പ്രതിപക്ഷ സഖ്യത്തിന് ‘ഭാരത്’ എന്ന് പേരിടണം; എന്നാലെങ്കിലും പേരുമാറ്റൽ മണ്ടത്തരം ബിജെപി അവസാനിപ്പിക്കും: പരിഹാസവുമായി ശശി തരൂർ

വിഷയത്തിൽ എല്ലാവരും ചാടിക്കയറി പ്രതികരിക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി.

0
184

ന്യൂഡൽഹി: ഭരണഘടനയില്‍ നിന്ന് ഇന്ത്യ എന്ന വാക്ക് ഒഴിവാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. പ്രതിപക്ഷ സഖ്യത്തിന് ‘ഭാരത്’ (അലൈന്‍സ് ഓഫ് ബെറ്റര്‍മെന്റ് ഹാര്‍മണി ആന്‍ഡ് റെസ്‌പോണ്‍സിബിള്‍ അഡ്വാന്‍സ്‌മെന്റ് ഫോര്‍ ടുമാറോ) എന്ന് പേരിടണമെന്ന് ശശി തരൂർ സാമൂഹ്യമാധ്യമമായ എക്‌സിൽ കുറിച്ചു. പ്രതിപക്ഷ സഖ്യത്തിന്റെ പേര് മാറ്റിയാൽ ഇന്ത്യയുടെ പേര് മാറ്റുന്ന ബുദ്ധിശൂന്യമായ കളി ഇതോടെ ബിജെപി അവസാനിപ്പിച്ചേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയെന്ന പേര് പ്രതിപക്ഷ സഖ്യം ഇട്ടതിന് പിന്നാലെയാണ് ഭാരതെന്ന പേര് മാറ്റൽ ഉണ്ടായത്. പ്രതിപക്ഷം സഖ്യത്തിന് ഭാരത് എന്ന് പേര് മാറ്റണം. ഇന്ത്യയെന്ന പേര് പ്രതിപക്ഷ സഖ്യം ഇട്ടതിന് പിന്നാലെയാണ് ഭാരതെന്ന പേര്മാറ്റൽ ഉണ്ടായതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് തരൂരിന്റെ പരിഹാസം. ഇന്ത്യയെ ‘ഭാരത്’ എന്നാക്കുന്നതിൽ ഭരണഘടനാപരമായ എതിർപ്പില്ലെന്നും ‘ഇന്ത്യ’യെ പൂര്‍ണമായും ഒഴിവാക്കാന്‍ സര്‍ക്കാര്‍ അത്ര വിഡ്ഢികളല്ലെന്നാണ് താന്‍ കരുതുന്നതെന്നും കഴിഞ്ഞ ദിവസം ശശി തരൂർ പ്രതികരിച്ചിരുന്നു.

അതിനിടെ, വിഷയത്തിൽ എല്ലാവരും ചാടിക്കയറി പ്രതികരിക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി നിർദ്ദേശിച്ചിട്ടുണ്ട്. വിവാദത്തില്‍ പരസ്യമായി പ്രതികരിക്കേണ്ടതില്ലെന്ന് കേന്ദ്രമന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ത്യ ഒഴിവാക്കി ഭാരത് ആക്കുമെന്നത് പ്രചാരണം മാത്രമെന്നാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം. പ്രതിപക്ഷം അഭ്യൂഹം പരത്തുകയാണ്. ഭാരതിനോട് കോൺഗ്രസിന് അസഹിഷ്ണുതയെന്നും കേന്ദ്രമന്ത്രി അനുരാ​ഗ് ഠാക്കൂർ കുറ്റപ്പെടുത്തി.

ജി20 ഉച്ചകോടിക്കെത്തുന്ന രാഷ്ട്രനേതാക്കൾക്കു രാഷ്ട്രപതി നൽകുന്ന വിരുന്നിനുള്ള ക്ഷണക്കത്തിൽ ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്നു പ്രയോഗിച്ചതോടെയാണ് പേരുമാറ്റം സംബന്ധിച്ച വിവാദം തുടങ്ങിയത്.