പരമഹംസയുടെ വധഭീഷണിയെ പുച്ഛിച്ചുതള്ളി ഉദയനിധി സ്റ്റാലിൻ; 10 കോടിക്കു പകരം ഒരു ചീർപ്പ് മതിയെന്ന് പരിഹാസം

ജാതിയുടെ അടിസ്ഥാനത്തിൽ ജനങ്ങളെ വേർതിരിക്കുന്നതിനെയാണ് താൻ ചോദ്യം ചെയ്യുന്നതെന്ന് ഉദയനിധി സ്റ്റാലിൻ പറഞ്ഞു.

0
278
ഉദയനിധി സ്റ്റാലിൻ

ചെന്നൈ: സനാതന ധർമത്തെ പകർച്ചവ്യാധിയുമായി ഉപമിച്ചതിനെത്തുടർന്ന് ഉയർന്ന വധഭീഷണിയെ പുച്ഛിച്ചുതള്ളി തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ. സനാതന ധർമ്മത്തെക്കുറിച്ച് സംസാരിച്ചതിന് എന്റെ തലവെട്ടുന്നവർക്ക് 10 കോടി രൂപയാണ് ഒരാൾ പ്രഖ്യാപിച്ചത്. എന്നാൽ അതിന് വെറും 10 രൂപയുടെ ചീർപ്പ് മതിയാകുമെന്ന് ഉദയനിധി പരിഹസിച്ചു.

ഇത്തരം ഭീഷണികളൊന്നും തങ്ങളെ സംബന്ധിച്ച് പുതിയതല്ല. ഞങ്ങൾ ഇത്തരം ഭീഷണികളിൽ ഭയപ്പെടുന്നവരുമല്ല. തമിഴ്നാടിനു വേണ്ടി സ്വന്തം ശിരസ്സ് റെയിൽവേ ട്രാക്കിൽ വെയ്ക്കാൻ മടിക്കാതിരുന്ന ഒരു കലാകാരന്റെ കൊച്ചുമകനാണ് ഞാൻ- ഉദയനിധി സ്റ്റാലിൻ പറഞ്ഞു.

തന്റെ പ്രസ്താവന ഒരു മതത്തിനും എതിരെയല്ല. ജാതിയുടെ അടിസ്ഥാനത്തിൽ ജനങ്ങളെ വേർതിരിക്കുന്നതിനെയാണ് താൻ ചോദ്യം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിലപാടിൽ നിന്നും പിന്നോട്ടില്ല. ഭീഷണികണ്ട് തളരില്ലെന്നും ഉദയനിധി വ്യക്തമാക്കി.

സനാതന ധർമ്മത്തിനെതിരെ സംസാരിച്ച ഉദയനിധി സ്റ്റാലിന്റെ തലവെട്ടുന്നവർക്ക് 10 കോടി രൂപ പ്രതിഫലം നൽകുമെന്നായിരുന്നു ഉത്തർപ്രദേശിൽ നിന്നുള്ള പരമഹംസ ആചാര്യയുടെ പ്രഖ്യാപനം. മന്ത്രിയുടെ ചിത്രം വാളിൽ കോർത്ത് കത്തിച്ച ശേഷമായിരുന്നു ഇയാൾ ഭീഷണിയുമായി രം​ഗത്തെത്തിയത്.

ഉദയനിധി സ്റ്റാലിന്റെ ശിരസ് ഛേദിച്ച് അതുമായി തന്റെ പക്കൽ വരുന്നവർക്ക് 10 കോടി രൂപ നൽകും. അതിന് ആരും തയ്യാറാകുന്നില്ലെങ്കിൽ ഞാൻ തന്നെ അയാളെ കണ്ടെത്തി കൊലപ്പെടുത്തും- അയോധ്യയിലെ തപസ്വി ചാവ്‌നി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ കൂടിയായ പരമഹംസ ആചാര്യ പറഞ്ഞു.

അതേസമയം ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധവുമായി ബിജെപിയും സംഘപരിവാർ സംഘടനകളും രം​ഗത്തെത്തി. മന്ത്രിക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ​ഗവർണർ ആർ എൻ രവിക്ക് ബിജെപി കത്ത് നൽകിയിട്ടുണ്ട്.

തമിഴ്നാട് പ്രൊ​ഗ്രസീവ് റൈറ്റേഴ്സ് ആർട്ടിസ്റ്റ് അസോസിയേഷൻ സമ്മേളനത്തിലാണ് വിവാദത്തിനിടയാക്കിയ പ്രസ്താവന ഉദയനിധി സ്റ്റാലിൻ നടത്തിയത്. ഡെങ്കിപ്പനി, കൊതുകുകൾ, മലേറിയ, കൊറോണ വൈറസ് എന്നിവയെപ്പോലെ സനാതന ധർമത്തെയും ഉന്മൂലനം ചെയ്യണമെന്നായിരുന്നു ഉദയനിധിയുടെ പരാമർശം.