‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്‌’; ലക്ഷ്യം അധികാര കേന്ദ്രീകരണം

0
893

‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്‌’ എന്ന അജൻഡ മോദി സർക്കാർ സജീവമാക്കുന്നത്‌ സംഘപരിവാറിന്റെ അമിതാധികാര പ്രവണതയുടെ ഭാഗമായി. ലോക്‌സഭാ–- നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒന്നിച്ച്‌ നടത്തുന്നതിന്‌ ആവശ്യമായ മാനദണ്ഡങ്ങൾക്ക്‌ രൂപമായിട്ടില്ലെങ്കിലും പരമാവധി സംസ്ഥാനങ്ങളിൽ അധികാരം നിയന്ത്രിക്കുകയെന്ന ബിജെപിയുടെ ലക്ഷ്യം ഇപ്പോഴത്തെ നീക്കങ്ങൾക്ക്‌ പിന്നിലുണ്ട്‌.

ലോക്‌സഭയ്ക്കും നിയമസഭകൾക്കും കൃത്യമായ അഞ്ചുവർഷ കാലാവധി ഏർപ്പെടുത്താനാകും മോദി സർക്കാർ ശ്രമിക്കുക. ഏതെങ്കിലും പാർടിക്ക്‌ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ ഏറ്റവും വലിയ ഒറ്റകക്ഷിക്ക്‌ സർക്കാർ രൂപീകരണത്തിന്‌ അവസരമൊരുക്കും. സംസ്ഥാനങ്ങളിൽ തൂക്കുസഭയുണ്ടാകുന്ന സാഹചര്യത്തിൽ രാഷ്ട്രപതി ഭരണത്തിനുള്ള വ്യവസ്ഥയുണ്ടാകും. ഇതുവഴി പരമാവധി സംസ്ഥാനങ്ങളിൽ സ്വാധീനം ഉറപ്പിക്കാൻ കേന്ദ്രം ഭരിക്കുന്ന പാർടിക്ക്‌ അവസരമൊരുങ്ങും.

ലോക്‌സഭാ–- നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒറ്റഘട്ടമായി സാധ്യമായില്ലെങ്കിൽ രണ്ട്‌ ഘട്ടമായി നടത്തുന്നതിനെക്കുറിച്ചും ആലോചനയുണ്ടാകും. ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം പകുതി സംസ്ഥാനങ്ങളിലേക്ക്‌ ഒരു ഘട്ടത്തിലും ശേഷിക്കുന്ന സംസ്ഥാനങ്ങൾ മറ്റൊരു ഘട്ടത്തിലുമായി നടത്താനാകും ശ്രമിക്കുക. അഞ്ച്‌ സംസ്ഥാന നിയമസഭകളിലേക്ക്‌ ഈ വർഷം തെരഞ്ഞെടുപ്പ്‌ നടക്കാനുണ്ട്‌. അടുത്ത വർഷം ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നാല്‌ സംസ്ഥാനങ്ങളിലേക്കും അടുത്ത വർഷം അവസാനത്തിൽ മൂന്ന്‌ സംസ്ഥാനങ്ങളിലേക്കും തെരഞ്ഞെടുപ്പുണ്ട്‌. ഈ വർഷത്തെയും അടുത്ത വർഷത്തെയും തെരഞ്ഞെടുപ്പുകൾ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം ഒന്നിച്ചുനടത്തുന്നതിനെക്കുറിച്ച്‌ സർക്കാർ ആലോചിക്കും.

മധ്യപ്രദേശ്‌, ഹരിയാന, മഹാരാഷ്ട്ര എന്നീ എൻഡിഎ ഭരണസംസ്ഥാനങ്ങളിൽ ഈ വർഷവും അടുത്ത വർഷവുമായി തെരഞ്ഞെടുപ്പുണ്ട്‌. മൂന്ന്‌ സംസ്ഥാനങ്ങളിലും ഭരണകക്ഷിയെന്ന നിലയിൽ ബിജെപിയുടെ നില പരുങ്ങലിലാണ്‌. കർണാടകയ്ക്ക്‌ പിന്നാലെ ഈ സംസ്ഥാനങ്ങൾ കൂടി നഷ്ടപ്പെടുന്ന സാഹചര്യം ബിജെപിക്ക്‌ ദേശീയതലത്തിൽ തിരിച്ചടിയാകും. അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം ഈ സംസ്ഥാനങ്ങളിലേക്ക്‌ കൂടി തെരഞ്ഞെടുപ്പ്‌ നടന്നാൽ ധ്രുവീകരണ രാഷ്ട്രീയം ദേശീയതലത്തിൽ ശക്തമാക്കി ഭരണവിരുദ്ധ വികാരം മറികടക്കാമെന്നാണ്‌ ബിജെപിയുടെ പ്രതീക്ഷ.