ഗ്യാൻവാപി സർവേ സുപ്രീം കോടതി ഉത്തരവിന് വിരുദ്ധം; പരിശോധന സ്റ്റേ ചെയ്ത് സുപ്രീം കോടതി

0
302
Varanasi, June 14 (ANI): A view of the Gyanvapi Mosque, in Varanasi on Monday. (ANI Photo)

കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേർന്നുള്ള മസ്ജിദ് സമുച്ചയത്തിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) സർവേ നടത്തണമെന്ന വാരാണസി ജില്ലാ കോടതിയുടെ ജൂലൈ 21 ലെ ഉത്തരവിനെതിരെ ഗ്യാൻവാപി മസ്ജിദ് മാനേജ്മെന്റ് കമ്മിറ്റി നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ സുപ്രീം കോടതിയിൽ അനുകൂല വിധി. വാരണാസി ജില്ലാ കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു . ജൂലൈ 26 വൈകീട്ട് 5 മണി വരെ സർവേ നിർത്തിവയ്ക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു .

വാരണാസി ജില്ലാ കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ഗ്യാൻവാപി മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റിക്ക് വേണ്ടി ഹാജരായ ഹുസേഫ അഹമ്മദി ആവശ്യപ്പെട്ടു. പ്രദേശം മുഴുവൻ എഎസ്‌ഐ സർവേ നടത്താൻ ജില്ലാ കോടതി പുറപ്പെടുവിച്ച ഉത്തരവ് കോടതിയലക്ഷ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സർവേയുടെ ഭാഗമായി മസ്ജിദിൽ യാതൊരു തരത്തിലുള്ള ഖനനമോ സമാന രീതികളോ ഉപയോഗിക്കാൻ പാടില്ലെന്ന് സുപ്രീം കോടതി നിർദേശിച്ചു. റഡാർ പരിശോധന , ഫോട്ടോഗ്രാഫി , അളവുകൾ എടുക്കൽ മുതലായ രീതികൾ മാത്രമേ സർവ്വേയ്ക്ക് ഉപയോഗിക്കാവു എന്നാണ് കോടതിയുടെ നിർദേശം.

ജില്ലാ കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ മസ്ജിദ് കമ്മിറ്റിക്ക് ജൂലൈ 26 വരെ സമയം നൽകുമെന്നും അതുവരെ സ്ഥലത്ത് തൽസ്ഥിതി തുടരട്ടെ എന്നും സുപ്രീം കോടതി നിരീക്ഷിച്ചു. അലഹബാദ് ഹൈക്കോടതിയെ സമീപിക്കാനാണ് സുപ്രീം കോടതി നിർദേശിച്ചിരിക്കുന്നത് . കോടതി ഉത്തരവിനെ പൂർണ്ണമായി മാനിക്കുന്നുവെന്ന് വാരണാസി ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് പ്രതികരിച്ചു .