സഹതാപതരംഗം തുണച്ചു; റെക്കോർഡ്‌ ഭൂരിപക്ഷവുമായി ചാണ്ടി ഉമ്മൻ, വിജയം 37,719 വോട്ടിന്

തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത് വികാരവും സഹതാപവും, നിലം തൊടാതെ ബിജെപി.

0
175
ചാണ്ടി ഉമ്മൻ ഉമ്മൻ ചാണ്ടിയോടൊപ്പം

സഹതാപതരംഗം തുണച്ചതോടെ പുതുപ്പള്ളി നിലനിർത്തി യുഡിഎഫ്. റെക്കോർഡ് ഭൂരിപക്ഷത്തിലാണ് ചാണ്ടി ഉമ്മൻ മണ്ഡലം നിലനിർത്തിയത്. എൽഡിഎഫിലെ ജെയ്ക്ക് സി തോമസിനെ 37,719 പരാജയപ്പെടുത്തിയാണ് പിതാവിന്റെ മണ്ഡലം മകൻ ചാണ്ടി ഉമ്മൻ കോൺഗ്രസിനൊപ്പമാക്കിയത്. ഉമ്മൻചാണ്ടി 2021ൽ നേടിയ 33,323 എന്ന ഭൂരിപക്ഷമാണ് മകൻ ചാണ്ടി ഉമ്മൻ മറികടന്നത്.
വോട്ട് നില. ചാണ്ടി ഉമ്മൻ (യുഡിഎഫ്)- 80,144, ജെയ്ക്ക് സി തോമസ് (എൽഡിഎഫ്)- 42,425, ലിജിൻ ലാൽ (എൻഡിഎ)- 6,554, ലൂക്ക്‌ തോമസ്‌ (ആംആദ്‌മി പാർട്ടി) – 829.

വോട്ടെണ്ണൽ തുടങ്ങിയപ്പോൾ തന്നെ ചാണ്ടി ഉമ്മൻ ലീഡ് നേടിയിരുന്നു. ഇത് പിന്നീട് ഒരിക്കലും കുറഞ്ഞില്ല. മൂന്നു റൗണ്ട് പൂർത്തിയായതോടെ യു ഡി എഫ് വ്യക്തമായ മേധാവിത്വം പുലർത്തി. ഒരു ഘട്ടത്തിൽ പോലും ചാണ്ടി ഉമ്മൻ ലീഡ് നില വിട്ടുകൊടുത്തില്ല. ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായ മണർകാടും പാമ്പാടിയും എണ്ണിയപ്പോൾ പോലും എൽ ഡി എഫ് സ്ഥാനാർഥി ജെയ്ക്ക് സി തോമസിന് മുന്നിൽ വരാനും സാധിച്ചില്ല.

വികസനമല്ല, വികാരവും സഹതാപവുമാണ് പുതുപ്പള്ളിയിൽ പ്രതിഫലിച്ചതെന്ന് വ്യക്തമാക്കുന്നതായി ഉപതെരഞ്ഞെടുപ്പ് ഫലം. സഹതാപതരംഗം തന്നെയാണ് പുതുപ്പള്ളിയിലും വീശിയത്. ബിജെപിയുടെ നില ഏറെ പരിതാപകരമായി. ഇത്തവണ വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് നേതാക്കൾ അവകാശപ്പെട്ടിരുന്നുവെങ്കിലും നിലം തൊടാൻ പോലും കഴിഞ്ഞില്ല. മുൻ തെരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടിന്റെ പകുതി മാത്രമാണ് ഇക്കുറി ബിജെപി സ്ഥാനാർഥി ലിജിൻ ലാലിന് കിട്ടിയത്.

കോട്ടയം ബസേലിയസ് കോളേജ് ഓഡിറ്റോറിയത്തില്‍ സജ്ജമാക്കിയിട്ടുള്ള പ്രത്യേക കേന്ദ്രത്തില്‍ രാവിലെ 8.10ഓടെയാണ്‌ വോട്ടെണ്ണല്‍ ആരംഭിച്ചത്. ആകെ 20 മേശകളാണ് വോട്ടെണ്ണലിനായി തയ്യാറാക്കിയിരുന്നത്. അയർക്കുന്നം പഞ്ചായത്തിലെ 28 ബൂത്തുകളാണ് ആദ്യ രണ്ട് റൗണ്ടുകളിലായി എണ്ണിയത്. പിന്നാലെ അകലക്കുന്നം, കൂരോപ്പട, മണർകാട്, പാമ്പാടി, പുതുപ്പള്ളി, മീനടം, വാകത്താനം പഞ്ചായത്തുകളിലെയും വോട്ടുകൾ എണ്ണി. ഒമ്പതരയോടെ തന്നെ ആദ്യ ഫലസൂചന പുറത്തുവന്നിരുന്നു.

പുതുപ്പള്ളിയിൽ 74.27 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ആകെയുള്ള 1,76,412 വോട്ടർമാരിൽ 1,28,624 പേർ വോട്ട്‌ ചെയ്‌തു. മുൻ വർഷത്തേക്കാൾ 
ഒരു ശതമാനം കുറവാണിത്‌. 2021 ൽ പോളിങ്‌ 75.35 ശതമാനമായിരുന്നു. പുരുഷൻമാരുടെ വോട്ടിങ്‌ ശതമാനം 74.4 ആണ്‌. 86,131 പേരിൽ 64,084 പേർ വോട്ട്‌ രേഖപ്പെടുത്തി. സ്‌ത്രീകളുടേത്‌ 71.48 ശതമാനം. 90,277 പേരിൽ 64,538 പേർ വോട്ട്‌ ചെയ്‌തു.