ടീസ്ത സെതല്‍വാദിന് ജാമ്യം; ഗുജറാത്ത് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി

0
213

2002-ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ തെളിവുകള്‍ ചമച്ചുവെന്ന കേസില്‍ സാമൂഹിക പ്രവര്‍ത്തക ടീസ്ത സെതല്‍വാദിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഗുജറാത്ത് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലാണ് സുപ്രീം കോടതിയുടെ നടപടി.

ജസ്റ്റിസുമാരായ ബി ആർ ഗവായ്, എ എസ് ബൊപ്പണ്ണ, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ടീസ്തയ്ക്ക് ജാമ്യം നിഷേധിച്ച ഗുജറാത്ത് ഹൈക്കോടതിയുടെ ജൂലൈ ഒന്നിലെ ഉത്തരവ് റദ്ദാക്കിയത്. ഹൈക്കോടതിയുടെ നിരീക്ഷണങ്ങളില്‍ വൈരുദ്ധ്യമുണ്ടെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടതായി ലൈവ് ലോ റിപ്പോർട്ട് ചെയ്തു.

“ഗുജറാത്ത് ഹൈക്കോടതിയുട ഉത്തരവ് റദ്ദാക്കുന്നു. ഈ കോടതി ഹര്‍ജിക്കാരിക്ക് നൽകിയ സംരക്ഷണം തുടരുന്നതാണ്. പാസ്‌പോർട്ട് കസ്റ്റഡിയിൽ തന്നെ തുടരും. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്,” സുപ്രീം കോടതിയെ ഉദ്ധരിച്ചുകൊണ്ട് ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു.

അഹമ്മദാബാദ് ഡിറ്റക്ഷൻ ഓഫ് ക്രൈംബ്രാഞ്ച് (ഡിസിബി) ഫയല്‍ ചെയ്ത എഫ്‌ഐആറിനെ അടിസ്ഥാനമാക്കി ഗുജറാത്ത് മുൻ ഡയറക്ടർ ജനറൽ ഓഫ് പോലീസ് ആർ ബി ശ്രീകുമാർ, മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ട് എന്നിവരോടൊപ്പമാണ് 2022 ജൂൺ 25-ന് ടീസ്തയെ കസ്റ്റഡിയിലെടുത്തത്.