മുട്ടിൽ മരംകൊള്ള; ഏതാണ് ശരി, മുതലാളിമാരെ വെളുപ്പിക്കാൻ മാധ്യമപ്രവർത്തകർ നേരിട്ടിറങ്ങുമ്പോൾ

0
250

“പ്രമുഖ മാധ്യമപ്രവർത്തകൻ” അരുൺകുമാറിന്റെയും റിപ്പോർട്ടർ ചാനലിന്റെ “പ്രത്യേക അന്വേഷണസംഘത്തിന്റെയും” ഇപ്പോഴത്തെ വാദഗതി അനുസരിച്ച് മുട്ടിൽ മരം കൊള്ളയെപ്പറ്റി നേരത്തെ വാർത്ത കൊടുത്ത മാധ്യമങ്ങൾ പറഞ്ഞത് വെറും കള്ളം എന്നതാണല്ലോ. അരുൺകുമാർ തന്നെയാണ് ഓഗ്മെന്റ് റിയാലിറ്റി വഴി കേരളത്തിലെ വീരപ്പന്മാരുടെ വനംകൊള്ള പുറത്തുകൊണ്ടുവരുന്ന തരത്തിൽ വാർത്ത കൊടുത്തതും. റിപ്പോർട്ടറിൽ ഇപ്പോൾ തലപ്പത്തിരിക്കുന്ന സ്‌മൃതിയും സുജയ പാർവതിയുമൊക്കെ മറ്റു ചാനലുകളിൽ ജോലി ചെയ്തപ്പോൾ മണിക്കൂറുകളോളം ഈ വീരപ്പന്മാരെപ്പറ്റി ച‍ർച്ച ചെയ്തിരുന്നു. അന്നൊന്നും കാണാത്ത ആവേശം എന്തേ ഇപ്പോൾ എന്ന് ചോദിച്ചാൽ ഉത്തരം ലളിതമാണ്. കിട്ടുന്ന കൂലിക്ക് മുതലാളിയെ വെളുപ്പിക്കാനുള്ള ശ്രമമാണിത്. ഓഗ്‌മെന്റഡ് റിയാലിറ്റിയിൽ നിന്നും മാറി എക്സ് ആർ, വി ആർ സ്റ്റുഡിയോ ആയപ്പോൾ വീരപ്പന്മാർ “പാവം കോടീശ്വരന്മാരായി”. മരം മുറിച്ചത് കാട്ടിൽ നിന്നല്ല എന്നാണിപ്പോൾ പറയുന്നത്. റിപ്പോർട്ടർ ടിവിയുടെ സ്പെഷ്യൽ ഇൻവെസ്റ്റി​ഗേഷൻ ടീം അന്വേഷിച്ച് ചെന്നാലും ഇല്ലെങ്കിലും പട്ടയ ഭൂമിയിൽ നിന്നാണ് മരം കൊള്ള ചെയ്യപ്പെട്ടതെന്ന് അന്വേഷണ സംഘം നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്.

മുട്ടിൽ സൗത്ത് വില്ലേജിൽ നിന്ന് അഗസ്റ്റിൻ സഹോദരങ്ങൾ 104 മരങ്ങളാണ് മുറിച്ചു കടത്തിയത്. നിലവിൽ കുപ്പാടി ഡിപ്പോയിൽ മരങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. മരങ്ങൾക്ക് 500 വർഷം വരെ പഴക്കമുണ്ടെന്ന ഡിഎൻഎ റിപ്പോർട്ട് കിട്ടിയതോടെ, വൈകാതെ കുറ്റപത്രം നൽകുവാനാണ് പൊലീസ് നീക്കം. ഇതാണ് അടുത്തിടെ പുറത്തുവന്ന റിപ്പോർട്ട്. ഇതോടെ മലയാളത്തിലെ ചാനലുകൾ ചേരി തിരിഞ്ഞ് യുദ്ധവും തുടങ്ങി. സ്വന്തം മുതലാളിമാരെ സംരക്ഷിക്കാൻ റിപ്പോർട്ടർ ടി വി “പ്രത്യേക അന്വേഷണസംഘത്തെകൊണ്ട് (എ​സ്ഐ​ടി) വാർത്ത കൊടുപ്പിക്കുമ്പോൾ മരം കൊള്ള കേസ് പ്ര​ത്യേ​ക സം​ഘം (എ​സ്ഐ​ടി) അ​ന്വേ​ഷി​ച്ച​തി​നാ​ല്‍ ഗൂ​ഢാ​ലോ​ച​ന​യും തെ​റ്റി​ദ്ധ​രി​പ്പി​ക്ക​ലും അ​ട​ക്ക​മു​ള്ള കു​റ്റ​ങ്ങ​ള്‍ കോ​ട​തി​യി​ല്‍ എ​ത്തി​ക്കാ​ന്‍ കഴിഞ്ഞതായി മറ്റു വാർത്താചാനലുകൾ റിപ്പോർട്ടറിനെ പരിഹസിക്കുന്നു.

ട്വന്റിഫോർ ന്യൂസിൽ ജോലി ചെയ്യവെ മുട്ടിൽ മരംമുറി കേസ് ഓ​ഗ്മെന്റൽ റിയാലിറ്റിയിലൂടെ അവതരിപ്പിച്ചത് അരുൺകുമാറായിരുന്നു. അന്ന് ഈ കേസിലെ അഴിമതി അക്കമിട്ട് അവതരിപ്പിച്ച അരുൺകുമാ‍ർ ഇന്ന് പ്രതികൾക്കായി വക്കാലത്തെടുക്കുന്നതാണ് കാണുന്നത്. അങ്ങനെയെങ്കിൽ ട്വന്റിഫോറിലൂടെ വിളിച്ചുപറഞ്ഞതൊക്കെയും പച്ചക്കള്ളമാണെന്ന് തുറന്നു പറയാൻ അരുൺകുമാറിന് തന്റേടമുണ്ടോ? കേരളത്തിൽ വളരെ സജീവമായ പല വിഷയങ്ങളിലും ദൃശ്യമാധ്യമങ്ങൾ കാണിക്കുന്ന, അതുമല്ലെങ്കിൽ ബ്രേക്ക് ചെയ്യുന്ന വാർത്തകളെല്ലാം പെരുങ്കള്ളം ആന്നെന്നാണോ സാധാരണ ജനങ്ങൾ കരുതേണ്ടത്. മുട്ടിലിൽ മരങ്ങൾ മുറിച്ചതല്ല, സ്വയം മുറിഞ്ഞുവീണശേഷം ലോറിയിൽ കയറി ടൂർ പോയതാണെന്നാണോ ജനങ്ങൾ കരുതേണ്ടത്. ഇതിനൊക്കെ ഉത്തരം പറഞ്ഞല്ലേ തീരൂ.

മുട്ടില്‍ മരം കൊള്ളയെ വയനാട് മരംമുറിയെന്നാണ് റിപ്പോർട്ടർ ടിവി ഇന്ന് വിശേഷിപ്പിക്കുന്നത്. അഗസ്റ്റിന്‍ സഹോദരങ്ങള്‍ പ്രതിയായ കേസില്‍ മരം മുറിച്ചത് കാട്ടില്‍ നിന്നല്ലെന്ന് വനംവകുപ്പ് തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് കോടതിയിലെ രേഖകളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടര്‍ ടിവി പറയുന്നു. മുട്ടിലില്‍ മരംമുറിച്ചത് വനത്തില്‍ നിന്നല്ലെന്ന നിലപാട് വനംവകുപ്പ് വയനാട് അഡി ജില്ലാ കോടതിയിൽ അറിയിച്ചിട്ടുണ്ടെന്നും, കാട്ടില്‍ നിന്ന് മരംമുറിച്ചെന്ന് പറഞ്ഞ് കേസെടുത്ത വനംവകുപ്പിന്റെ വാദം പൊളിഞ്ഞെന്നുമായിരുന്നു റിപ്പോര്‍ട്ടറിന്റെ വാദം. കേസില്‍ കസ്റ്റഡിയിലെടുത്ത മരങ്ങള്‍ സംരക്ഷിക്കണമെന്ന കോടതിയുത്തരവ് പാലിക്കപ്പെടുന്നില്ലെന്ന ആരോപണവും ചാനല്‍ മുന്നോട്ടുവയ്ക്കുന്നു. എന്നാൽ, മരം കൊള്ള പുറത്തുവന്നതിനുപിന്നാലെ അരുൺകുമാർ അടക്കമുള്ളവർ ഇങ്ങനെയല്ലല്ലോ പറഞ്ഞത് എന്ന് തെളിവ് സഹിതം സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു.

മുട്ടിൽ മരം കൊള്ള പുറത്തുവന്നപ്പോൾ തന്നെ റിപ്പോർട്ടർ ടി വിക്കെതിരെ അന്ന് ആരോപണം ഉയർന്നിരുന്നു. വനംവകുപ്പ് റിപ്പോർട്ടർ ടിവിയിലെ ചില ജീവനക്കാർക്കെതിരെയും ആരോപണം ഉണ്ടായിരുന്നു, കൊച്ചി ബ്യൂറോയിൽ ജോലി ചെയ്യുന്ന ഒരു ലേഖകൻ വയനാട്ടിൽ എത്തി മുട്ടിൽ മരംകൊള്ളയെ അനുകൂലിക്കുന്ന തരത്തിൽ അന്ന് വാർത്തയും ചെയ്തു. 24 ന്യൂസിലെ കോഴിക്കോട് മേഖല മേധാവിയായ ദീപക്ക് ധർമ്മടത്തെ സ്ഥാപനം അന്ന് സസ്‌പെൻഡ് ചെയ്തപ്പോൾ നടപടിയിലെ വിശുദ്ധിയും മാധ്യമ നൈതികതയും എടുത്ത് പറഞ്ഞ് അരുൺകുമാർ ഘോരഘോരം വാദിക്കുകയും ചെയ്തിരുന്നു.

2020 ഒക്ടോബർ 24ന് വനം വകുപ്പ് പുറത്തിറക്കിയ വിവാദ ഉത്തരവിന്റെ മറവില്‍ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നടന്ന മരം കൊള്ളയാണ് വിവാദമായത്. പട്ടയം ലഭിച്ച ഭൂമിയിലെ ചന്ദനം ഒഴികെയുള്ള മരങ്ങള്‍ മുറിക്കാമെന്ന ഉത്തരവിന്റെ മറവിലാണ് തേക്ക്, ഈട്ടി പോലുളള മരങ്ങള്‍ വ്യാപകമായി മുറിച്ചത്. മുട്ടിലില്‍ മാത്രം 15 കോടി രൂപയുടെ മരം മുറിച്ചതായാണ് ആക്ഷേപം. ഇതിന് ചില വനം വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സഹായം ചെയ്തുവെന്നും ആരോപണമുണ്ടായിരുന്നു

മുട്ടില്‍ മരം കൊള്ളയെ ചൊല്ലി വാർത്താചാനലുകൾ ചേരി തിരിഞ്ഞ് പോരാട്ടം നടത്തുമ്പോൾ വാർത്തയുടെ വിശ്വാസ്യത എന്ത് എന്നതാണ് ജനങ്ങൾ ചർച്ച ചെയ്യുന്നത്. മുട്ടില്‍ മരംമുറി കേസിലെ പ്രതികളുടെ നേതൃത്വത്തില്‍ റിപ്പോര്‍ട്ടര്‍ ടിവിയും അതിലെ മുതിർന്ന മാധ്യമപ്രവർത്തകരും തങ്ങളുടെ സ്വതസിദ്ധമായ പുച്ഛമനോഭാവം തുടരുമ്പോഴാണ് ഇപ്പോൾ തിരിച്ചടിയായി പുതിയ റിപ്പോർട്ട് പുറത്തുവന്നത്. മുട്ടിൽ കേസുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസില്‍ ഭൂവുടമകളുടെ പേരില്‍ നല്‍കിയ അപേക്ഷ വ്യാജമാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞിരുന്നു. ഇതായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ വാർത്ത. ഇതോടെയാണ് ദുർബല വാദങ്ങളുമായി റിപ്പോർട്ടർ ടിവി രംഗത്തുവന്നത്. മരംമുറിക്കാന്‍ വില്ലേജ് ഓഫീസറുടെ അനുമതിയുണ്ടെന്ന് പറഞ്ഞാണ് റോജി അഗസ്റ്റിന്‍ സമീപിച്ചതെന്ന് തട്ടിപ്പിനിരയായ ആദിവാസി കർഷകർ വ്യക്തമാക്കുന്നു. ഇല്ലാക്കഥകൾ മെനഞ്ഞും മറുനാടൻമാരെ കോപ്പിയടിച്ചും പ്രത്യേക അന്വേഷണസംഘം നടത്തുന്ന “പുതിയ തരം വാർത്താ സംസ്ക്കാരം” മലയാളികൾ തിരിച്ചറിഞ്ഞു എന്നതുതന്നെയാണ് മുട്ടിൽ മരംകൊള്ളയുടെ ഏറ്റവും പുതിയ എപ്പിസോഡ് കേരളത്തോട് വിളിച്ചുപറയുന്നത്.