എയർഹോസ്റ്റസിനെ കഴുത്തറുത്ത് കൊന്ന പ്രതി പൊലീസ് സ്റ്റേഷനിൽ തൂങ്ങിമരിച്ചു

അന്ധേരി പൊലീസ് സ്‌റ്റേഷനിലെ ശുചിമുറിയിലാണ് വിക്രം അത്‌വാളിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

0
549

മുംബൈ: എയര്‍ഹോസ്റ്റസിനെ അപ്പാര്‍ട്ട്മെന്‍റിനുള്ളില്‍ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി പൊലീസ് സ്റ്റേഷനിൽ തൂങ്ങിമരിച്ചു. അപ്പാര്‍ട്ട്മെന്‍റിലെ ഹൗസ് കീപ്പർ വിക്രം അത്‍വാളാണ് അന്ധേരി പൊലീസ് സ്‌റ്റേഷനിലെ ശുചിമുറിക്കുള്ളിൽ തൂങ്ങിമരിച്ചത്. ഇയാളെ മൂന്നു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. വെള്ളിയാഴ്ച തിരികെ കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് ആത്മഹത്യ.

ഇട്ടിരുന്ന പാന്റ്‌സ് ആണ് ഇയാള്‍ തൂങ്ങാന്‍ ഉപയോഗിച്ചത്. സബർബൻ അന്ധേരിയിലെ മരോൾ പ്രദേശത്തെ ഫ്‌ളാറ്റിൽ ഞായറാഴ്ച രാത്രിയാണ് ഛത്തീസ്ഗഢ് സ്വദേശിനിയായ രൂപാൽ ഓഗ്രെ കൊല്ലപ്പെട്ടത്. ഫോണില്‍ വിളിച്ച് കിട്ടാതായതോടെ സുഹൃത്തുക്കള്‍ അപ്പാര്‍ട്ട്മെന്‍റിലെത്തി വാതില്‍ കുത്തിത്തുറക്കുകയായിരുന്നു. അന്ധേരിയിലെ മാറോളില്‍ ടാറ്റ പവര്‍ സെന്റര്‍ ബസ് സ്റ്റേഷന് സമീപമുള്ള കൃഷന്‍ലാല്‍ മര്‍വ മാര്‍ഗിലെ എന്‍ജി കോംപ്ലക്സിലുള്ള ഫ്ളാറ്റിലായിരുന്നു കൊലപാതകം. രൂപാല്‍ ഒഗ്രേ എയര്‍ ഇന്ത്യയുടെ പരിശീലനത്തിനായി ഏപ്രിലിലാണ് മുംബൈയിലെത്തിയത്.

വെള്ളിയാഴ്ച എയര്‍ഹോസ്റ്റസുമായി വാക്കുതര്‍ക്കമുണ്ടായെന്ന് അത്‍വാള്‍ പൊലീസിൽ മൊഴി നൽകിയിരുന്നു. ജോലി ശരിയായി ചെയ്തില്ലെന്ന് പറഞ്ഞ് യുവതി ദേഷ്യപ്പെട്ടു. ഇതോടെ വൈരാഗ്യം തോന്നി. ഫ്ലഷ് ടാങ്കില്‍ ചോര്‍ച്ചയുണ്ടോയെന്ന് പരിശോധിക്കാന്‍ വന്നതാണെന്ന വ്യാജേന യുവതിയുടെ അപ്പാര്‍ട്ട്മെന്‍റിലെത്തി. പീഡിപ്പാക്കാനാണ് ഇവരുടെ ഫ്‌ളാറ്റിലേക്ക് കടന്നുകയറിയത്.

കത്തി ചൂണ്ടി നിലത്തേക്ക് തള്ളിയിട്ടെങ്കിലും യുവതി ചെറുത്തുനിന്നു. വാതില്‍ തുറന്ന് ഓടിരക്ഷപ്പെടാനും യുവതി ശ്രമിച്ചു. പ്രതിരോധിച്ചതോടെ വിക്രം അത്‌വാൾ യുവതിയുടെ കഴുത്ത് മുറിക്കുകയായിരുന്നു. ഇതിന് ശേഷം മൃതദേഹം ടോയ്‌ലെറ്റിലേക്ക് മാറ്റി വൃത്തിയാക്കിയശേഷം രക്ഷപ്പെട്ടു.

അപ്പാര്‍ട്ട്മെന്‍റിലെ സിസിടിവി ദൃശ്യങ്ങള്‍ വെച്ചാണ് പ്രതിയെ പിടികൂടിയത്. കയ്യില്‍ പരിക്കേറ്റ നിലയില്‍ യൂണിഫോമില്‍ അല്ലാതെ മറ്റൊരു വേഷത്തില്‍ അത്‍വാള്‍ പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചു. തുടർന്ന് പൊലീസ് പിടികൂടി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു.