ഓപ്പൺഹൈമർ വിവാദം: സെൻസർ ബോർഡിനോട് വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി അനുരാ​ഗ് ഠാക്കൂർ

0
235

ക്രിസ്റ്റഫർ നോളന്റെ ഓപ്പൺഹൈമർ ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സെൻസർ ബോർഡിനോട് വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാ​ഗ് താക്കൂർ. സിബിഎഫ്‌സിക്ക് ( Central Board of Film Certification) എതിരെ നടപടിയെടുക്കുമെന്ന് മന്ത്രി സൂചിപ്പിച്ചു. ചിത്രത്തിന്റെ പ്രദർശനത്തിന് അനുമതി നൽകിയ സെൻസർ ബോർഡ് അംഗങ്ങൾക്ക് എതിരെ നടപടി എടുക്കുമെന്ന് മന്ത്രി പറഞ്ഞു. ജനങ്ങളുടെ വികാരം മാനിക്കുന്നതിൽ സെൻസർ ബോർഡ് പരാജയപ്പെട്ടെന്നും ഇത്തരം വീഴ്ചകൾ അംഗീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. ഈ വിഷയത്തിൽ പൂർണ ഉത്തരവാദിത്തം ബോർഡ് അംഗങ്ങൾക്ക് ആണെന്നും അദ്ദേഹം വ്യക്തമാക്കി. ചിത്രത്തിലെ വിവാദമായ രം​ഗം നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

ചിത്രത്തിലെ ഭ​ഗവത്​ഗീത വായിക്കുന്ന രം​ഗമാണ് വ്യാപകമായ വിവാദത്തിനിടയാക്കിയത്. ഈ രംഗത്തിനെതിരെ തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകൾ വിമർശനം ഉന്നയിച്ചു രംഗത്തെത്തിയിരുന്നു. ചിത്രം ഇന്ത്യയിൽ പ്രദർശിപ്പിക്കാൻ അനുമതി നൽകിയതിനെ കുറിച്ച് അന്വേഷിക്കണമെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് സേവ് കൾച്ചർ സേവ് ഇന്ത്യ ഫൗണ്ടേഷൻ രം​ഗത്തു വന്നിരുന്നു. വിവാദരംഗം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഇൻഫർമേഷൻ ഓഫീസറും സേവ് കൾച്ചർ സേവ് ഇന്ത്യ ഫൗണ്ടേഷൻ സ്ഥാപകനുമായ ഉദയ് മഹൂക്കർ നോളന് സന്ദേശം അയച്ചിരുന്നു. സിനിമയിലെ രംഗങ്ങൾ ഹിന്ദു സമൂഹത്തിനെതിരെയുളള ആക്രമണമാണെന്നും, പിന്നിൽ ഹിന്ദു വിരുദ്ധശക്തികളുടെ ഗൂഢാലോചനയുണ്ടോയെന്ന് സംശയിക്കുന്നതായുമാണ് സന്ദേശത്തിൽ പറയുന്നത്.

മാൻഹാട്ടൻ പ്രോജക്റ്റിൻ്റെ ഭാഗമായി അണുബോംബ് നിർമ്മിച്ച അമേരിക്കൻ ശാസ്ത്രജ്ഞൻ റോബർട്ട് ഓപ്പൺഹൈമറുടെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തിയെടുത്ത ക്രിസ്റ്റഫർ നോളൻ ചിത്രം ജൂലൈ 21നാണ് പ്ര​ദർശനത്തിനെത്തിയത്. ഇന്ത്യയിൽ യു എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്.