കല്യാണപ്പന്തല്‍ പൊളിക്കുന്നതിനിടെ മൂന്ന് തൊഴിലാളികൾ ഷോക്കേറ്റ് മരിച്ചു; മൂന്നുപേർക്ക് ഗുരുതരം

തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ ചടങ്ങിനായി ഇട്ട പന്തൽ പൊളിക്കുന്നതിനിടെയാണ് ദുരന്തം.

0
3031

ചേർത്തല: കണിച്ചുകുളങ്ങരയില്‍ കല്യാണപ്പന്തല്‍ പൊളിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്ന് തൊഴിലാളികൾ മരിച്ചു. മൂന്നുപേർക്ക് ഗുരുതരമായി പൊള്ളലേറ്റു. വെള്ളിയാഴ്ച സന്ധ്യയോടെയാണ് അപകടം. ബീഹാർ സ്വദേശികളായ ആദിത്യൻ, കാശി റാം, പശ്ചിമ ബംഗാൾ സ്വദേശി ധനഞ്ജയൻ എന്നിവരാണ് മരിച്ചത്. ബീഹാർ സ്വദേശികളായ ജാദുലാൽ, അനൂപ്, അജയൻ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ ചടങ്ങിനായി ഇട്ടിരുന്ന പന്തൽ പൊളിക്കുന്നതിനിടെയാണ് അപകടം. രണ്ട് ദിവസം മുമ്പാണ് തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹം നടന്നത്. കല്യാണത്തിന് ഇട്ടിരുന്ന പന്തൽ വെള്ളിയാഴ്ചയാണ് പൊളിച്ചു മാറ്റിയത്. പന്തൽ പൊളിക്കാൻ തൊഴിലാളികള്‍ ഉപയോഗിച്ച കമ്പി എക്‌സ്ട്രാ ഹൈടെന്‍ഷന്‍ ലൈനില്‍ തട്ടിയാണ് അപകടം ഉണ്ടായത്. സംഭവസ്ഥലത്ത് പൊലീസ് എത്തിയിട്ടുണ്ട്.