പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സിദ്ധൻ അറസ്റ്റിൽ

0
2062

കൂത്തുപറമ്പ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സിദ്ധൻ അറസ്റ്റിൽ. കണ്ണൂർ കൂത്തുപറമ്പിലാണ് സംഭവം. എലിപറ്റച്ചിറയിൽ ചാത്തൻ സേവ കേന്ദ്രം നടത്തുന്ന ജയേഷാണ് പിടിയിലായത്. പെണ്‍കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം ശ്രദ്ധയില്‍പ്പെട്ടതോടെ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്. കേന്ദ്രത്തിൽ സന്ദർശകയായിരുന്ന വിദ്യാർഥിനിയെ മഠത്തിൽ വച്ച് നിരവധി തവണ പീഡിപ്പിച്ചന്ന പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ചാത്തൻസേവ നടത്തി ആളുകളെ വശീകരിക്കുന്നതായി സിദ്ധനെതിരെ ആരോപണം ഉയർന്നിരുന്നു. നേരത്തെ ഈ പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് കേന്ദ്രത്തിൽ എത്തി ഇയാളെ കസ്റ്റഡിയിൽ എടുക്കുകയും താക്കീത് നൽകി വിട്ടയയ്ക്കുകയും ചെയ്തിരുന്നു.

ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ മകളെ വശീകരിച്ചുവെന്ന പരാതിയെ തുടർന്നാണ് സിദ്ധനെ ചോദ്യം ചെയ്യാനായി അന്ന് പൊലീസ് പിടികൂടിയത്. രേഖാമൂലം പരാതി നൽകാൻ പെൺകുട്ടി വിസമ്മതിച്ചതിനാലാണ് നടപടി വൈകിയത്. കൗൺസിലിങ്ങിന് വിധേയയാക്കിയപ്പോഴാണ് പെൺകുട്ടി പീഡനവിവരം ഉൾപ്പെടെ പൊലീസിനോട് പറഞ്ഞത്.