സഹതാപതരംഗം യുഡിഎഫിന് അനുകൂലമായി; എൽഡിഎഫ് അടിത്തറയിൽ ഒരു കോട്ടവും വന്നിട്ടില്ല: എം വി ഗോവിന്ദൻ

പുതുപ്പള്ളി തെരഞ്ഞെടുപ്പ്‌ ഫലം സർക്കാരിന്റെ വിലയിരുത്തലായി കാണാൻ കഴിയില്ലെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി.

0
181

തിരുവനന്തപുരം: പുതുപ്പള്ളിയിൽ യുഡിഎഫ് വിജയത്തിന് അടിസ്ഥാനം സഹതാപമാണെന്നും യുഡിഎഫിന്റെ വിജയം അംഗീകരിക്കുന്നുവെന്നും സിപിഐ എം സംസ്ഥാനസെക്രട്ടറി എം വി ​ഗോവിന്ദൻ. പുതുപ്പള്ളിയിലെ എൽഡിഎഫിന്റെ അടിത്തറയിൽ ഒരു കോട്ടവും വന്നില്ല. മരണാന്തര ചടങ്ങ് കഴിയുന്നതിന് മുമ്പ് നടന്ന ഉപതെരെഞ്ഞെടുപ്പിൽ സഹതാപമുണ്ടായെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നല്ല രീതിയിലുള്ള സഹതാപം യുഡിഎഫ്‌ വിജയത്തിന്‌ അടിസ്ഥാനമായിട്ടുണ്ട്‌. 42000 ത്തിലധികം വോട്ടുകൾ ഈ സ്ഥിതിയിലും എൽഡിഎഫ്‌ സ്ഥാനാർഥി ജെയ്‌ക്‌ സി തോമസിന്‌ നേടാനായി. പുതുപ്പള്ളിയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അടിത്തറയിൽ കാര്യമായി ഒന്നും സംഭവിച്ചിട്ടില്ല എന്ന്‌ ഇതിൽനിന്ന്‌ വ്യക്തമാണ്‌. ഇപ്രാവശ്യം ഇത്രയും വോട്ട്‌ ലഭിച്ചത്‌ എൽഡിഎഫിന്റെ നല്ല രീതിയിലുള്ള സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായിട്ടാണ്‌.

ബിജെപിക്ക്‌ വലിയ രീതിയിലുള്ള വോട്ട്‌ ചോർച്ച ഉണ്ടായിട്ടുണ്ട്‌. 19000 വരെ വോട്ട്‌ നേടിയിട്ടുള്ള മണ്ഡലത്തിൽ 6558 ആയി കുറഞ്ഞു. ബിജെപിയുടെ നല്ല ശതമാനം വോട്ട്‌ യുഡിഎഫിന്‌ പോയിട്ടുണ്ട്‌. പരാജയത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ വിലയിരുത്തലുകൾ നടത്തി ഫലപ്രദമായ കാഴ്‌ചപ്പാടുകൾ രൂപപ്പെടുത്തും. ഉമ്മൻ ചാണ്ടിയെപ്പോലെ ഒരാളുടെ മരണത്തെ തുടർന്ന്‌ നടക്കുന്ന തെരഞ്ഞെടുപ്പിൽ സഹതാപം സ്വാഭാവികമാണ്‌. വലിയ അവകാശവാദങ്ങൾ എൽഡിഎഫ്‌ പറഞ്ഞിട്ടില്ല.

തെരഞ്ഞെടുപ്പ്‌ ഫലം സർക്കാരിന്റെ വിലയിരുത്തലായി കാണാൻ കഴിയില്ല. സർക്കാരിനെതിരായ വികാരമല്ല തെരഞ്ഞെടുപ്പ്‌ ഫലം. വോട്ടുകളിൽ ഉണ്ടായ കുറവുകൾ കൃത്യമായി പരിശോധിക്കും. സഭാ വിശ്വാസികൾ യുഡിഎഫുമായി പൂർണമായി സഹകരിച്ചുവെന്ന്‌ പറയാൻ കഴിയില്ല. എൽഡിഎഫിന്‌ എല്ലാ വിഭാഗത്തിന്റേയും വോട്ട്‌ കിട്ടിയിട്ടുണ്ട്‌.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇതേ രീതിയിൽ ആയിരിക്കുമെന്നത്‌ യുഡിഎഫിന്റെ സ്വപ്‌നം മാത്രമാണ്‌. 53 വർഷം ഉമ്മൻ ചാണ്ടി ജയിച്ച മണ്ഡലത്തിൽ അദ്ദേഹത്തിന്റെ മകൻ ജയിക്കുക മാത്രമാണ്‌ ചെയ്‌തത്‌. ഉമ്മൻ ചാണ്ടിയുടെ വിജയമെന്ന ചാണ്ടിയുടെ പ്രസ്‌താവന ശരിയാണ്‌. വളരെ മാന്യമായാണ്‌ എൽഡിഎഫ്‌ തെരഞ്ഞെടുപ്പിനെ നേരിട്ടത്‌. വ്യക്തിപരമായ പ്രശ്‌നങ്ങൾ ഒന്നും ഉന്നയിച്ചിട്ടില്ല. തെരഞ്ഞെടുപ്പ്‌ ഫലം ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന സൂചനയാണ്‌ നൽകുന്നത്‌ – എം വി ഗോവിന്ദൻ പറഞ്ഞു.