ബൂട്ട് നക്കുന്നതും തോക്ക് കാട്ടുന്നതുമായ 2 ചിത്രങ്ങൾ ; ‘സനാതനധർമ’ വിവാദത്തിലായ ഉദയനിധി പ്രകാശനം ചെയ്ത പുസ്തകത്തിനെതിരെയും പ്രതിഷേധം

വിധവകളെ തല മുണ്ഡനം ചെയ്യാനും സതിയനുഷ്ഠിക്കാനും ‘സനാതനം’ ആവശ്യപ്പെട്ടപ്പോൾ ‘ദ്രാവിഡീയം’ വനിതകൾക്ക് ബസിൽ സൗജന്യയാത്ര കൊണ്ടുവന്നു

0
297

സനാതന ധർമത്തെ പകർച്ചവ്യാധികളോട് ഉപമിച്ച തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ അതേ ചടങ്ങിൽ പുറത്തിറക്കിയ ഒരു പുസ്തകത്തിനെതിരെയും ബിജെപി, സംഘപരിവാർ സംഘടനകളുടെ പ്രതിഷേധം. തമിഴ്‌നാട് പ്രോഗ്രസീവ് റൈറ്റേഴ്‌സ് ആർട്ടിസ്‌റ്റ് അസോസിയേഷൻ സമ്മേളനത്തിൽ ഈ മാസം 2നാണ് ഉദയനിധി വിവാദ പരാമർശങ്ങൾ നടത്തിയത്. ‘സനാതനം’ സമത്വത്തിന് എതിരാണെന്നും സമത്വപുരമാണ് (തുല്യതയുള്ള അയൽപക്കങ്ങൾ) ദ്രാവിഡ സംസ്കാരം മുന്നോട്ടു വെക്കുന്നതെന്നും ഉദയനിധി പറഞ്ഞു. കോവിഡും മലമ്പനിയും മറ്റും പരത്തുന്ന വൈറസുകളെ പോലെ തകർത്തുകളയേണ്ട ഒന്നാണ് സനാതനമെന്നും ഉദയനിധി ചൂണ്ടിക്കാട്ടി.

‘‘സനാതനമെന്നാൽ എന്താണ്? സംസ്കൃതത്തിൽ മാത്രമാണ് അതുള്ളത്. അത് സാമൂഹികനീതിക്കും സമത്വത്തിനും എതിരാണ്. ഏതു ജാതിയിൽപെട്ടവർക്കും ക്ഷേത്രത്തിൽ പൂജാരികളാകാമെന്ന നിയമം കൊണ്ടുവന്നത് നമ്മുടെ കലൈഞ്ജർ (കരുണാനിധി) ആണ്. പൂജാകർമങ്ങളിൽ പരിശീലനം പൂർത്തിയാക്കിയവരെ നമ്മുടെ മുഖ്യമന്ത്രി (എം.കെ. സ്റ്റാലിൻ) വിവിധ ക്ഷേത്രങ്ങളിൽ നിയമിച്ചു. അതാണ് ദ്രാവിഡ മാതൃക’’ -ഉദയനിധി വിശദീകരിച്ചു. വിധവകളെ തല മുണ്ഡനം ചെയ്യാനും സതിയനുഷ്ഠിക്കാനും ‘സനാതനം’ ആവശ്യപ്പെട്ടപ്പോൾ ‘ദ്രാവിഡീയം’ വനിതകൾക്ക് ബസിൽ സൗജന്യയാത്ര കൊണ്ടുവന്നെന്നും ഉദയനിധി കൂട്ടിച്ചേർത്തു.

ഇതേ ചടങ്ങിൽ ‘ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ആർഎസ്എസിന്റെ സംഭാവന’ എന്ന പുസ്തകം ഉദയനിധി പ്രകാശനം ചെയ്തിരുന്നു. വലിയ പുസ്തകമാണ് പ്രകാശനം ചെയ്തതെങ്കിലും രണ്ടു പേജ് ഒഴികെയെല്ലാം ശൂന്യമാണിതിൽ. ബൂട്ട് നക്കുന്നതും തോക്ക് കാട്ടുന്നതുമായ 2 ചിത്രങ്ങൾ മാത്രമാണു പുസ്തകത്തിലുള്ളത്. മൂന്നാമത്തെ പേജിൽ ഉദയനിധി തന്നെ മൂന്ന് വട്ടം വരക്കുകയാണ് ചെയ്തത്.

മഹാത്മാ ഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്‌സെയെയാണു തോക്ക് സൂചിപ്പിക്കുന്നതെന്നും ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന് ആർഎസ്എസ് ഒന്നും സംഭാവന ചെയ്തിട്ടില്ലെന്നു സൂചിപ്പിക്കുന്നതാണ് ശൂന്യമായ പേജുകളെന്നും ഇതിനു പിന്നിൽ പ്രവർത്തിച്ചവർ പറയുന്നു. കോൺക്ലേവ് നടത്തിയ തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്‌സ് ഫോറമാണ് പുസ്തകം പുറത്തിറക്കാനുള്ള ആശയം രൂപീകരിച്ചത്. പുസ്തകത്തെ പ്രശംസിച്ച് ഉദയനിധി സ്റ്റാലിൻ എക്സ് പ്ലാറ്റ്ഫോമിൽ കുറിപ്പ് പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

ഡെങ്കിപ്പനി, കൊതുകുകൾ, മലേറിയ, കൊറോണ വൈറസ് എന്നിവയെപ്പോലെ സനാതന ധർമത്തെയും ഉന്മൂലനം ചെയ്യണമെന്നായിരുന്നു ചടങ്ങിൽ മന്ത്രിയുടെ വാക്കുകൾ. ഇതിനെതിരെ വിവിധ സ്ഥലങ്ങളിൽ ഉദയനിധിക്കെതിരെ പരാതി ഉയർന്നു. യുപിലെ റാംപുർ പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയും ചെയ്തു.