ബിഹാറിലെ ഒരു സർക്കാർ സ്‌കൂളിലെ പ്രധാനാധ്യാപകൻ, പൊതുവിജ്ഞാന ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ പാടുപെടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. വീഡിയോ വൈറലായതോടെ അദ്ദേഹം പഠിപ്പിക്കുന്ന വിദ്യാർത്ഥികളുടെ ഭാവിയെക്കുറിച്ച് ആശങ്ക ഉന്നയിച്ചിരിക്കുകയാണ് ആളുകൾ.
ബീഹാറിലെ ജാമുയി ജില്ലയിലെ ഖൈറ സബ്ഡിവിഷനിൽ സ്ഥിതി ചെയ്യുന്ന നിം നവാദ ഗ്രാമത്തിലാണ് സംഭവം നടന്നത്. സ്‌കൂളിലെ പ്രധാനാധ്യാപകനായ ദശരത് യാദവിനോടാണ് ചോദ്യം ചോദിക്കുന്നത്. വീഡിയോയിൽ, അദ്ദേഹത്തോട് ലളിതമായ പൊതുവിജ്ഞാന ചോദ്യങ്ങളാണ് ചോദിക്കുന്നത്. എന്നാൽ ഒന്നിനും ശരിയായ ഉത്തരം നൽകാൻ അദ്ദേഹത്തിന് സാധിക്കുന്നില്ല. പാട്‌ന ഒരു സംസ്ഥാനമാണ്, അതിന്റെ തലസ്ഥാനം ബിഹാർ ആണ് എന്നായിരുന്നു ഒരു ചോദ്യത്തിനുള്ള പ്രധാനാധ്യാപകന്റെ മറുപടി.
എന്നാൽ അതേ സ്‌കൂളിലെ എട്ടാം ക്ലാസിലെ കുട്ടികൾ ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം നൽകുന്നത് വീഡിയോയിൽ കാണാം. പ്രധാനാധ്യാപകനോട് ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും അവർ ആത്മവിശ്വാസത്തോടെ ഉത്തരം നൽകി, അവരുടെ അദ്ധ്യാപകനേക്കാൾ പൊതുവിജ്ഞാനം കുട്ടികൾക്കുണ്ടെന്ന് വീഡിയോയിൽ നിന്ന് വ്യക്തമാണ്. വീഡിയോ വൈറലായതോടെ ബീഹാറിലെ സർക്കാർ സ്‌കൂളുകളിലെ വിദ്യാഭ്യാസനിലവാരം ജനങ്ങൾക്കിടയിൽ ആശങ്ക ഉയർത്തിയിരിക്കുകയാണ്.
സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകളിലെ വിദ്യാഭ്യാസ സമ്പ്രദായം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ കുറച്ചുകാലമായി നടക്കുന്നുണ്ട്. എന്നാൽ ഈ വീഡിയോ ഇതിന്റെ പ്രാധാന്യം എത്രത്തോളമാണെന്ന് വെളിപ്പെടുത്തുകയാണ്. വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിനായി വിദ്യാഭ്യാസ വകുപ്പ് ചീഫ് സെക്രട്ടറി കെ.കെ പഥക് അടുത്തിടെ നിരവധി പുതിയതും കർശനവുമായ നടപടികൾ നടപ്പിലാക്കിയിരുന്നു. അധ്യാപകരുടെ വിദ്യാഭ്യാസവും വിദ്യാഭ്യാസ വകുപ്പിന് വലിയ വെല്ലുവിളിയാണ്.
വീഡിയോ വൈറലായതോടെ ഇത്രയും വിവരമില്ലാത്ത ഒരു അധ്യാപകനെ എന്തിനാണ് ഒരു സ്‌കൂളിന്റെ പ്രധാനാധ്യാപകനായി നിയമിച്ചത് എന്ന ചോദ്യങ്ങളാണ് ഉയരുന്നത്. അതേസമയം, ശരിയായ മൂല്യനിർണ്ണയ പരീക്ഷകളിലൂടെ മെറിറ്റിനെ അടിസ്ഥാനമാക്കി അധ്യാപകരെ തിരഞ്ഞെടുക്കുന്നതിന് ഊന്നൽ നൽകുന്നതാണ്, സംസ്ഥാനത്ത് കഴിഞ്ഞ വർഷം ആരംഭിച്ച ഏറ്റവും പുതിയ വിദ്യാഭ്യാസ നയം.
ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നതിനായി പ്രധാനാധ്യാപകൻ പാടുപെടുമ്പോൾ, എട്ടാം ക്ലാസിലെ ശന്തനു കുമാർ എന്ന വിദ്യാർത്ഥി ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം നൽകുന്നത് വീഡിയോയിൽ കാണാം. ശന്തനുവിന് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളുടേയും പേരുകളും അവയുടെ തലസ്ഥാനങ്ങളും അറിയാമെന്നു മാത്രമല്ല, കേന്ദ്രഭരണ പ്രദേശങ്ങളെ കുറിച്ച് നല്ല അറിവും ഉണ്ട്. ശന്തനുവിന്റെ അറിവ് വിദ്യാർത്ഥികളുടെ കഴിവിനെയും ബുദ്ധിയെയുമാണ് ഓർമ്മപ്പെടുത്തുന്നത്. അവർക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസവും പഠിപ്പിക്കാൻ യോഗ്യതയുള്ള അധ്യാപകരെയും ഉറപ്പാക്കാൻ അധികൃതരെ പ്രേരിപ്പിക്കുന്നതാണ് ഈ വീഡിയോ.
അധ്യാപക യോഗ്യത മുതൽ ക്ലാസിൽ അറിവ് പകർന്നു നൽകുന്നതുവരെയുള്ള വിദ്യാഭ്യാസ സമ്പ്രദായത്തിലെ അസമത്വങ്ങൾ പരിഹരിക്കേണ്ടതിന്റെ അടിയന്തര പ്രാധാന്യം ഈ സംഭവം എടുത്തുകാട്ടുന്നു.