Wednesday
17 December 2025
29.8 C
Kerala
HomeIndia14 ദിവസം പൊലീസ് എന്ത് ചെയ്തു, എഫ്ഐആർ എവിടെ?; മണിപ്പുർ വിഷയത്തിൽ സർക്കാരിനോട് ചോദ്യമുന്നയിച്ച് സുപ്രീംകോടതി

14 ദിവസം പൊലീസ് എന്ത് ചെയ്തു, എഫ്ഐആർ എവിടെ?; മണിപ്പുർ വിഷയത്തിൽ സർക്കാരിനോട് ചോദ്യമുന്നയിച്ച് സുപ്രീംകോടതി

മണിപ്പൂരിൽ കുക്കി വിഭാഗത്തിൽപ്പെട്ട രണ്ട് സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തി കൂട്ടബലാത്സംഗം ചെയ്ത കേസിൽ സർക്കാരിനോട് ചോദ്യങ്ങൾ ചോദിച്ച് സുപ്രീംകോടതി. സംഭവം കഴിഞ്ഞിട്ടുള്ള പതിനാല് ദിവസം പൊലീസ് എന്തുചെയ്യുകയായിരുന്നു? എഫ്ഐആര്‍ രജിസ്റ്റർ ചെയ്യാൻ വൈകിയത് എന്തുകൊണ്ടാണെന്നും എഫ്ഐ ആർ രജിസ്റ്റർ ചെയ്യാൻ 14 ദിവസം എടുത്തത് എന്തുകൊണ്ടെന്നും എഫ്ഐആറിന്‍റെ കണക്ക് എവിടെ എന്നും സുപ്രീംകോടതി ചോദിച്ചു.

സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ എല്ലാ ഭാഗങ്ങളിലും നടക്കുന്നുണ്ട് എന്നത് വസ്തുതയാണ്. അത്കൊണ്ട് മണിപ്പൂരിൽ നടക്കുന്ന അക്രമങ്ങൾ ക്ഷമിക്കാനാവില്ല. മണിപ്പൂരിനെ നമ്മൾ എങ്ങനെ കൈകാര്യം ചെയ്യും എന്നതാണ് ചോദ്യം. ഇന്ത്യയിലെ എല്ലാ പെൺമക്കളെയും സംരക്ഷിക്കുക എന്നാണോ അതോ ആരെയും സംരക്ഷിക്കരുത് എന്നാണോ എന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ചോദിച്ചു. ആറ് ചോദ്യങ്ങൾക്കുള്ള ഉത്തരം നാളെ തന്നെ അറിയിക്കണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി നിർദ്ദേശിച്ചു.

കേസുകളുടെ എണ്ണം‌, സീറോ എഫ്ഐആറുകളുടെ എണ്ണം, അധികാരപരിധിയിലുള്ള സ്റ്റേഷനിലേക്ക് എത്രപേരെ മാറ്റി, നാളിതുവരെ എത്രപേരെ അറസ്റ്റ് ചെയ്തു, അറസ്റ്റിലായ പ്രതികൾക്കുള്ള നിയമസഹായത്തിന്റെ അവസ്ഥ, ഇതുവരെ എത്ര സെക്ഷൻ 164 മൊഴികൾ രേഖപ്പെടുത്തി എന്നെ ചോദ്യങ്ങൾക്കാണ് ഉത്തരം നൽകേണ്ടത്.

തങ്ങള്‍ക്കെതിരെ നടന്ന അതിക്രമത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐയ്ക്കു വിടുന്നതിനെ എതിര്‍ത്ത് മണിപ്പൂരില്‍ നഗ്നപരേഡിനും കൂട്ട ബലാത്സംഗത്തിനും ഇരയായ രണ്ടു സ്ത്രീകള്‍ നൽകിയ ഹർജിയിലാണ് സുപ്രീംകോടതി ചോദ്യമുന്നയിച്ചത്. വിചാരണ അസമിലേക്കു മാറ്റുന്നതിനെയും സ്ത്രീകള്‍ എതിര്‍ത്തു.

മണിപ്പൂരിലെ സംഭവം ഒറ്റപ്പെട്ടതല്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. ആക്രമണത്തിനിരയായ യുവതികളുടെ ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം പറഞ്ഞത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കൈകാര്യം ചെയ്യാൻ പ്രത്യേക സംവിധാനം വേണമെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂരില്‍ നടക്കുന്ന അക്രമങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലും നടക്കുന്നുണ്ടെന്ന് ആരോപിച്ച് അതിനെ ന്യായീകരിക്കാനും നിസാരവൽക്കരിക്കാനും കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടതായി “ലൈവ് ലോ” റിപ്പോർട്ട് ചെയ്തു. വംശീയ വിദ്വേഷത്താല്‍ സ്ത്രീകളെ ആക്രമിച്ച സംഭവമാണ് ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത്.

ബംഗാളിലും സ്ത്രീകള്‍ക്കെതിരെ അക്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് പറഞ്ഞ് മണിപ്പൂരിലെ സംഭവത്തെ നിസാരമായി കാണാൻ കഴിയില്ല. രാഷ്ട്രീയലാഭത്തിനായി ഇതിനെ ഉപയോഗിക്കരുത്. മണിപ്പൂരിലെയും ബംഗാളിലെയും രാഷ്ട്രീയ സാഹചര്യം വ്യത്യസ്തമാണ്. മണിപ്പൂര്‍ കലാപത്തില്‍ എന്ത് നിര്‍ദേശമാണ് കേന്ദ്രത്തിന് ഇനി മുന്നോട്ടുവെക്കാനുള്ളതെന്നും ചീഫ് ജസ്റ്റിസ് ആരാഞ്ഞു-  “ബാർ ആൻഡ് ബെഞ്ച്” റിപ്പോർട്ട് ചെയ്തു.

സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച് പകർത്തിയ വീഡിയോയെ ഭീകരമാണെന്ന് ബെഞ്ചിലെ മറ്റംഗങ്ങളായ ജസ്റ്റിസ് ജെ ബി പര്‍ദിവാലയും ജസ്റ്റിസ് മനോജ് മിശ്രയും നിരീക്ഷിച്ചു.

അതിജീവിതമാർക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആണ് ഹാജരായത്. അക്രമികൾക്ക് പൊലീസ് എല്ലാ സഹകരണവും ചെയ്തതിനു തെളിവുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ത്രീകൾ സഹായം ചോദിച്ചുചെന്നപ്പോൾ ആൾക്കൂട്ടത്തിനിടയിലേക്ക് എറിഞ്ഞുകൊടുക്കുകയാണ് പൊലീസ് ചെയ്തതെന്നും കപിൽ സിബൽ പറഞ്ഞു.

വിഡിയോയിൽ പുറത്തുവന്നവർ മാത്രമല്ല ലൈംഗികമായി ആക്രമിക്കപ്പെട്ടതെന്നു മുതിർന്ന അഭിഭാഷക ഇന്ദിരാ ജെയ്‌സിങ്ങും ചൂണ്ടിക്കാട്ടി. നിരവധി സ്ത്രീകൾ ലൈംഗികാതിക്രമത്തിനിരയായതിന് വ്യക്തമായ തെളിവുകളുണ്ടെന്നും അവർ പറഞ്ഞു. മണിപ്പൂരില്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തുന്നതിനോട് എതിര്‍പ്പില്ലെന്നു കേന്ദ്രസര്‍ക്കാരിനു വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു.

RELATED ARTICLES

Most Popular

Recent Comments