മേഘാലയ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ കല്ലേറ്

0
126

മേഘാലയ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ കല്ലേറ്. അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ഈ സമയം മുഖ്യമന്ത്രി കോണ്‍റാഡ് കെ സാങ്മ ഓഫീസിനുള്ളിലുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന് പരിക്കേറ്റിട്ടില്ല. ജനക്കൂട്ടം അക്രമാസക്തരായതിനാല്‍ അദ്ദേഹം പുറത്തേക്ക് കടക്കാനാകാതെ ഓഫീസില്‍ കുടുങ്ങി. മുഖ്യമന്ത്രിയുടെ ടുറയിലുള്ള ഓഫീസിന് നേരെയാണ് ആക്രമണമുണ്ടായത്.

മുഖ്യമന്ത്രി നിരാഹാര സമരം നടത്തുന്ന വിഭാഗങ്ങളുമായി നിര്‍ണായക യോഗം നടത്തുന്നതിനിടെയാണ് സംഭവം. ഗാരോ ഹില്‍സ് ആസ്ഥാനമായുള്ള ഈ വിഭാഗങ്ങള്‍ ടുറയില്‍ ശീതകാല തലസ്ഥാനം വേണമെന്ന ആവശ്യത്തിലുറച്ചാണ് സമരം നടത്തുന്നത്. സ്ഥിതിഗതികള്‍ പരിഹരിക്കാനായി അച്ചിക്ക്, ജിഎച്ച്എസ്എംസി, തുടങ്ങിയ വിവിധ സംഘടനകളുമായാണ് അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്. അതേസമയം, ഈ സംഘടനകളുടെ ഒരു പ്രത്യേക സംഘം സര്‍ക്യൂട്ട് ഹൗസില്‍ മുഖ്യമന്ത്രിയെ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു.

ടുറയില്‍ മുഖ്യമന്ത്രിയും സംഘടനകളും തമ്മില്‍ മൂന്ന് മണിക്കൂറിലേറെ സമാധാനപരമായാണ് ചര്‍ച്ച നടന്നത്. ഇതിനിടെ ടുറയില്‍ ആയിരക്കണക്കിന് പേര്‍ സംഘടിച്ച് ഒത്തുകൂടി കല്ലെറിയാന്‍ തുടങ്ങിയതോടെ സ്ഥിതിഗതികള്‍ വഷളായി. ഇതോടെ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസിന് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിക്കേണ്ടി വന്നു. സംഘര്‍ഷത്തിനിടെ അഞ്ച് പോലീസുകാര്‍ക്ക് പരിക്കേറ്റു. ടുറയിലെ മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നില്‍ അനിശ്ചിതത്വം തുടരുകയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.

ഇതിനിടെ ശീതകാല തലസ്ഥാനം, തൊഴില്‍ സംവരണം എന്നിവയെക്കുറിച്ച് നടത്തുന്ന വിശദമായ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി കോണ്‍റാഡ് കെ സാങ്മ എല്ലാ സംഘടനകളേയും ക്ഷണിച്ചു. ഷില്ലോങ്ങില്‍ നടക്കുന്ന യോഗത്തില്‍ മറ്റ് കാബിനറ്റ് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരെത്തും. സമരം അവസാനിപ്പിച്ച് ചര്‍ച്ചയില്‍ പങ്കെടുക്കണമെന്നാണ് മുഖ്യമന്ത്രി പ്രതിഷേധക്കാരോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭത്തിന് സമാധാനപരമായ പരിഹാരം കാണുന്നതിന് സമരക്കാരുമായി ചര്‍ച്ചയില്‍ ഏര്‍പ്പെടാനുള്ള ശ്രമങ്ങള്‍ മുഖ്യമന്ത്രി സാംഗ്മ തുടരുമെന്നാണ് പ്രതീക്ഷ. ഓഗസ്റ്റ് 8-നോ 9-നോ ഷില്ലോങ്ങിലെ യോഗം നടക്കുമെന്നാണ് പ്രതീക്ഷ.