ദേശാഭിമാനി ലേഖകന്റെ വീട്ടിൽ ആർഎസ്‌എസ്‌ ആക്രമണം; അമ്മ അടക്കം 4 പേർക്ക്‌ പരിക്ക്‌

സംഭവത്തിൽ അഞ്ച്‌ ആർഎസ്‌എസ്‌ പ്രവർത്തകരെ വഞ്ചിയൂർ പൊലീസ്‌ കസ്‌റ്റഡിയിലെടുത്തു.

0
120

തിരുവനന്തപുരം: ദേശാഭിമാനി വഞ്ചിയൂർ ഏരിയാ ലേഖകനും എസ്‌എഫ്‌ഐ ഏരിയാ സെക്രട്ടറിയുമായ സഞ്‌‌ജയ്‌ സുരേഷിന്റെ വീട്ടിൽ ആർഎസ്‌എസ്‌ ആക്രമണം. ആക്രമണത്തിൽ സഞ്‌ജയ്‌ക്കും അമ്മ ആശയ്‌ക്കും എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്റ്‌ എം എ നന്ദൻ, ഏരിയാ പ്രസിഡന്റ്‌ എസ്‌എൽ രേവന്ദ്‌ എന്നിവർക്കും പരിക്കേറ്റു.

വെള്ളിയാഴ്‌ച രാത്രി 11.30 ഓടെയാണ്‌ ആക്രമണം. സഞ്‌‌ജയും എം എ നന്ദനും രാത്രി വീട്ടിലേക്ക്‌ എത്തുമ്പോഴാണ്‌ 25 പേരോളം അടങ്ങുന്ന ആർഎസ്‌എസ്‌ ആക്രമി സംഘം വീട്ടിനുമുന്നിൽ തടഞ്ഞു നിർത്തി ആക്രമിച്ചത്‌. ശബ്‌ദം കേട്ട്‌ പുറത്തിറങ്ങിയ സഞ്‌ജയുടെ അമ്മ ആശയെയും അക്രമികൾ മർദിച്ചു. ആശയുടെ കൈയിൽ കത്തികൊണ്ട്‌ കുത്തുകയും ഹെൽമെറ്റ്‌ കൊണ്ടു മർദിക്കുകയും ചെയ്‌തു.

കമ്പിപ്പാരയും കത്തിയും ഹെൽമറ്റും ഉപയോഗിച്ചായിരുന്നു ആക്രമണം. വിവരം അറിഞ്ഞ്‌ സ്ഥലത്തെത്തിയ എസ്‌ എൽ രേവന്ദിനെയും മർദിക്കുകയായിരുന്നു. പരിക്കേറ്റ നാലു പേരും ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ അഞ്ച്‌ ആർഎസ്‌എസ്‌ പ്രവർത്തകരെ വഞ്ചിയൂർ പൊലീസ്‌ കസ്‌റ്റഡിയിലെടുത്തു.

സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി എംഎൽഎ, കർഷകസംഘം സംസ്ഥാന പ്രസിഡന്റ്‌ എം വിജയകുമാർ, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, എ എ റഹീം എംപി എന്നിവർ വിവരമറിഞ്ഞ്‌ ശനിയാഴ്‌ച രാവിലെ വീട്ടിലെത്തി.

English Summary: RSS gang attacks house of Deshabhimani correspondent and SFI Area Secretary,