കൃഷിക്കാർക്കും കാർഷിക സംഘങ്ങൾക്കും കാർഷിക യന്ത്രോപകരണങ്ങൾ സ്വന്തമാക്കാൻ സബ്സിഡി നൽകുന്നതാണ് കേന്ദ്ര–സംസ്ഥാന സർക്കാരുകൾ ചേർന്നു നടപ്പാക്കുന്ന സ്മാം പദ്ധതി. പദ്ധതിയിൽ അംഗങ്ങളാകുന്നതിന് ഓഗസ്റ്റ് 1 മുതൽ അപേക്ഷ നൽകാം. കാർഷിക – യന്ത്രങ്ങളും ഉപകരണങ്ങളും വിളവെടുപ്പാനന്തര വിളസംസ്കരണം വർധിത പ്രവർത്തനങ്ങൾക്കാവശ്യമായ ഉപകരണങ്ങളും യന്ത്രങ്ങളും സബ്സിഡിയോടെ ലഭ്യമാക്കുന്ന ഈ പദ്ധതിയിൽ അംഗമാകുന്നതിന് http://agrimachinery.nic.in/index എന്ന വെബ്സൈറ്റ് സന്ദർശിക്കാം.
ഈ ആനുകൂല്യത്തിനായി കൃഷിക്കാർ സർക്കാർ ഓഫിസുകളിലൂടെ കയറിയിറങ്ങേണ്ടതില്ല. ജോലികൾക്കു മുടക്കം വരുത്താതെ ഒഴിവു സമയത്ത് വീടിന്റെ സ്വച്ഛതയിലോ അക്ഷയകേന്ദ്രങ്ങളിലോ ഇരുന്ന് ഓൺലൈനായി അപേക്ഷ നൽകാം. അപേക്ഷയുടെ സ്ഥിതിയും ഓരോ ഘട്ടത്തിലെയും പുരോഗതിയും ഓൺലൈനായിത്തന്നെ അറിയാം. കാലതാമസമില്ലാതെ തീരുമാനമുണ്ടാകുന്നതും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കർഷകരുടെ വീട്ടിലെത്തി പരിശോധന നടത്തുന്നതുമൊക്കെ സ്മാമിനെ മാതൃകാ പദ്ധതിയാക്കുന്നു.
2023-24 സാമ്പത്തിക വർഷത്തിലെ വ്യക്തിഗത ഗുണഭോക്താക്കളുടെ അപേക്ഷകൾ ഓൺലൈൻ ആയി ഈ പോർട്ടലിൽ 01.08.2023 മുതൽ സ്വീകരിച്ചുതുടങ്ങും. കാർഷിക യന്ത്രവൽകരണ പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുള്ള സഹായങ്ങൾക്കും ജില്ലകളിലെ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയവുമായോ ആലപ്പുഴ, കോഴിക്കോട് എന്നിവിടങ്ങളിലെ കൃഷി എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയവുമായോ, സ്ഥലത്തെ കൃഷിഭവനുമായോ 0471 2306748, 0477 2266084, 0495 2725354 എന്നീ ഫോൺ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.