ഗുജറാത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്

0
210

ഗുജറാത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് പ്രളയത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. നാളെ 204 മില്ലിമീറ്ററില്‍ അധികം മഴ പെയ്‌തേക്കും. സംസ്ഥാനത്ത് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ സൗരാഷ്ട്ര, കച്ച് മേഖലകളില്‍ ശക്തമായ മഴപെയ്യുകയാണ്. നിരവധി താഴ്ന്ന മേഖലകള്‍ വെള്ളത്തിനടിയിലായി. നാശനഷ്ടം സംഭവിച്ച പ്രദേശങ്ങളില്‍ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ സന്ദര്‍ശനം നടത്തി.

കനത്ത മഴയില്‍ ഹിമാചല്‍ പ്രദേശില്‍ മിന്നല്‍ പ്രളയം. കുളു, മണാലി എന്നിവിടങ്ങളിലാണ് പ്രളയമുണ്ടായത്. നിരവധി വീടുകള്‍ തകരുകയും റോഡുകള്‍ ഒലിച്ചുപോകുകയും ചെയ്തു. ഉത്തരാഖണ്ഡില്‍ ദേശീയ പാതയുടെ ഒരുഭാഗം ഒലിച്ചുപോയി. ഗുജറാത്ത്, ആന്ധ്രപ്രദേശ്, തെലങ്കാന, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും കനത്ത മഴ തുടരുകയാണ്.

അതിശക്തമായ മഴയെന്ന മുന്നറിയിപ്പുള്ളതിനാല്‍ ഗുജറാത്തില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഇന്നലെ പെയ്ത മഴയില്‍ രാജ്‌കോട്ടില്‍ രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. ഈ ആഴ്ചയുണ്ടായ മഴയില്‍ മൂന്ന് പേര്‍ക്ക് ജീവന്‍ നഷ്ടമായി. മുന്നൂറോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. സുരേന്ദ്രനഗര്‍ ജില്ലയിലാണ് രണ്ട് മരണം. രാജ്‌കോട്ടില്‍ ഒരു മരണവും സ്ഥിരീകരിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ആരംഭിച്ച മഴ ബുധനാഴ്ച വൈകിട്ട് വരെ ശമിച്ചിരുന്നില്ല. വെരാവല്‍ ടൗണ്‍ ഭൂരിഭാഗവും വെള്ളത്തിനടിയിലായി. സൂത്രപദ, മംഗ്രോള്‍, ഗിര്‍ സോമനാഥ് എന്നിവിടങ്ങളില്‍ മുഖ്യമന്ത്രി സന്ദര്‍ശിച്ചു. വെള്ളപ്പൊക്കത്തില്‍ കുടുങ്ങി 260ലധികം പേരെ ദേശീയ ദുരന്ത നിവാരണ സേന രക്ഷപെടുത്തി. ഗുരുതര സാഹചര്യം കണക്കിലെടുത്ത് എന്‍ഡിആര്‍എഫും എസ്ഡിആര്‍എഫും കനത്ത ജാഗ്രതയിലാണ്.