ബൽറാമിന്റെ ക്ഷമാപണ നാടകം; നാണം കെട്ട് കോൺഗ്രസ്

0
99

മാധ്യമശ്രദ്ധ കിട്ടാനും വാർത്തകളിൽ നിറഞ്ഞുനിൽക്കാനും ഏത് നിലവാരത്തിലേക്കും തരം താഴുമെന്ന് ദിവസേന തെളിയിക്കുകയാണ് വി ടി ബൽറാം. കെപിസിസി വൈസ് പ്രസിഡന്റായിട്ടും തൃത്താലയിലെ വീട്ടുകാർക്കിപ്പുറം കോൺഗ്രസുകാർ പോലും ബലറാമിനെ ഇപ്പോൾ തീരെ മൈൻഡ്‌ ചെയ്യാറില്ല. പറഞ്ഞ ഒരു കാര്യത്തിലും ഉറച്ചുനിൽക്കാത്ത ബൽറാമിന്റെ ജൽപ്പനങ്ങൾ എല്ലാം പച്ചക്കള്ളങ്ങൾ ആണെന്ന് തിരിഞ്ഞതോടെയാണ് കോൺഗ്രസുകാർ തന്നെ കൈ വിട്ടത്. എന്നാൽ, ഇതെല്ലം മറികടക്കാൻ പുതിയ നമ്പറുകളുമായി ഇപ്പോൾ രംഗത്തുവരികയാണ് ബലറാം.

ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നതിനിടെ മൈക്ക് തകരാറിലാക്കി കുത്തിത്തിരിപ്പുണ്ടാക്കാൻ
ശ്രമിച്ചത് ബൽറാം അടക്കമുള്ളവർ ആണെന്ന് പുറത്തുവന്നിട്ടുണ്ട്. ഇതിനിടയിലാണ് പുതിയ നമ്പറുമായി ബൽറാമിന്റെ രംഗപ്രവേശം. ഉമ്മൻ‌ചാണ്ടി അനുസ്മരണത്തിൽ പങ്കെടുത്ത ഒരതിഥി കാരണം മൈക്ക് ഓപ്പറേറ്റര്‍ക്കുണ്ടായ അസൗകര്യത്തില്‍ ക്ഷമ ചോദിക്കുന്നുവെന്ന് നാലാംകിട പ്രതികരണവുമായാണ് വി ടി ബല്‍റാം രംഗത്തുവന്നത്. ഉപകരണങ്ങള്‍ ദിവസക്കൂലിക്ക് വാടകക്ക് കൊടുത്ത് ഉപജീവനം നടത്തുന്നയാള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അദ്ദേഹത്തിനുണ്ടായ സാമ്പത്തിക നഷ്ടത്തിനും മാനസികവ്യഥക്കും പരിഹാരം കാണാന്‍ കൂടെയുണ്ടാവുമെന്നും വരെ ബല്‍റാം പറഞ്ഞുവെച്ചു. ബൽറാമിന്റെ “കാരുണ്യം നിറഞ്ഞ പ്രതികരണത്തെയും മഹാമനസ്ക്കതയെയും” വാഴ്ത്തി ചില മാധ്യമങ്ങളും ഒപ്പം ചേർന്നിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നതിനിടെ മൈക്ക് തകരാറായ സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിയിരുന്നു. എന്നാൽ, ആരെയും പ്രതി ചേർത്തിരുന്നില്ല എന്ന് മാധ്യമങ്ങൾക്കും കോൺഗ്രസ് നേതാക്കൾക്കും വ്യക്തമായി അറിയാം. വിഷയത്തിൽ പരിശോധനയില്ലാതെ മറ്റൊരു നടപടിയും ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി നേരിട്ട് നിർദ്ദേശിക്കുകയും ചെയ്തു. എന്നിട്ടും വസ്തുതയിൽ നിന്നും ശ്രദ്ധ മാറ്റി വ്യാജക്കഥകൾ വാർത്തകളാക്കി നിറഞ്ഞുനിൽക്കാനാണ് ബൽറാമും ശ്രമിച്ചത്.

ഉന്നതമായ രാഷ്ട്രീയ ബോധ്യത്തിന്റെ അടിസ്‌ഥാനത്തിലാണ് മുഖ്യമന്ത്രി അനുസ്മരണത്തിൽ പങ്കെടുത്തത്. ഇതോടെ ചടങ്ങിന്റെ എല്ലാ ശ്രദ്ധയും കോൺഗ്രസ് നേതാക്കളിൽ നിന്നും മാറി മുഖ്യമന്ത്രിയിലേക്കായി. ഉമ്മൻ‌ചാണ്ടി അനുസ്‌മരത്തിൽ സർക്കാരിനെയും മുഖ്യമന്ത്രിയെയും രണ്ട് ഭള്ളു പറയാമെന്നു കരുതി ഒരുങ്ങി വന്ന വി ഡി സതീശനും കെ സുധാകരനുമൊക്കെ ഒന്നും പറയാനുമായില്ല. മാത്രമല്ല, പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡന്റുമൊക്കെ ചടങ്ങിൽ തീരെ അപ്രസക്തരുമായി. മുഖ്യമന്ത്രിയുടെ നടപടിയെ രാഷ്ട്രീയകേരളം ഒന്നടങ്കം ആദരിക്കുകയും ആ നിലപാടിനെ അനുമോദിക്കുകയും ചെയ്തു. ഇതിൽ വിറളി പൂണ്ടാണ് ഇപ്പോഴത്തെ ഓരോരോ അഭ്യാസങ്ങൾ ബാലരാമന്മാർ എടുത്തിട്ടത്.
കെപിസിസി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ പ്രസംഗം തടസ്സപ്പെടുത്താൻ നടന്നത് ആസൂത്രിത നീക്കമെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ആംപ്ലിഫയറിൽ നിന്ന് മൈക്കിലേക്കുള്ള കേബിൾ ബോധപൂർവം ചവിട്ടിപ്പിടിച്ചെന്ന് വിലയിരുത്തൽ. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തിൽ പ്രവർത്തിച്ചുവെന്നാണ് എഫ്ഐആറിലുള്ളത്. എന്നാൽ എഫ്ഐആറിൽ ആരെയും പ്രതിയാക്കിയിട്ടില്ല. എന്നിട്ടും കേസ് എടുത്തു എന്നൊക്കെ പറഞ്ഞുള്ള ദീന രോദനമാണ് കോൺഗ്രസ് നേതാക്കൾ നടത്തുന്നത്.

സാധാരണഗതിയിൽ വിഐപി പരിപാടിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാറില്ലെന്നും അങ്ങനെ സംഭവിച്ചതിനാൽ മാത്രം പൊലീസ് സ്വമേധയാ അന്വേഷിച്ചതാണെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞിട്ടുണ്ട്. ഇലക്ട്രിക്കല്‍ വിംഗ് പരിശോധന നടത്തിയശേഷം മൈക്ക് ഉപകരണങ്ങള്‍ ഉടമക്ക് തിരിച്ചു നല്‍കി. പരിശോധനയുടെ ഭാഗമായി എടുത്ത കേസ് മാത്രമാണിതെന്നും അതില്‍ അസ്വാഭാവികത ഇല്ലെന്നും പൊലീസ് തന്നെ അറിയിച്ചിട്ടുണ്ട്. വസ്തുതകൾ ഇതായിരിക്കെയാണ് “ക്ഷമാപണ നാടകവുമായി” ബലരാമന്റെ രംഗപ്രവേശം. ബൽറാമിന്റെയും ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടെയും നാണം കെട്ട കളിയെ പരിഹസിച്ച് വലിയ വിഭാഗം പ്രവർത്തകർ തന്നെ രംഗത്തുവന്നിട്ടുണ്ട്. മൈക്കുടമക്കുണ്ടായ സാമ്പത്തിക നഷ്ടം കൊടുക്കുമെന്നൊക്കെ പറയുന്ന ബലരാമന്റെ വിശദീകരണം കേട്ട് കോൺഗ്രസ് പ്രവർത്തകർ മൂക്കത്ത് വിരൽ വെക്കുകയാണ്.