തിരുവനന്തപുരം നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലായ ഹയാത്തിൽ ദമ്പതികൾ തൂങ്ങിമരിച്ചത് കടുത്ത സാമ്പത്തിക ബാധ്യതയെത്തുടർന്ന്. കഴിഞ്ഞ പത്ത് ദിവസമായി ഈ ഹോട്ടലില്‍ താമസിച്ചുവരികയായിരുന്നു ഇരുവരും. സുഗതന്‍, ഭാര്യ സുനില എന്നിവരെയാണ് ബുധനാഴ്ച ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതകളെ തുടര്‍ന്നാണ് ഹരിപ്പാട് ചേപ്പാട് സ്വദേശികളായ സുഗതന്‍, ഭാര്യ സുനില എന്നിവർ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.
ഹോട്ടൽ മുറിയിൽ പൊലീസ് നടത്തിയ പരിശോധനയിൽ കുറിപ്പ് കണ്ടെടുത്തു. ഗർഭിണിയായ മകളെ ഉപദ്രവിക്കരുതെന്നെഴുതി വെച്ച കുറിപ്പാണ് കണ്ടെടുത്തത്. എട്ട് മാസം മുന്‍പ് ഇവരുടെ ഏകമകളുടെ വിവാഹം നടന്നത് ഇതേ ഹോട്ടലില്‍വെച്ചായിരുന്നു. വീടിന്റെ അറ്റകുറ്റപ്പണി നടക്കുന്ന കാരണം പറഞ്ഞ് കഴിഞ്ഞ മാസം 26നാണ് മകള്‍ക്കൊപ്പമെത്തി ഇരുവരും ഹോട്ടലില്‍ മുറിയെടുത്തത്. ബുധനാഴ്ച രാവിലെ വരെ മുറിയിലേക്ക് ഭക്ഷണം വരുത്തിച്ച് കഴിച്ചിരുന്നു. ഉച്ചതിരിഞ്ഞ് ഹോട്ടല്‍ ജീവനക്കാര്‍ മുറി വൃത്തിയാക്കാന്‍ എത്തിയപ്പോള്‍ വാതില്‍ തുറന്നില്ല. ഇതിനുപിന്നാലെ മകൾ മാതാപിതാക്കൾ ഫോൺ എടുക്കുന്നില്ലെന്ന് പറഞ്ഞ് ഹോട്ടൽ ജീവനക്കാരെ വിളിച്ചു. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് വസ്ത്രങ്ങള്‍ ഇടുന്ന സ്റ്റാന്‍ഡില്‍ തൂങ്ങിയ നിലയില്‍ ഇരുവരേയും കണ്ടെത്തിയത്. ഒരേ ഷാളിലാണ് ഇരുവരേയും തൂങ്ങിയ നിലയില്‍ കണ്ടത്.
മലയിന്‍കീഴ് കരിപ്പൂര്‍ നക്ഷത്ര ഗാര്‍ഡന്‍സില്‍ താമസിച്ചിരുന്ന ഇവര്‍ ജനുവരിയില്‍ വീട് വിറ്റിരുന്നു. വലിയ നഷ്ടം സഹിച്ചാണ് വീട് വിറ്റത്. തുടര്‍ന്ന് കഴക്കൂട്ടത്തും പിടിപി നഗറിലും വാടകയ്ക്ക് താമസിച്ചശേഷം പടിഞ്ഞാറേക്കോട്ടയില്‍ വീട് വാങ്ങി. ഏറെക്കാലം മസ്‌കറ്റില്‍ ജോലി നോക്കിയിരുന്ന സുഗതന്‍ തിരിച്ചെത്തി ചെന്നൈയില്‍ സ്‌പെയര്‍ പാര്‍ട്‌സ് വ്യാപാരം നടത്തിയിരുന്നു. മികച്ച സാമ്പത്തികനിലയുണ്ടായിരുന്ന സുഗതന് അടുത്തിടെയുണ്ടായ സാമ്പത്തിക പ്രശ്‌നങ്ങളാണ് മരണകാരണമെന്നാണ് പൊലീസ് പറയുന്നത്.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. നിങ്ങള്‍ ഒറ്റയ്ക്കല്ല. സഹായം തേടാം ഉടനെ. ദയവായി വിളിക്കൂ; ദിശ ഹെല്‍പ്പ്‍ലൈന്‍ – 1056 (ടോള്‍ ഫ്രീ)