Jawan Movie Review: അടിമുടി ഷാരൂഖ്‌ ഷോ; തെന്നിന്ത്യൻ ശൈലി വിടാതെ ആറ്റ്ലി

അച്ഛനും മകനുമായി ഇരട്ടവേഷത്തിൽ നിറഞ്ഞാടുകയാണ്‌ ഷാരൂഖ്‌. തെന്നിന്ത്യൻ സംവിധായകനും താരങ്ങളും സാങ്കേതിക പ്രവർത്താരും കിങ്‌ ഖാനൊപ്പം ചേർന്ന്‌ ബോളിവുഡിൽ ഒരുക്കിയ തെന്നിന്ത്യൻ സിനിമാ കാഴ്‌ചയാണ്‌ ജവാൻ.

0
1214

ഒരു പക്കാ മാസ്‌ മസാല സിനിമ, ഒറ്റവാക്കിൽ അതാണ്‌ ആറ്റ്‌ലി സംവിധാനം ചെയ്‌ത ഷാരൂഖ്‌ ഖാൻ ചിത്രം ജവാൻ. തമിഴകത്ത്‌ മാസ്‌ സിനിമകൾ ഒരുക്കുന്നതിൽ പ്രധാനിയായ ആറ്റ്‌ലിയുടെ ബോളിവുഡ്‌ അരങ്ങേറ്റമാണ്‌ ചിത്രം. ബോളിവുഡിലേക്ക്‌ ചേക്കേറുമ്പോഴും തന്റെ ശൈലിയായ തമിഴ്‌ മസാല വിട്ട്‌ പിടിക്കാതെയാണ്‌ ചിത്രമൊരുക്കിയിരിക്കുന്നത്‌. ആറ്റ്‌ലി-വിജയ്‌ കൂട്ടുകെട്ടിൽ സ്ഥിരമായി കാണുന്ന രീതി തന്നെയാണ്‌ ചിത്രത്തിന്റേത്‌. എന്നാൽ തമിഴിൽ നിന്ന്‌ ബോളിവുഡിലേക്ക്‌ എത്തുമ്പോൾ സിനിമയുടെ സാധ്യത കൂടുന്നു. അതിനെ ഉപയോഗിച്ച്‌ വമ്പൻ സെറ്റപ്പിലാണ്‌ സിനിമ എത്തിയത്‌. ട്രെയിലറും പാട്ടുകളും നൽകിയ സൂചന അതേപടി നിലനിർത്തുന്നതാണ് സിനിമ. പുതുമയോ ത്രിൽ കാഴ്‌ചകളോ ഇല്ലാതെ സാധാമട്ടിൽ തുടങ്ങി അതേപോലെ അവസാനിക്കുന്ന ചിത്രമാണിത്. എന്നാൽ തിയറ്ററിൽ പ്രേക്ഷക‍ർക്ക് ആഘോഷിക്കാനും സന്തോഷിക്കാനുമുള്ള വക ആറ്റ്‌ലി ഒരുക്കിവച്ചിട്ടുണ്ട്‌.

‘മാസ്‌ കാ ബാപ്പ്‌’ എന്നാണ്‌ ബോളിവുഡിന്റെ കിങ്‌ ഖാൻ അറിയപ്പെടുന്നത്‌. അതിനെ ശരിവെക്കുന്ന പ്രകടനമാണ്‌ സ്‌ക്രീനിൽ. അച്ഛനും മകനുമായി ഇരട്ടവേഷത്തിൽ നിറഞ്ഞാടുകയാണ്‌ ഷാരൂഖ്‌. അടിച്ചും ഇടിച്ചും തമാശ പറഞ്ഞും എതിരാളികൾക്കെതിരെ പഞ്ച്‌ ഡയലോ​ഗ് അടിച്ചുമെല്ലാം അടിമുടി ഷാരൂഖ്‌ ഷോയാണ്‌ ചിത്രം. തമിഴിൽ താൻ വിജയിപ്പിച്ച അതേ പാറ്റേൺ തന്നെയാണ്‌ ആറ്റ്‌ലി ബോളിവുഡിലെ ആദ്യ ശ്രമത്തിലും ഉപയോഗിച്ചത്‌. വിജയ്‌ക്ക്‌ പകരം കിങ്‌ ഖാനെ നായകനായി അവതരിപ്പിച്ചു. എന്നാൽ തന്റെ സ്വാഗും സ്റ്റൈലും ഉപയോഗിച്ച്‌ ഷാരൂഖ്‌ ജവാൻ തന്റേതായി മാറ്റുന്നുണ്ട്‌. വൈകാരിക രംഗങ്ങളിലെല്ലാം തന്റെ കയ്യൊപ്പ് ചാർത്തിയാണ്‌ ഷാരൂഖ്‌ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്‌.

അനിരുദ്ധിന്റെ തകർപ്പൻ സംഗീതവും പശ്ചാത്തല സംഗീതവും സിനിമയുടെ റേഞ്ച്‌ ഉയർത്തുന്നുണ്ട്‌. തെന്നിന്ത്യൻ സിനിമകളുടെ ശൈലി പാട്ടിലും പശ്ചാത്തല സംഗീതത്തിലുണ്ട്‌. എന്നാൽ പതിവ്‌ അനിരുദ്ധ് രീതിയിലേക്ക്‌ ഉയർന്നോയെന്ന്‌ സംശയമാണ്‌. നായികയായി ലേഡി സൂപ്പർസ്റ്റാർ നയൻതാരയാണ്‌ എത്തുന്നത്‌. കിടിലൻ സംഘടന രംഗങ്ങളടക്കം എല്ലാം ഭംഗിയായി ചെയ്‌തിട്ടുണ്ട്‌. ആക്ഷൻ സിനിമകളിൽ കാണുന്നതുപോലെ പേരിനൊരു നായികയായി നയൻതാരയുടെ കഥാപാത്രം ഒതുങ്ങിപ്പോയിട്ടില്ല. അതിനോട്‌ താരവും നീതി പുലർത്തുന്നുണ്ട്‌. വില്ലനായി വിജയ്‌ സേതുപതിയുടെ പകർന്നാട്ടം സിനിമയെ കൂടുതൽ ഭംഗിയാക്കുന്നുണ്ട്‌. ചെറുതെങ്കിലും തന്റെ വേഷം ഭംഗിയാക്കി ദീപിക പദുകോണും ജവാന്‌ പൂർണത നൽകി. പ്രിയാമണി, സാനിയ മൽഹോത്ര തുടങ്ങി നിരവധി താരങ്ങളുണ്ട്‌ സിനിമയിൽ. എല്ലാവരും തങ്ങളുടെ ഭാഗം കൃത്യമായി അവതരിപ്പിച്ചു.

പ്രേക്ഷകർക്ക്‌ കൂടുതൽ ആവേശം നൽകി സഞ്ജ്‌ ദത്ത്‌ കാമിയോ വേഷത്തിൽ എത്തുന്നുണ്ട്‌. താരം മലയാളിയായാണ്‌ അഭിനയിച്ചത്‌. സഞ്ജയ്‌ ദത്ത്‌ ‘ഓണാശംസകൾ‘ എന്ന്‌ പറയുമ്പോൾ തിയറ്റർ ഇളക്കി മറിയുന്നുണ്ട്‌. പാൻ ഇന്ത്യൻ സിനിമയായി അവതരിപ്പിക്കപ്പെട്ട ജവാൻ പ്രേക്ഷകരെ കൈയ്യിലെടുക്കാൻ നടത്തുന്ന പൊടിക്കൈകൾ വിജയം കാണുന്നുണ്ട്‌. റൂബന്റെ എഡിറ്റിങ്‌ സിനിമയുടെ ചടുലമായ താളത്തിന്‌ വേഗത നൽകുന്നതാണ്‌. ജി കെ വിഷ്‌ണുവിന്റെ ക്യാമറ സിനിമാ കാഴ്‌ചയ്‌ക്ക്‌ പൂർണ നൽകുന്നുണ്ട്.

ഇന്ത്യൻ സിനിമയെന്നാൽ ബോളിവുഡ്‌ എന്ന പഴയ പറച്ചിൽ അവസാനിപ്പിച്ചാണ്‌ പാൻ ഇന്ത്യൻ സിനിമകൾ വന്നത്‌. ഇതിന്റെ അടുത്ത പടിയായി ജവാനെ കാണാം. തെന്നിന്ത്യൻ സംവിധായകനും താരങ്ങളും സാങ്കേതിക പ്രവർത്താരും കിങ്‌ ഖാനൊപ്പം ചേർന്ന്‌ ബോളിവുഡിൽ ഒരുക്കിയ തെന്നിന്ത്യൻ സിനിമാ കാഴ്‌ചയാണ്‌ ജവാൻ. മാസ്‌ മസാല കച്ചവട സിനിമയായി നിൽക്കുമ്പോഴും സമകാലിക രാഷ്‌ട്രീയ വിഷയങ്ങൾ സിനിമയുടെ ഭാഗമായി ആറ്റ്‌ലി പറയാറുണ്ട്‌. ആ പതിവ്‌ ജവാനിലും തുടരുന്നുണ്ട്‌. കർഷകരും പട്ടാളകാരും കൊവിഡ്‌ കാലത്ത് ചികിത്സ കിട്ടാതെ വലഞ്ഞതുമെല്ലാം ജവാനിൽ കടന്ന്‌ വരുന്നുണ്ട്‌. ഇങ്ങനെ കേവലം ഒരു സിനിമയായി മാത്രം നിർത്താതെ സാമൂഹിക പ്രതിബന്ധത കൂടി വിളക്കി ചേർത്താണ്‌ ആറ്റ്‌ലിയും ഷാരൂഖും ജവാനുമായി എത്തിയത്‌. ഇതിൽ ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയായ സംവിധായകൻ ആറ്റ്‌ലിയ്‌ക്കും നിർമാതാവായ റെഡ്‌ ചില്ലീസിന്റെ ഉടമ ഷാരൂഖ്‌ ഖാനും അഭിമാനിക്കാം.