ഫാറ്റി ലിവർ ചില്ലറക്കാരനല്ല; എന്താണ് ഫാറ്റി ലിവർ? എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം?

0
357

പ്രഷര്‍, ഷുഗര്‍, കൊളസ്‌ട്രോള്‍ എന്നീ പ്രശ്നങ്ങളില്‍ ഏതെങ്കിലും ഒന്ന് ഉയര്‍ന്ന നിലയില്‍ ഇല്ലാത്തവര്‍ ഇന്ന് വളരെ വിരളമായിരിയ്ക്കും. എന്നാല്‍ ഇപ്പോള്‍ അവര്‍ക്കിടെയിലേയ്ക്ക് കടന്നു ചെന്നിരിയ്ക്കുന്ന നാലാമനാണ് ഫാറ്റി ലിവർ.

ഫാറ്റി ലിവർ പലരെയും അലട്ടുന്ന പ്രശ്നമാണ് എങ്കിലും ആരും അത് അത്ര കാര്യമാക്കാറില്ല. ഫാറ്റി ലിവർ വ്യാപകവും ആശങ്കാജനകവുമായ ഒരു അവസ്ഥയാണ് എന്നാണ് മെഡിക്കല്‍ സയന്‍സ് പറയുന്നത്. ഇത് സമീപ വർഷങ്ങളിൽ കൂടുതൽ സാധാരണമായി മാറുകയും വ്യക്തിയുടെ ആരോഗ്യത്തിന് കാര്യമായ ദോഷങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നതായാണ് പഠനങ്ങള്‍ പറയുന്നത്.

എന്താണ് ഫാറ്റി ലിവർ? (What is Fatty Liver?)

കരൾ കോശങ്ങൾക്കുള്ളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന ഒരു സാധാരണവും എന്നാല്‍, ആശങ്കാജനകവുമായ അവസ്ഥയാണ് ഫാറ്റി ലിവർ. ഇത് ഒരു ജീവിത ശൈലീ രോഗമാണ്. ഈ അവസ്ഥ അടുത്ത കാലത്തായി സാധാരണമായി മാറിയിട്ടുണ്ട്. ഫാറ്റി ലിവര്‍ എല്ലാവരിലും പ്രശ്നങ്ങള്‍ ഉണ്ടാക്കാറില്ല. എന്നാല്‍, ചിലരില്‍ ഇത് കരള്‍ കോശങ്ങള്‍ക്ക് തകരാര്‍ വരുത്തുകയും നീര്‍ക്കെട്ട് ഉണ്ടാവുകയും ചെയ്യും. അത് പിന്നീട് ലിവര്‍ സിറോസിസ് പോലുള്ള രോഗങ്ങളിലേക്ക് നയിയ്ക്കും.

ഫാറ്റി ലിവര്‍ ഉണ്ടാവുന്നതിനുള്ള പ്രധാന കാരണങ്ങള്‍ എന്തൊക്കെയാണ്?

1. അമിത ശരീരഭാരം

ഒരു വ്യക്തിക്ക് അമിത ശരീരഭാരം ഉള്ളപ്പോള്‍ അവരുടെ ശരീരത്തില്‍ കൊഴുപ്പ് വർദ്ധിക്കുകയും അധിക കൊഴുപ്പ് കരളിൽ അടിഞ്ഞുകൂടുകയും ചെയ്യും. കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഫാറ്റി ലിവര്‍ എന്ന രോഗാവസ്ഥയിലേയ്ക്ക് നയിയ്ക്കും.

2. മോശം ഭക്ഷണക്രമം.

അനാരോഗ്യകരമായ കൊഴുപ്പുകളും ധാരാളം പഞ്ചസാര ചേർന്നതും സംസ്കരിച്ച ഭക്ഷണവും ഫാറ്റി ലിവര്‍ ഉണ്ടാകുന്നതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു. അമിതമായ കലോറി ഉപഭോഗവും അവശ്യ പോഷകങ്ങളുടെ അഭാവവും കൊഴുപ്പിനെ എരിയിയ്ക്കാനുള്ള കരളിന്‍റെ കഴിവിനെ ബാധിക്കും. ഇത് കരൾ കോശങ്ങൾക്കുള്ളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിന് ഇടയാക്കുന്നു.

3. അമിതമായ മദ്യപാനം

മദ്യപാനം ഫാറ്റി ലിവറിന് കാരണമാകുന്ന ഒന്നാണ്. അമിതമായ മദ്യപാനം ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (AFLD) ലേക്ക് നയിക്കും. മിതമായ അളവിൽ മദ്യം കഴിക്കുന്നത് പോലും കരളിന് ഹാനികരമാണ്.

4. അനിയന്ത്രിതമായ പ്രമേഹം

നിങ്ങൾ ഒരു പ്രമേഹ രോഗിയാണെങ്കിൽ, പ്രമേഹത്തെ നന്നായി നിയന്ത്രിക്കുന്നില്ലെങ്കിൽ, രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വർദ്ധിക്കാം. ഇത് ഫാറ്റി ലിവറിന്‍റെ സാധ്യത വളരെയധികം വർദ്ധിപ്പിക്കുന്നു.

5. മെറ്റബോളിക് സിൻഡ്രോം

അമിതവണ്ണം, ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന പഞ്ചസാരയുടെ അളവ്, അസാധാരണമായ ലിപിഡ് പ്രൊഫൈലുകൾ എന്നിവ ഉൾപ്പെടുന്ന ഒരു കൂട്ടം അവസ്ഥയാണ് മെറ്റബോളിക് സിൻഡ്രോം. മെറ്റബോളിക് സിൻഡ്രോം ഉള്ള ആളുകൾക്ക് ഫാറ്റി ലിവർ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഫാറ്റി ലിവര്‍ ചികിത്സിച്ച് മാറ്റുവാന്‍ സാധിക്കുമോ?

ആരോഗ്യ വിദഗ്ധര്‍ പറയുന്നതനുസരിച്ച് ഫാറ്റി ലിവര്‍ മരുന്നുകള്‍കൊണ്ട് ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കില്ല. ചിട്ടയായ പോഷക സമ്പന്നമായ ഭക്ഷണക്രമം ഒന്ന് കൊണ്ട് മാത്രമേ ഫാറ്റി ലിവര്‍ ഭേദപ്പെടുത്താന്‍ സാധിക്കൂ.

ഫാറ്റി ലിവര്‍ രോഗാവസ്ഥ ഉള്ളവര്‍ ഭക്ഷണ കാര്യത്തില്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം?

ഫാറ്റി ലിവര്‍ രോഗാവസ്ഥ ഉള്ളവര്‍ മധുരമുള്ള ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. കൂടാതെ, കൊഴുപ്പ് നിറഞ്ഞ ഭക്ഷണങ്ങളും ഒഴിവാക്കണം. മദ്യപാനം പൂര്‍ണ്ണമായും ഒഴിവാക്കാം. എണ്ണയിലുള്ള ഭക്ഷണങ്ങൾ പരമാവധി ഉപേക്ഷിക്കാന്‍ ശ്രദ്ധിക്കുക. സ്വയം ചികിത്സ ആപത്താണ്. അനാവശ്യമായി മരുന്നുകള്‍ കഴിയ്ക്കുന്നത് ഒഴിവാക്കുക. പ്രത്യേകിച്ചും വേദന സംഹാരികള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. സോഫ്റ്റ്‌ ഡ്രിങ്ക്സ് കുടിക്കുന്നത് പൂര്‍ണ്ണമായും ഒഴിവാക്കുക.