ദേശീയ ഗുസ്തി ഫെഡറേഷന്റെ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 12ന്

0
228

ദേശീയ ഗുസ്തി ഫെഡറേഷന്റെ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 12ന് നടക്കും. പങ്കെടുക്കാന്‍ യോഗ്യതയില്ലെന്ന് റിട്ടേണിംഗ് ഓഫീസര്‍ ജസ്റ്റിസ് എം എം കുമാര്‍ പ്രസ്താവിച്ചതോടെ മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന്റെ ഭാഗമാകില്ല. നേരത്തെ തെരഞ്ഞെടുപ്പ് ജൂലൈ 6 ന് ഷെഡ്യൂള്‍ ചെയ്തിരുന്നെങ്കിലും മഹാരാഷ്ട്ര, ഹരിയാന, തെലങ്കാന, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങള്‍ എതിര്‍പ്പുന്നയിച്ചതിനാല്‍ തീയതി മാറ്റുകയായിരുന്നു.

ജൂലൈ 11നാണ് രണ്ടാമത് തെരഞ്ഞെടുപ്പ് തീയതി നിശ്ചയിച്ചത്. തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനുള്ള സാവകാശം തേടി അസം റെസ്ലിങ് അസോസിയേഷന്‍ അപേക്ഷയെ തുടര്‍ന്ന് ഗുവാഹത്തി ഹൈക്കോടതി തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്തിരുന്നു. ഗുവാഹത്തി കോടതി ഉത്തരവ് ചൊവ്വാഴ്ച സുപ്രിംകോടതി സ്‌റ്റേ ചെയ്തതിനെ തുടര്‍ന്നാണ് റോഡ് തടസം നീങ്ങിയത്. ഓഗസ്റ്റ് 1നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ടത്.

ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ ലൈംഗികാരോപണങ്ങളും വിവാദങ്ങളും മൂലം തെരഞ്ഞെടുപ്പ് വൈകി. കേസിനെ തുടര്‍ന്ന് ഡബ്ല്യുഎഫ്‌ഐയുടെ എല്ലാ പ്രവര്‍ത്തനങ്ങളും താത്ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ കായികമന്ത്രാലയം ഉത്തരവിടുകയും ചെയ്തു. ആരോപണങ്ങള്‍ അന്വേഷിക്കാന്‍ മേല്‍നോട്ട സമിതിയെ നിയമിക്കുകയും ചെയ്തു. ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിന് സ്‌പോട്‌സ് കോഡ് മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യനല്ല. അതേസമയം ശരണ്‍ സിംഗിന്റെ മകന്‍ കരണ്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്നും അഭ്യൂഹമുണ്ട്.

അതേസമയം വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിന് ജാമ്യം ലഭിച്ചു. ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ബ്രിജ്ഭൂഷനെ കൂടാതെ സസ്‌പെന്‍ഷനിലായ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനും ജാമ്യം ലഭിച്ചു.മുന്‍കൂര്‍ അനുമതിയില്ലാതെ രാജ്യം വിടരുത്, കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, 25,000 രൂപയുടെ വ്യക്തിഗത ബോണ്ട് എന്നിവയാണ് വ്യവസ്ഥകള്‍. ചൊവ്വാഴ്ച ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനും കൂട്ടുപ്രതി വിനോദ് തോമറിനും റൂസ് അവന്യൂ കോടതി രണ്ട് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.