. തങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പുകളിലെ അംഗങ്ങളാണെന്ന് വ്യക്തമായിട്ടും ഈ സൈബർ ഗുണ്ടകളെ കോൺഗ്രസ് നേതൃത്വമോ പി സരിനോ തള്ളിപ്പറഞ്ഞിട്ടില്ല. വിഷയം കോൺഗ്രസിന്റെ ഉന്നത നേതാവിന്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ കൊണ്ടുപോയി കേസ് കൊട് എന്നായിരുന്നു മറുപടി.

മാധ്യമങ്ങളുടെ പെരുങ്കള്ളങ്ങളും വ്യാജവാർത്തകളും വസ്തുതകൾ സഹിതം തുറന്നുകാട്ടുന്നതിനെ സൈബർ ആക്രമണമെന്ന് നിലവിളിക്കുന്ന മാധ്യമപ്രവർത്തകർ പക്ഷേ, ഒരു മാധ്യമ പ്രവർത്തക ഇത്രയേറെ അധിക്ഷേപിക്കപ്പെട്ടിട്ടും ഒരു വരി വാർത്ത കൊടുക്കാൻ തയ്യാറായിട്ടില്ല. മാത്രവുമല്ല, ഈ വിഷയം മുക്കാനാണ് ശ്രമിച്ചത്. ഫെയ്ക് ഐഡിയിൽ നിന്ന് വന്ന രണ്ട് പോസ്റ്റുകളുടെ പേരിൽ പ്രമോദ് രാമന്റെ ഭാര്യക്കെതിരെ സൈബർ ആക്രമണം എന്ന വലിയ വാർത്ത കണ്ടിരുന്നു. അച്ചു ഉമ്മന്റെ ആഡംബര ജീവിതത്തെ കുറിച്ച് ചോദിച്ചപ്പോൾ അതും സൈബർ ആക്രമണമായി. വോട്ടെണ്ണൽ ദിവസം സൈബർ കടന്നലുകൾക്ക് ഹാർട്ട് അറ്റാക്ക് എന്ന് വെണ്ടയ്ക്ക നിരത്തിയ മാതൃഭൂമിയും ഇതുവരെ ഈ അധിക്ഷേപം കണ്ടില്ലെന്ന് നടിക്കുന്നു. ചുവപ്പിനെ കാവിയാക്കുന്ന പ്രത്യേകതരം ക്യാമറയുള്ള മീഡിയവൺ വിഷയം അറിഞ്ഞിട്ടേയില്ല. ഏഷ്യാനെറ്റ് കോൺഗ്രസുകാരെ വെളുപ്പിച്ച് നടക്കുകയാണ്.

സംഭവത്തിൽ നിയമ നടപടി സ്വീകരിക്കുമെന്ന് പാർവതി പറഞ്ഞു. ശനിയാഴ്ച വൈകിട്ട് പൊലീസിലും സൈബർ പൊലീസിലും പരാതി നൽകി. അടുത്ത ദിവസം തുടർനടപടി കൈക്കൊള്ളാനാണ് തീരുമാനം.