ഇന്ത്യയിൽ ഒരു പ്രാദേശിക ഫാക്‌ടറി സ്ഥാപിക്കുന്നതിനായി കേന്ദ്ര സർക്കാരുമായി ചർച്ചകൾ സജീവമായി തുടർന്ന് ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്‌ല. ഈ തന്ത്രപരമായ നീക്കം ടെസ്‌ലയെ ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കാനും കൂടുതൽ താങ്ങാനാവുന്ന വിലയിൽ ഇവിടെ ലഭ്യമാക്കാനും പ്രാപ്‌തമാക്കും. ടൈംസ് ഓഫ് ഇന്ത്യ ഉദ്ധരിച്ച സർക്കാർ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, പ്രതിവർഷം 500,000 ഇവികൾ വരെ നിർമ്മിക്കാൻ ടെസ്‌ല പദ്ധതിയിടുന്നു.
വാഹനങ്ങളുടെ വില 20 ലക്ഷം രൂപയിൽ ആരംഭിക്കുന്നു. ഈ വികസനം സാധ്യമായാൽ, ഇന്ത്യയുടെ വളർന്നുവരുന്ന ഇവി വിപണിയെ ഇത് പിടിച്ചുയർത്തും. മെയ് മാസത്തിൽ, ഇന്ത്യയിൽ ഒരു പ്രാദേശിക ഫാക്‌ടറി നിർമ്മിക്കാൻ ടെസ്‌ല താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് അനുസരിച്ച്, ചൈനയിലെ പ്രവർത്തനങ്ങൾക്ക് സമാനമായി ഈ സൗകര്യം ഒരു കയറ്റുമതി അടിത്തറയായി ഉപയോഗിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.
റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന കേന്ദ്രങ്ങൾ ടെസ്‌ലയുടെ പദ്ധതി അഭിലഷണീയമാണെന്നും പ്രാദേശിക ഉൽപ്പാദനത്തിന്റെയും കയറ്റുമതിയുടെയും പങ്കാളിത്തം കണക്കിലെടുത്ത് നല്ല ഫലങ്ങളിൽ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്‌തു. ഒരു പ്രാദേശിക നിർമ്മാണ അടിത്തറ സ്ഥാപിക്കുന്നത് ടെസ്‌ലയ്ക്കും ഇന്ത്യയ്ക്കും ഒരുപോലെ പ്രയോജനകരമായിരിക്കും.
ടെസ്‌ലയെ സംബന്ധിച്ചിടത്തോളം, ഇത് ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വിപണിയിലേക്ക് പ്രവേശനം നൽകും. ഒപ്പം ഇവികളുടെ വർദ്ധിച്ചുവരുന്ന ഡിമാൻഡിലേക്ക് നയിക്കുകയും ചെയ്യും. അതോടൊപ്പം, ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഈ തീരുമാനം രാജ്യത്തെ ഒരു ആഗോള ഉൽപ്പാദന കേന്ദ്രമായി മാറ്റി സ്ഥാപിക്കുന്നതിനുള്ള നിർണായക ചുവടുവെപ്പിനെ പ്രതിനിധീകരിക്കുന്നു.
ഉൽപ്പാദനം പ്രാദേശിക വൽക്കരിക്കുന്നതിലൂടെ, ടെസ്‌ല തങ്ങളുടെ കാറുകൾ ഇന്ത്യയിൽ കൂടുതൽ താങ്ങാനാവുന്നതാക്കി മാറ്റുകയും ഉയർന്ന വിൽപ്പനയ്ക്ക് വഴിയൊരുക്കുകയും പുതിയ ഇന്ത്യൻ ഇവി വിപണിയിൽ അതിന്റെ സ്ഥാനം വർദ്ധിപ്പിക്കുകയും ചെയ്യും.
മുൻകാലങ്ങളിൽ, ടെസ്‌ല ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ഉയർന്ന നികുതി നിരക്കുകൾ കാരണം പിൻവലിച്ചിരുന്നു, നിലവിലെ സാഹചര്യത്തിൽ വിലയേറിയ വാഹനങ്ങൾ മിക്ക ഇന്ത്യൻ ഉപഭോക്താക്കൾക്കും താങ്ങാനാവുന്നില്ല എന്നത് തന്നെയാണ് യാഥാർഥ്യം.
ഇന്ത്യയിൽ പ്രാദേശിക നിർമ്മാണ സാന്നിദ്ധ്യം സ്ഥാപിക്കാനുള്ള ടെസ്‌ലയുടെ പദ്ധതി വിജയിക്കുകയാണെങ്കിൽ, അത് കമ്പനിയെ സംബന്ധിച്ച് ഒരു സുപ്രധാന നാഴികക്കല്ലായി മാറും, വിശാലമായ വിപണിയിലേക്കുള്ള വാതിലുകൾ തുറക്കുകയും ഇവി മേഖലയിലെ ഒരു പ്രമുഖനെന്ന നിലയിൽ ഇന്ത്യയുടെ വ്യാവസായിക വളർച്ചയ്ക്ക് സംഭാവന നൽകുകയും ചെയ്യും.