ആലുവ കൊലപാതകം; കുട്ടിയുടെ ചിത്രം പ്രചരിപ്പിക്കുന്നവർ കുടുങ്ങും, പോക്സോ വകുപ്പിൽ അകത്താകും

0
66

ആലുവയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട കുട്ടിയുടെ ചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ വിമര്‍ശനവുമായി കോടതി. ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി വേണമെന്ന് എറണാകുളം പോക്‌സോ കോടതി നിർദ്ദേശിച്ചു. ചിത്രം നീക്കം ചെയ്യണമെന്നും കോടതി പറഞ്ഞു. പ്രതിയുടെ ചിത്രം പുറത്തുവന്നതിനെയും കോടതി വിമര്‍ശിച്ചു.

ആലുവയിൽ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ പേരോ ചിത്രമോ വെളിപ്പെടുത്തുന്നത് പോക്സോ നിയമപ്രകാരം കുറ്റകരമാണെന്ന് എറണാകുളം റൂറൽ പൊലീസ് അറിയിച്ചു. കുട്ടിയുടെ പേര്, ചിത്രം, തിരിച്ചറിയൽ സൂചന എന്നിവ ദൃശ്യ-പത്രമാധ്യമങ്ങൾ വഴിയോ സമൂഹ മാധ്യമങ്ങൾ വഴിയോ പ്രചരിപ്പിക്കുന്നതും പ്രദർശിപ്പിക്കുന്നതും പോക്സോ വകുപ്പുകൾ പ്രകാരം കുറ്റകൃത്യമാണ്. പ്രസിദ്ധപ്പെടുത്തിയവ കാലവിളംബമില്ലാതെ നീക്കണമെന്നും പൊലീസ് നിർദ്ദേശിച്ചു.

അതിനിടെ, പ്രതി അസ്ഫാഖ് ആലമിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പത്ത് ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. ആഗസ്റ്റ് പത്തിന് രാവിലെ 11 മണിക്ക് കോടതിയില്‍ ഹാജരാക്കണമെന്ന് എറണാകുളം പ്രത്യേക പോക്‌സോ കോടതി നിര്‍ദേശിച്ചു. പ്രതിയെ 10 ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്. പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ പറഞ്ഞു.