പുതുപ്പള്ളി: ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മണര്‍കാട് യൂത്ത് കോൺഗ്രസ് ആക്രമണം. തെരഞ്ഞെടുപ്പിൽ വിജയിച്ച ചാണ്ടി ഉമ്മന്റെ റോഡ് ഷോയുടെ മറവിലാണ് യൂത്ത് കോൺഗ്രസുകാർ മണര്‍കാട് മാലം ജംഗ്ഷനില്‍ അഴിഞ്ഞാടിയത്. ആക്രമണത്തിൽ പരിക്കേറ്റ ഡിവൈഎഫ്ഐ മണർകാട് വെസ്റ്റ് മേഖലാ പ്രസിഡന്റ് പി എസ് വിഘ്‌നേഷ്, കമ്മറ്റി അംഗം എൽവിൻ ജേക്കബ്, ആർ ശ്രീജിത്ത്, സൂരജ് പി ദാസ് എന്നിവരെ മണർകാട് സെന്റ് മേരിസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലക്കും കൈകാലുകൾക്കുമാണ് പരിക്ക്.
ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റിനെ വീട് കയറി ആക്രമിക്കുകയായിരുന്നു. ഇതിനു തൊട്ടടുത്തുള്ള കടയും യൂത്ത് കോൺഗ്രസുകാർ അടിച്ചുതകർത്തു. ചാണ്ടി ഉമ്മന്‍ ക്ഷേത്ര ദര്‍ശനത്തിനായി മണര്‍കാട് എത്തിയിരുന്നു. തിരികെ മടങ്ങുമ്പോൾ ബൈക്കില്‍ പിന്തുടര്‍ന്ന യൂത്ത് കോൺഗ്രസുകാർ ഡിവൈഎഫ്ഐ പ്രവർത്തകരെ ആക്രമിക്കുകയായിരുന്നു. പതാക കെട്ടിയ പട്ടിക കൊണ്ടാണ് ഡിവൈഎഫ്ഐ പ്രവർത്തകരുടെ തലക്കടിച്ചത്.

യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാക്കളായ ഷാഫി പറമ്പിൽ, വി ടി ബൽറാം, രാഹുൽ മാങ്കൂട്ടത്തിൽ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ആക്രമണം. അക്രമികളെ പിന്തിരിപ്പിക്കാനെത്തിയ പൊലീസിനോട് തട്ടിക്കയറുകയായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ. ഇതുവഴി കൂടുതൽ ഡിവൈഎഫ്ഐ പ്രവർത്തകരെ ആക്രമിക്കാനുള്ള സാഹചര്യം ഒരുക്കുകയാണ് മാങ്കൂട്ടത്തിലും സംഘവും ചെയ്തത്. യൂത്ത് കോൺഗ്രസുകാർ ആക്രമിക്കുമ്പോൾ കൈയും കെട്ടി നോക്കി നിൽക്കുകയായിരുന്നു സംസ്ഥാന നേതാക്കൾ. പിന്നീട് സ്വന്തക്കാരായ മാധ്യമപ്രവർത്തകരെ വിളിച്ച് തങ്ങൾക്കെതിരെ കല്ലേറുണ്ടായി എന്ന വ്യാജവാർത്ത കൊടുപ്പിക്കുകയും ചെയ്തു.

ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ സ്ഥലത്ത് വന്‍ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. കേന്ദ്രസേനയും സ്ഥലത്തെത്തി. പ്രകോപനമില്ലാതെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തങ്ങളെ ആക്രമിക്കുകയായിരുന്നെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തിൽ അക്രമികളെ സംരക്ഷിക്കുകയായിരുന്നെന്നും ഡിവൈഎഫ്‌ഐ നേതാക്കള്‍ പറഞ്ഞു.
അക്രമത്തിന് നേതൃത്വം നൽകിയത് യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാക്കളാണെന്ന് ജെയ്ക്ക് സി തോമസ് പറഞ്ഞു. ഇരു കൂട്ടരും തമ്മിൽ സംഘർഷമുണ്ടായെന്ന വാദം തെറ്റാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റിട്ടില്ല. യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാക്കളാണ് അക്രമത്തിന് നേതൃത്വം നൽകിയത്. രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് ഗുരുതര പരിക്കേറ്റുവെന്നും നടന്നത് യൂത്ത് കോൺഗ്രസിന്റെ ഏകപക്ഷീയ അക്രമമാണെന്നും ജെയ്ക് ആരോപിച്ചു.