ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ ഇന്ത്യൻ ടീം കളിക്കും; കേന്ദ്രം അനുമതി നൽകി

0
207

ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ ഇന്ത്യൻ പുരുഷ, വനിതാ ടീമുകളെ അയക്കാൻ കേന്ദ്രം അനുമതി നൽകി. ഗെയിംസിന് ടീമിനെ അയക്കണമെന്ന ആവശ്യവുമായി പരിശീലകൻ ഇഗോർ സ്റ്റിമാച് പ്രധാനമന്ത്രിയ്ക്ക് കത്തയച്ചിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് കായിക മന്ത്രാലയത്തിൻ്റെ നടപടി. കായികമന്ത്രി അനുരാഗ് താക്കൂർ ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഏഷ്യയിലെ മികച്ച 8 ടീമുകളിൽ ഒന്നാണെങ്കിൽ മാത്രമെ ഏത് ഇനമായാലും ഏഷ്യൻ ഗെയിംസിന് അയക്കേണ്ടതുള്ളൂ എന്നാണ് കായിക മന്ത്രാലയത്തിന്റെ മാനദണ്ഡം. ഇതിൽ വരാത്തതിനാൽ ആണ് ഇന്ത്യൻ ഫുട്ബോൾ ടീമിന് തുടർച്ചയായി രണ്ടാം തവണയും ഏഷ്യൻ ഗെയിംസ് നഷ്ടമാകുന്ന സ്ഥിതിയുണ്ടായിരുന്നത്. എന്നാൽ, ഈ മാനദണ്ഡം മാറ്റിനിർത്തിയാണ് കേന്ദ്ര സർക്കാർ ടീമിന് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ അനുമതി നൽകിയത്.

“ബഹുമാനപ്പെട്ട പ്രധാനമന്ത്രിയോട് ഒരു എളിയ അഭ്യർത്ഥന, ദയവായി ഇന്ത്യൻ ഫുട്ബോൾ ടീമിനെ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ അനുവദിക്കൂ. നമ്മുടെ രാജ്യത്തിന്റെ അഭിമാനത്തിനും ത്രിവർണ്ണ പതാകയ്ക്കും വേണ്ടി ഞങ്ങൾക്ക് പോരാടണം! ജയ് ഹിന്ദ്!”- മോദിക്ക് എഴുതിയ കത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ഇഗോർ സ്റ്റിമാക് ട്വിറ്ററിൽ കുറിച്ചു. ഇന്ത്യൻ ഫുട്ബോളിനെ കാര്യമായി പിന്തുണച്ച സർക്കാരാണ് മോദി സർക്കാർ. യുവതാരങ്ങളെ കണ്ടെത്തുന്നതിന് സർക്കാർ വൻ നിക്ഷേപവും നടത്തിയിട്ടുണ്ട്. ഈ പിന്തുണ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കത്തിൽ പറഞ്ഞു.