യുപിയിൽ ദളിത് പെൺകുട്ടിയെ ബിജെപി നേതാവ് ബലാത്സംഗം ചെയ്തു; തടഞ്ഞ പിതാവിനെ തല്ലിക്കൊന്നു

ബിജെപി ന്യൂനപക്ഷ മോർച്ച നേതാവിനെതിരെ പോക്സോ, കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി.

0
143

ലക്‌നൗ: ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത് തടഞ്ഞ പിതാവിനെ ബിജെപി നേതാവ് തല്ലിക്കൊന്നു. സംഭവത്തിൽ ബിജെപി ന്യൂനപക്ഷ മോർച്ച നേതാവിനെതിരെ പൊലീസ് കേസെടുത്തു. മഹാരാജ് ഗഞ്ച് ജില്ലയിലെ സദാർ കോട്വാലി ജില്ലയിലാണ് നടുക്കുന്ന സംഭവം. ബിജെപി ന്യൂനപക്ഷ മോർച്ച മഹാരാജ് ഗഞ്ച് ജില്ലാ നേതാവ് മസൂം റാസ റാഹിക്കെതിരെയാണ് പോക്സോ, കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിരിക്കുന്നത്. സാദത് കോട്വാലി പൊലീസാണ് കേസെടുത്തത്.

17കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ആഗസ്ത് 28നായിരുന്നു കേസിനാസ്പദമായ സംഭവം. അമ്മ മരിച്ചശേഷം പെൺകുട്ടിയും പിതാവും മൂന്ന് സഹോദരിമാരും സഹോദരനും റാഹയുടെ വീട്ടിൽ വാടകക്ക് താമസിച്ചുവരികയായിരുന്നു. പെൺകുട്ടിയെ ബലാത്സംഗം ചെയ്യുന്നതുകണ്ട് തടയാനെത്തിയ പിതാവിനെ മസൂം റാസ റാഹി അതിക്രൂരമായി മർദിച്ചു. പരിക്കേറ്റ പിതാവ് ചികിത്സയിലിരിക്കെ മരിച്ചു. പോക്സോയ്ക്ക് പുറമേ ബലാത്സം​ഗം, കൊലപാതകം എന്നീ വകുപ്പുകളും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.