തണ്ടൊടിഞ്ഞ് താമര; നിലം തൊടാതെ ബിജെപി, വോട്ട് മറിച്ചെന്നും ആരോപണം

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ചിത്രത്തിൽ പോലുമില്ലാതെ എൻഡിഎ.

0
205

കോട്ടയം: പുതുപ്പള്ളിയിൽ നിലംതൊടാതെ ബിജെപി. കെട്ടിവെച്ച കാശ് പോലും കിട്ടാത്ത അവസ്ഥയിലേക്ക് എൻ ഡി എ മാറിയെന്ന് കണക്കുകൾ തെളിയിക്കുന്നു. കഴിഞ്ഞതവണ ബിജെപി സ്ഥാനാർഥി എൻ ഹരിക്ക് ലഭിച്ചതിന്റെ പകുതി വോട്ട് പോലും നേടാൻ കഴിയാതെ ബിജെപി നാണം കെട്ടു. കൊണ്ടുപിടിച്ചുനടത്തിയ പ്രചാരണത്തിനൊടുവിൽ 6,447 വോട്ടുകൾ മാത്രമേ ബിജെപി സ്ഥാനാർഥി ലിജിൻ ലാലിന് നേടാൻ കഴിഞ്ഞുള്ളു. കഴിഞ്ഞതവണ ബിജെപി സ്ഥാനാർഥി എൻ ഹരി 11,694 വോട്ട് നേടിയിരുന്നു. ഇതാണ് നേർപകുതിയായി കുറഞ്ഞത്.

ആദ്യ മൂന്നു റൗണ്ട് പൂർത്തിയായപ്പോൾ വെറും 759 വോട്ടാണ് ബിജെപിക്ക് ആകെ കിട്ടിയത്. എട്ടാം റൗണ്ട് ആയപ്പോൾ അത് 2692 ആയി. ബിജെപിയുടെ വോട്ട് വലിയ തോതിൽ ചോർന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പുതുപ്പള്ളിയിൽ ബിജെപി യുഡിഎഫിന് വോട്ട് മറിച്ചുവിൽക്കുമെന്ന് ശക്തമായ അഭ്യൂഹം ഉണ്ടായിരുന്നു. ഇത് ശരി വെക്കുന്നതാണ് കണക്കുകൾ. വോട്ടെണ്ണല്‍ എട്ട് റൗണ്ടുകള്‍ പിന്നിടുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി ലിജിൻ ലാലിന് ആകെ നേടാനായത് 3300 വോട്ടുകള്‍ മാത്രം.

ഇത്തവണ വലിയ മുന്നേറ്റം ഉണ്ടാക്കുമെന്നും ബിജെപിയുടെ ശക്തി എന്താണെന്ന് തെളിയിക്കുമെന്നും എന്നായിരുന്നു കെ സുരേന്ദ്രനും വി മുരളീധരനും അടക്കമുള്ള നേതാക്കൾ വീമ്പിളക്കിയത്. എന്നാൽ, ചിത്രത്തിലില്ലാത്തവിധം നിഷ്പ്രഭമായി ബിജെപി. അനുദിനം വളർച്ചയുടെ പടവിൽ ആണെന്ന് പറയുന്ന ബിജെപിക്ക് സ്വന്തം വോട്ട് പോലും നിലനിർത്താൻ കഴിഞ്ഞില്ല എന്ന് സാരം.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി എൻ ഹരി 11,694 വോട്ട് നേടി. ഇത്തവണ അത് 6,447 ആയി കുത്തനെ കുറഞ്ഞു. ബാക്കി വന്ന 6703 വോട്ട് എങ്ങോട്ട് പോയി എന്നതാണ് പ്രധാന ചർച്ച. 2011ൽ ആകെ 117035 വോട്ട് പോൾ ചെയ്തപ്പോൾ ബിജെപി സ്ഥാനാർഥി പി സുനിൽകുമാറിന് 6679 വോട്ട് ലഭിച്ചു. 2016 ലെ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മുതിർന്ന നേതാവ് ജോർജ് കുര്യൻ നേടിയത് 15,993 വോട്ട്. 6.22 ശതമാനം വോട്ട് വർധിപ്പിച്ചു. മുൻ തെരഞ്ഞെടുപ്പിൽ നിന്ന് 9314 വോട്ടിന്റെ വർധന. 2021 ൽ ബിജെപി സ്ഥാനാർഥി എൻ ഹരിക്ക് കിട്ടിയത് 11,694 വോട്ട്. ഈ വോട്ട് പോലും ബിജെപിക്ക് കിട്ടിയില്ല എന്ന് മാത്രമല്ല, വലിയ തോതിൽ വോട്ട് മറിച്ചുകൊടുക്കുകയും ചെയ്തുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഉള്ള വോട്ട് പോലും നിലനിർത്താൻ കഴിയാത്തവിധം അതി ദയനീയമായി പുതുപ്പള്ളിയിൽ ബിജെപിയുടെ പ്രകടനം.