‘കേരളത്തിൽ എല്ലാ തെരഞ്ഞെടുപ്പും കഴിഞ്ഞ്, ലോകം കീഴടക്കിയപോലെയാണ് യുഡിഎഫിന്റെ പ്രചാരണം’; പി എ മുഹമ്മദ് റിയാസ്

ഈ പ്രചാരണത്തിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയമുണ്ടെന്നും മന്ത്രി.

0
122

കണ്ണൂര്‍: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ വിജയം ലോകം കീഴടക്കിയ സംഭവംപോലെ വാര്‍ത്തയാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇത് അവസാനത്തെ തെരഞ്ഞെടുപ്പാണെന്നും ഇനി ഒരു തെരഞ്ഞെടുപ്പ് നടക്കാനില്ല എന്നും തോന്നലുണ്ടാക്കുന്ന വിധത്തിലാണ് പ്രചാരണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ എല്ലാ തെരഞ്ഞെടുപ്പും കഴിഞ്ഞു എന്ന രീതിയിലാണ് യുഡിഎഫ് പ്രചരിപ്പിക്കുന്നത്. അത് വലിയ വാർത്തയാക്കാനും ചിലർ മുന്നിട്ടിറങ്ങുന്നുവെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു.

ഈ പ്രചാരണത്തിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയമുണ്ട്. കേരളത്തില്‍ എല്‍ഡിഎഫ് ആകെ ദുര്‍ബലപ്പെട്ടു, സര്‍ക്കാര്‍ ആകെ പ്രയാസത്തിലാണ് എന്നൊക്കെ വരുത്തിത്തീര്‍ക്കാന്‍ ആണ് ശ്രമം. ഇത് എല്ലാ കാലത്തും ശ്രമിച്ചതാണ്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ആരൊക്കെ ഏതൊക്കെ വകുപ്പിന്റെ മന്ത്രി ആവും എന്നുള്ളതായിരുന്നു ചര്‍ച്ച. എന്നാല്‍ 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് നേടി കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു തുടര്‍ഭരണം ഉണ്ടായി. ബോധപൂർവമായ പ്രചരണമാണ് ഇപ്പോള്‍ നടക്കുന്നത്.

അതുകൊണ്ട് ഇപ്പോള്‍ നടക്കുന്നത് എല്ലാം കീഴടക്കിക്കഴിഞ്ഞു എന്ന രീതിയിലുള്ള ബോധപൂര്‍വമായ പ്രചാരണം ആണ്. അത് ഒരുകണക്കിന് നല്ലതാണ്. യുഡിഎഫില്‍ വലിയ നിലയില്‍ അഹങ്കാരവും അധികാരം പങ്കിടുന്ന ചര്‍ച്ചയും ഒക്കെ വളരും. ഞങ്ങളെ സംബന്ധിച്ച് പാര്‍ട്ടി സെക്രട്ടറി കാര്യങ്ങള്‍ വ്യക്തമാക്കികഴിഞ്ഞു. ജനവിധി ഞങ്ങള്‍ മാനിക്കുന്നു. എന്തെങ്കിലും കാര്യങ്ങള്‍ കൂടുതല്‍ പരിശോധിക്കണമോ എന്നത് വിശകലനം നടത്തും. ബാക്കി എല്ലാം പാര്‍ട്ടി നേതൃത്വം പറഞ്ഞിട്ടുണ്ട്. സെക്രട്ടറി പറഞ്ഞതിനപ്പുറം പറയുന്ന രീതി ഞങ്ങള്‍ക്കില്ല. ഇപ്പോള്‍ എല്‍ഡിഎഫ് ആകെ ദുര്‍ബലപ്പെട്ടു എന്ന രീതിയില്‍ നടത്തുന്ന പ്രചാരണം ജനം തിരിച്ചറിയും.

എൽഡിഎഫ് ദുർബലപ്പെട്ടു എന്ന് വരുത്തിത്തീർക്കാനു‍ള്ള ശ്രമം നടക്കുന്നതായും എൽ ഡി എഫ് പ്രവർത്തകർക്കിടയിൽ നിരാശ ഉണ്ടാക്കാനുള്ള തന്ത്രമാണിതെന്നും മന്ത്രി പറഞ്ഞു. വിവാദ വിഷയങ്ങളില്‍ മൗനം പാലിച്ചുവെന്ന കാര്യത്തില്‍ എന്ത് വേണമെങ്കിലും പറഞ്ഞോളുവെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.

English Summary: Minister PA Muhammad Riyas on Puthuppally byelection