ജന്മദിന തലേന്ന് ഒരു വമ്പൻ ബർത്‍‍ഡേ സ‍‍‍ർപ്രൈസ്; ഫെൻസിംഗ് വേഷത്തിൽ മമ്മൂട്ടി; സിനിമയോ അതോ പരസ്യമോ?

0
392

മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ പിറന്നാൾ ആണിന്ന്. ഈ അവസരത്തിൽ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ പുതിയ ചിത്രങ്ങളാണ്. ഫെൻസിങ് സ്റ്റാർ ആയാണ് അദ്ദേഹം ചിത്രത്തിലെത്തുന്നത്. ഫെൻസിങ് പോരാളിയായി അണിഞ്ഞൊരുങ്ങി നിൽക്കുന്ന ചിത്രമാണ് മമ്മൂട്ടി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഈ മേക്കോവർ സിനിമയ്ക്കു വേണ്ടിയാണോ അതോ ഏതെങ്കിലും പരസ്യത്തിനാണോ എന്നാണ് ആരാധകരുടെ ഇടയിൽ ചർച്ച.

‘തൂഷെ’ എന്ന് എഴുതിക്കൊണ്ടാണ് മമ്മൂട്ടി ഈ ചിത്രം ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പങ്കുവെച്ചിരിക്കുന്നത്. ഫെൻസിംഗിൽ എതിരാളിയുടെ നീക്കത്തെ അഭിനന്ദിക്കുന്നതിനുള്ള ഒരു വാക്കാണിത്. എന്നാൽ ചിത്രത്തോടൊപ്പം സംവിധായകൻ മാർട്ടിൻ പ്രക്കാട്ടിനേയും സെലിബ്രിറ്റി ഫോട്ടോഗ്രാഫർ ഷാനി ഷാകിയേയും ഒരു ബ്രാൻഡിനെയും ടാഗ് ചെയ്തിട്ടുമുണ്ട്.

ഇതോടെയാണ് ഏവർക്കും സംശയം ഉടലെടുത്തിരിക്കുന്നത്. മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണോ അതോ ബ്രാൻഡിന്റെ പരസ്യ ചിത്രത്തിൻറെ സ്റ്റില്ലാണോ എന്നൊക്കെയാണ് പലരും ചിത്രത്തിന് താഴെ കമൻറുകളിലൂടെ ചോദിച്ചിരിക്കുന്നത്. ഏതായാലും ജന്മദിന തലേന്ന് തന്നെ സോഷ്യൽമീഡിയയിലാകമാനം ഈ ലുക്ക് ചർച്ചയായി മാറിയിരിക്കുകയാണ്.

അതെസമയം മമ്മൂട്ടിയുടെ ആരാധക കൂട്ടായ്മയായ മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്റർനാഷണൽ ഇന്ത്യ ഉൾപ്പെടെ പതിനേഴു രാജ്യങ്ങളിലായി നടപ്പിലാക്കുന്ന രക്തദാനം ആഗസ്ത് അവസാന വാരം തന്നെ ആരംഭിക്കുമെന്ന് മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ സെക്രട്ടറി സഫീദ് മുഹമ്മദ്‌ പറഞ്ഞു. യൂ എ ഇ, കുവെയിറ്റ്, സൗദി അറേബ്യ, ഖത്തർ,ബഹറിൻ അമേരിക്ക, ആസ്‌ട്രേലിയ, ക്യനാഡ,ന്യൂസിലാൻഡ് യൂ കെ, ശ്രീലങ്ക, സിങ്കപ്പൂർ, മലേഷ്യ,ചൈന എന്നിവടങ്ങളിലെ ആരാധക കൂട്ടായ്മ ഈ ഉദ്യമത്തിന് പിന്നിൽ ഉണ്ടന്നു സഫീദ് പറഞ്ഞു.

അതേ സമയം കേരളത്തിലും രക്തദാനം വിപുലമായി നടത്തുവാനുള്ള ക്രമീകരങ്ങൾ പൂർത്തിയായതായി മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ കേരള സ്റ്റേറ്റ് കമ്മിറ്റിയും അറിയിച്ചു. പതിനാല് ജില്ലകളിലും വിവിധ കേന്ദ്രങ്ങളിലൂടെ ആയിരക്കണക്കിന് ആരാധകർ അടുത്ത ആഴ്ച്ചകളിൽ രക്തദാനം നിർവ്വഹിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് അരുൺ തിരുവനന്തപുരത്ത് പറഞ്ഞു.