മുദ്രാവാക്യം വിളിച്ച് അലങ്കോലപ്പെടുത്താൻ ആദ്യ ശ്രമം; പിന്നീട് മൈക്കിന് പ്രശ്നം, ഉമ്മൻ ചാണ്ടി അനുസ്മരണ യോ​ഗത്തിൽ സംഭവിച്ചത്

0
181

കെപിസിസി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണത്തിൽ നടന്നത് കോൺഗ്രസ് യുവതുർക്കികളുടെ കുത്തിത്തിരിപ്പാണെന്ന് തെളിയുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ അനുസ്മരണ പരിപാടിയിലേക്ക് ക്ഷണിക്കുന്നതിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഉൾപ്പെടെ നീരസമുണ്ടായിരുന്നു. എ കെ ആന്റണി, കെസി വേണുഗോപാൽ എന്നിവരുടെ നിർബന്ധമാണ് അങ്ങനെയൊരു തീരുമാനം കൈകൊള്ളാനും പിന്നീട് പ്രതിപക്ഷ നേതാവുതന്നെ മുഖ്യമന്ത്രിയെ പരിപാടിയിലേക്ക് ക്ഷണിക്കാനും കാരണമായത്. എന്നാൽ കോൺഗ്രസിലെ യുവതുർക്കികൾ പരസ്യമായി തന്നെ മുഖ്യമന്ത്രിയുടെ വരവിനെ അപഹസിക്കാനും പരിഹസിക്കാനുമാണ് ശ്രമിച്ചത്.
കെപിസിസി ഐടി സെല്ലിന്റെ ചുമതല വഹിക്കുന്ന പി സരിൻ, മാത്യു കുഴൽനാടൻ എംഎൽഎ എന്നിവരുടെ മാധ്യമ ഇടപെടലുകൾ ഇതുമായി കൂട്ടിവായിക്കണം.

അനുസ്മരണ പരിപാടിയിലേക്ക് പോകാൻ മുഖ്യമന്ത്രി തീരുമാനിച്ചത് ഉന്നതമായ രാഷ്ട്രീയ ബോധ്യത്തിന്റെ അടിസ്‌ഥാനത്തിലാണ്. എന്നാൽ പ്രകോപനത്തിനുള്ള ശ്രമങ്ങളാണ് അയ്യങ്കാളി ഹാളിൽ ഉടനീളമുണ്ടായത്. മുഖ്യമന്ത്രി പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ മുദ്രാവാക്യങ്ങളുമായാണ് കോൺഗ്രസ് യുവതുർക്കികൾ എതിരേറ്റത്. നേരത്തെ വിമാനത്തിൽ വെച്ച് പ്രതിഷേധം എന്ന പേരിൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻ യൂത്ത് കോൺഗ്രസ് നടത്തിയ ശ്രമത്തിനു എല്ലാ പിന്തുണയും നൽകിയ വി ടി ബലറാമും പരസ്യമായി മുദ്രാവാക്യം വിളിക്കുന്നവരെ പ്രോത്സാഹിപ്പിച്ചിരുന്നു. മൈക്ക് തകരാറിലായാൽ മുഖ്യമന്ത്രി പ്രതികരിക്കുമെന്നും അത് മുതലാക്കാൻ എന്നുമായിരുന്നു യുവതുർക്കികളുടെ ലക്‌ഷ്യം. മുഖ്യമന്ത്രിയെ പ്രകോപിതനാക്കി മൈക്കിലൂടെ അദ്ദേഹത്തെക്കൊണ്ട് വല്ലതും പറയിപ്പിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് വ്യക്തമായിരുന്നു.

“ഉമ്മൻ ചാണ്ടി അനുസ്മരണ ചടങ്ങിൽ കോൺഗ്രസ് പ്രവർത്തകരോട് രോഷം കൊണ്ട് മുഖ്യമന്ത്രി” എന്ന വാർത്ത സൃഷ്ടിക്കാനുള്ള വ്യഗ്രതയായിരുന്നു ചില കോൺഗ്രസ്സ് നേതാക്കൾക്ക്. ഏറെനേരം മുഖ്യമന്ത്രിക്ക് മൈക്കിന് മുന്നിൽ കാത്തുനിൽക്കേണ്ടി വന്നെങ്കിലും ആ പ്രകോപനത്തിൽ മുഖ്യമന്ത്രി വീണില്ലെന്ന് കണ്ടപ്പോൾ അദ്ദേഹത്തിന്റെ സംസാരമദ്ധ്യേ സൗണ്ട് സിസ്റ്റത്തിൽ കുഴപ്പം സൃഷ്ടിക്കാനായി പിന്നീട് ശ്രമം. മുഖ്യമന്ത്രി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ മാത്രം മൈക്ക് നിലച്ചുപോയത് സംശയസ്പദമാണ്. എന്നാൽ അതിലും പ്രകോപിതനാവാതെ മുഖ്യമന്ത്രി പ്രസംഗം തുടരുകയായിരുന്നു.

സദസ്സിൽ ഉണ്ടായിരുന്ന ചില കെഎസ്യു പ്രവർത്തകർ മൈക്ക് കേബിൾ വലിച്ചൂരിയതാണെന്നാണ് പോലീസിന് കിട്ടിയ വിവരം. ഇതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ പ്രസംഗം കുറച്ചു നേരം വീണ്ടും തടസ്സപ്പെടുകയുണ്ടായി. വലിയ ഒരു ശബ്ദത്തോടെയാണ് മൈക്ക് ഓഫായത്. ഷോർട്ട് സർക്യൂട്ട് സാധ്യത പോലും ഉണ്ടാവാൻ ഇടയുള്ള ഇത്തരം സന്ദർഭങ്ങളിൽ മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള പൊലീസിന് സ്വാഭാവിക നടപടി ക്രമത്തിന്റ ഭാഗമായി മൈക്ക് ഓപ്പറേറ്ററെ ചോദ്യം ചെയ്യേണ്ടി വരും. അതുമാത്രമാണ് ഇതുസംബന്ധിച്ച് നടന്നിട്ടുള്ളത്. ഇത്‌ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശപ്രകാരമല്ല. സുരക്ഷാ വീഴ്ചയുടെ കാര്യത്തിൽ ആരുടെയും പേര് രേഖപ്പെടുത്താത്ത എഫ്ഐആർ ആണ് ഈ വിഷയത്തിൽ എടുത്തിട്ടുള്ളത്. അത് സ്വാഭാവിക നടപടിക്രമം മാത്രമാണ്. ഈ വിഷയത്തിൽ മാധ്യമങ്ങളുടെ ബഹളം അസ്ഥാനത്തുള്ളതാണ്.

കെപിസിസി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ പ്രസംഗം തടസ്സപ്പെടുത്താൻ നടന്നത് ആസൂത്രിത നീക്കമെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ആംപ്ലിഫയറിൽ നിന്ന് മൈക്കിലേക്കുള്ള കേബിൾ ബോധപൂർവം ചവിട്ടിപ്പിടിച്ചെന്ന് വിലയിരുത്തൽ. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തിൽ പ്രവർത്തിച്ചുവെന്നാണ് എഫ്ഐആറിലുള്ളത്. എന്നാൽ എഫ്ഐആറിൽ ആരെയും പ്രതിയാക്കിയിട്ടില്ല. എന്നിട്ടും കേസ് എടുത്തു എന്നൊക്കെ പറഞ്ഞ് വിഷയത്തെ വക്രീകരിച്ച് കൊണ്ടുപോകാനാണ് കോൺഗ്രസ് നേതാക്കൾ ശ്രമിക്കുന്നത്.

അതേസമയം, ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ സംസാരിക്കുന്നതിനിടെ മൈക്ക് തകരാറിലായതില്‍ കേസെടുത്ത നടപടിയില്‍ ഇടപെട്ട് മുഖ്യമന്ത്രി. സുരക്ഷാ പരിശോധനയല്ലാതെ മറ്റൊരു നടപടിയും പാടില്ലെന്ന് മുഖ്യമന്ത്രി പൊലീസിന് നിര്‍ദേശം നല്‍കി.