കരുതല്‍ തടങ്കല്‍ നിയമങ്ങള്‍ കഠിനം; വ്യക്തിസ്വാതന്ത്ര്യം തടയുന്നു: സുപ്രീം കോടതി

0
97

കരുതല്‍ തടങ്കലുമായി ബന്ധപ്പെട്ട കേസുകളില്‍ നടപടി ക്രമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് സുപ്രീം കോടതി. വിചാരണയില്ലാതെയാണ് തടങ്കല്‍ നിയമങ്ങള്‍ നടത്തുന്നതെന്നും അതുകൊണ്ട് തന്നെ വ്യക്തിസ്വാതന്ത്ര്യം ഹനിക്കപ്പെടാമെന്നും സുപ്രീം കോടതി പറഞ്ഞു.

ജാര്‍ഖണ്ഡില്‍ പ്രകാശ് ചന്ദ്ര യാദവിനെ കരുതല്‍ തടങ്കലില്‍ വെച്ചതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് അനിരുദ്ധ ബോസിന്റെയും ജസ്റ്റിസ് സുധാന്‍ഷു ധൂലിയയുടെയും ബെഞ്ച്.

‘കരുതല്‍ തടങ്കലിലെ എല്ലാ നിയമങ്ങളും കഠിനമാണ്. വിചാരണ കൂടാതെ തടങ്കലിലാക്കുന്നത് കൊണ്ട് തന്നെ അത് വ്യക്തിസ്വാതന്ത്ര്യം വെട്ടിച്ചുരുക്കുന്നു. അതുകൊണ്ട് തന്നെ കരുതല്‍ തടങ്കല്‍ നിയമങ്ങളിലെ നടപടി ക്രമങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്,’ കോടതി പറഞ്ഞു.

2002ലെ ജാര്‍ഖണ്ഡ് കണ്‍ട്രോള്‍ ഓഫ് ക്രൈംസ് ആക്ട് പ്രകാരം സാമൂഹിക വിരുദ്ധനായി കരുതല്‍ തടങ്കലില്‍ വെച്ച ചന്ദ്ര യാദവിന്റെ തടവ് ജാര്‍ഖണ്ഡ് ഹൈക്കോടതി ശരിവെച്ചിരുവന്നു. എന്നാല്‍ ഈ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തു. 2002ലെ ജാര്‍ഖണ്ഡ് കണ്‍ട്രോള്‍ ഓഫ് ക്രൈംസ് ആക്ട് പ്രകാരം സാമൂഹ്യ വിരുദ്ധമായുള്ള കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് വ്യക്തികളെ കസ്റ്റഡിയിലെടുക്കാന്‍ സാധിക്കും.

നിയമത്തിലെ നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്ന് മനസിലാക്കിയ കോടതി ജാര്‍ഖണ്ഡിലെ സാഹിബ്ഗഞ്ച് ജില്ലയിലെ രാജ്മഹല്‍ ജയിലില്‍ കഴിയുന്ന യാദവിനെ വിട്ടയക്കാനും നിര്‍ദേശിച്ചു.

‘തടങ്കല്‍ കരുതലിന്റെ കാലാവധി നീട്ടിയ 2022 നവംബര്‍ ഏഴിലെയും 2023 ഫെബ്രുവരി ഏഴിലെയും ഉത്തരവുകള്‍ റദ്ദാക്കുന്നു. ജാര്‍ഖണ്ഡ് ഹൈക്കോടതിയിലെ ഡിവിഷന്‍ ബെഞ്ചിന്റെ 2023 മാര്‍ച്ച് 2നും 2022 നവംബര്‍ 2നും ഇറക്കിയ ഉത്തരവുകളും റദ്ദാക്കുന്നു,’ കോടതി പറഞ്ഞു.

മൂന്ന് മാസത്തിലധികം യാദവിനെ കരുതല്‍ തടങ്കലില്‍ വെച്ചത് നിയമവിരുദ്ധമാണെന്നും കോടതി പറഞ്ഞു. യാദവിനെതിരെ 18 കേസുകളുണ്ടെന്നാണ് ചൂണ്ടിക്കാണിച്ചാണ് തടങ്കലില്‍ വെച്ചത്. മൂന്ന് മാസം കഴിഞ്ഞതിന് ശേഷം തടങ്കല്‍ കാലാവധി നീട്ടാന്‍ സര്‍ക്കാര്‍ ഉപദേശക സമിതിയുടെ അഭിപ്രായം തേടിയിരുന്നു. എന്നാല്‍ തടങ്കലിലാക്കപ്പെട്ടയാളുടെ വാദം കേള്‍ക്കാതെയാണ് സമിതി തീരുമാനമെടുത്തതെന്ന് പറഞ്ഞ് യാദവ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.