ഇപ്പോഴും ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുണ്ട്; മൂന്ന് മാസത്തിനു ശേഷം വീണ്ടും സർജറി: മഹേഷ് കുഞ്ഞുമോൻ

തിരിച്ചു വരണമെന്ന ആ​ഗ്രഹംകൊണ്ടാണ് ജയിലർ വീഡിയോ ചെയ്തതെന്ന് മഹേഷ് കുഞ്ഞുമോൻ പറയുന്നു.

0
369

അപകടം നിമിത്തമുള്ള പരിക്കുകൾ തരണം ചെയ്തെങ്കിലും ഇപ്പോഴും ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് മിമിക്രി താരം മഹേഷ് കുഞ്ഞുമോൻ. മൂന്ന് മാസം കഴിഞ്ഞാൻ ഇനിയൊരു സർജറികൂടി ഉണ്ടെന്ന് താരം പറയുന്നു. മിമിക്രി ഇപ്പോഴും പ്രാക്ടീസ് ചെയ്യാറുണ്ട്. അപകടത്തെക്കുറിച്ച് ഓർക്കാൻ തന്നെ ആ​ഗ്രഹിക്കുന്നില്ലെന്ന് താരം വ്യക്തമാക്കി.

അപകടത്തെക്കുറിച്ച് അറിയുന്നതുതന്നെ ആംബുലൻസിൽ വെച്ചാണ്. ഇടയ്ക്ക് ഉണർന്നപ്പോൾ മുഖം നീരുവെച്ച് വീർത്തിരുന്നു. എന്താണ് സംഭവിച്ചതെന്ന് എനിക്ക് അറിയില്ലായിരുന്നു. അവയെല്ലാം കഴിഞ്ഞ കാര്യങ്ങളാണ്- മഹേഷ് കുഞ്ഞുമോൻ പറഞ്ഞു.

ജയിലർ ഇറങ്ങിയപ്പോൾ തന്നെ പോയി കണ്ടു. മൂന്നുവട്ടം കണ്ടശേഷമാണ് ഞാൻ വീഡിയോ ചെയ്തത്. നേരത്തെ ഒറ്റ ടേക്കിൽ എടുക്കാൻ കഴിയുമായിരുന്നു. എന്നാൽ അപകടശേഷം കുറച്ച് സമയം എടുത്താണ് ചെയ്യുന്നത്- ഓൺലൈൻ മാധ്യമമായ ക്യൂവിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എനിക്ക് അനുകരിക്കാൻ പറ്റുന്ന താരങ്ങളെ കണ്ടെത്തുന്നത് ചേട്ടനാണ്. അദ്ദേഹമാണ് എന്റെ റോൾമോഡൽ. മിമിക്രിയിലേക്കുള്ള എന്റെ വാതിൽ തുറക്കുന്നത് ചേട്ടനാണ്. അപകടം സംഭവിച്ചപ്പോൾ ഏറെ ദുഃഖിച്ചത് ചേട്ടനാണ്. മൂന്ന് ദിവസത്തോളം എടുത്താണ് ജയിലറിലെ വീഡിയോ എടുത്തത്. ശാരീരിക ബുദ്ധിമുട്ടുകളാണ് തടസമായത്. ശ്വസിക്കാൻ ഇപ്പോഴും പ്രയാസമുണ്ട്.

ഞാൻ റെഡിയായി എന്നു കരുതി നിരവധിപ്പേരാണ് എന്നെ പരിപാടികൾക്ക് വിളിക്കുന്നത്. സ്റ്റേജിൽ നിന്നുകൊണ്ട് പരിപാടി അവതരിപ്പിക്കാൻ പാടാണ്. ഒരു ഡയലോ​ഗ് പറയാൻ തന്നെ ഏറെ സമയം എടുക്കും. തിരിച്ചു വരണമെന്ന ആ​ഗ്രഹംകൊണ്ടാണ് ജയിലർ വീഡിയോ ചെയ്തതെന്ന് മഹേഷ് കുഞ്ഞുമോൻ പറയുന്നു.