പൊലീസ് വാഹനം തടഞ്ഞു, മണിപ്പൂരില്‍ സ്ത്രീകളെ നഗ്‌നരാക്കി നടത്തി, ബലാത്സംഗത്തിനിരയാക്കി, പ്രതികള്‍ക്കായി തിരച്ചില്‍

0
155

വർഗീയ സംഘർഷം തുടരുന്ന മണിപ്പൂരിൽ കുക്കി-സോമി വിഭാഗത്തിൽപ്പെട്ട രണ്ട് സ്ത്രീകളെ ഒരു കൂട്ടം പുരുഷന്മാർ നഗ്‌നരാക്കി നടത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ രണ്ട് മാസത്തിലേറെയായി മണിപ്പൂരിൽ നടന്ന സംഭവങ്ങളുടെ രൂക്ഷത വെളിച്ചത്ത് വരികയാണ്.

മെയ് 4 ന് തൗബാൽ ജില്ലയിലാണ് സംഭവം നടന്നതെന്നും മെയ് 18 ന് കാംഗ്പോപി ജില്ലയിൽ സീറോ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. ‘അജ്ഞാത സായുധരായ അക്രമികൾ’ക്കെതിരെ തട്ടിക്കൊണ്ടുപോകൽ, കൂട്ടബലാത്സംഗം, കൊലപാതകം എന്നിവയുൾപ്പെടെയുള്ള കുറ്റങ്ങളിൽ എഫ്ഐആർ രണ്ട് മാസം മുമ്പ് രജിസ്റ്റർ ചെയ്‌തെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇംഫാലിൽ നിന്ന് 35 കിലോമീറ്റർ അകലെ കാംഗ്പോക്പി ജില്ലയിലാണ് സംഭവം നടന്നതെന്ന് ഇൻഡീജീനിയസ് ട്രൈബൽ ലീഡേഴ്സ് ഫോറം (ഐടിഎൽഎഫ്) പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ഈ സംഭവത്തിന് തൊട്ടു മുമ്പുള്ള ദിവസമാണ് മെയ്‌തെയ് -കുകി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം തുടങ്ങിയത്. പ്രചരിക്കുന്ന വീഡിയോയിൽ കുക്കി-സോമി ആധിപത്യമുള്ള കാങ്പോപിയിലെ മലയോര ജില്ലയിൽ നിന്നുള്ളവരാണ്. ബിജെപി ഭരിക്കുന്ന മണിപ്പൂരിൽ മെയ് 4 മുതൽ ഇന്റർനെറ്റ് വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. സംഘർഷം ആരംഭിച്ചിട്ട് രണ്ട് മാസത്തിലേറെയായി. മെയ്‌തെയ്-കുക്കി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ 130ലധികം പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഘർഷം അവസാനിപ്പിക്കാൻ സംസ്ഥാന – കേന്ദ്ര സർക്കാരുകൾക്ക് ഇതുവരെ സാധിച്ചിട്ടില്ല.

തൗബാലിലെ മൈതേയ് ആധിപത്യമുള്ള താഴ്വര ജില്ലയിലാണ് സംഭവം നടന്നതെങ്കിലും, ഇരകൾ പിന്നീട് കാങ്പോക്പി ജില്ലയിലെ ഒരു പൊലീസ് സ്റ്റേഷനിൽ പരാതി നൽകി, അവിടെ സീറോ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും കേസ് തൗബാലിലെ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേക്ക് കൈമാറുകയും ചെയ്തു. അവരുടെ പരാതി പ്രകാരം, വീഡിയോയിൽ രണ്ട് സ്ത്രീകളെ മാത്രമേ കാണിക്കുന്നുള്ളൂ, എന്നാൽ 50 വയസ്സുള്ള മറ്റൊരു സ്ത്രീയും കൂട്ടത്തിൽ ഉണ്ടായിരുന്നു, ആൾക്കൂട്ടം അവരുടെ വസ്ത്രങ്ങൾ അഴിക്കാൻ നിർബന്ധിച്ചു. നിരാലംബരായ സ്ത്രീകളിൽ ഒരാളെ ‘പകൽ വെളിച്ചത്തിൽ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്തു’ എന്നും പരാതിയിൽ ആരോപിക്കുന്നു.

ഓരോ ദിവസവും മണിപ്പൂർ കത്തിയെരിയുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദി സമാധാനാഹ്വാനം പോലും നടത്തിയിട്ടില്ല. മണിപ്പൂരിൽ നിന്നെത്തിയ പ്രതിപക്ഷ പാർട്ടികളെ കാണാൻ മോദി സമയം അനുവദിച്ചില്ല. സംഘർഷം ഒന്നര മാസം പിന്നിട്ടപ്പോഴാണ് കേന്ദ്ര സർക്കാർ സർവകക്ഷിയോഗം വിളിച്ചത്. മുഖ്യമന്ത്രി ബിരേൻ സിങ്ങിൻറെ രാജിനാടകവും മണിപ്പൂർ ജനത കണ്ടിരുന്നു. മണിപ്പൂർ സംഘർഷത്തിൽ ജൂലൈ 4 വരെ 142 പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.