മഴക്കെടുതി തുടരുന്നു; ഹിമാചലിൽ അടൽ തുരങ്കത്തിലേക്കുള്ള പ്രധാന റോഡ് തകർന്നു

0
167

ഹിമാചൽ പ്രദേശിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ അടൽ തുരങ്കത്തിലേക്കും ലേയിലേക്കും പോകുന്ന പ്രധാന റോഡ് തകർന്നു. റോഹ്താങ്ങിലേക്കും അടൽ തുരങ്കത്തിലേക്കുമുള്ള എല്ലാ പ്രവർത്തികളും ഇപ്പോൾ നിർത്തിവച്ചിരിക്കുകയാണ്. റോഡ് പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്.

മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ പേരിലുള്ള അടൽ ടണൽ, ഹിമാചൽ പ്രദേശിലെ മണാലിയെ ലാഹൗൾ-സ്പിതി താഴ്‌വരയുമായി ബന്ധിപ്പിക്കുന്നു. കൂടാതെ ലേയിലേക്ക് കുറഞ്ഞ സമയംകൊണ്ട് എത്തിച്ചേരാനും വേണ്ടി നിർമിച്ച നിർണായക അടിസ്ഥാന സൗകര്യ പദ്ധതിയാണ് അടൽ ടണൽ റോഡ്.

10,000 അടിയിലധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ തുരങ്കം, ലേയുടെ വിദൂര പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതാണ്. ലേ യുടെ ജീവനാഡിയായാണ് തുരങ്കം കണക്കാക്കപ്പെടുന്നത്. അതേസമയം, മണാലി-ലേ ഹൈവേ തൽക്കാലം അടച്ചിട്ടിരിക്കുകയാണ്. കനത്ത മഴയെത്തുടർന്ന് കുളുവിനെ മണാലിയുമായി ബന്ധിപ്പിക്കുന്ന റോഡിന്റെ ഭാഗങ്ങളും തകർന്ന് ബിയാസ് നദിയിലേക്ക് പതിച്ചു.

കുളുവിലും മണാലിയിലുമായി 25,000 വിനോദസഞ്ചാരികൾ ഉൾപ്പെടെ 60,000-ത്തിലധികം വിനോദസഞ്ചാരികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാൽ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും നിരവധി റോഡുകൾ അടച്ചിട്ടിരിക്കുന്നതിനാൽ നൂറുകണക്കിന് ആളുകൾ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്.

ജൂൺ 24 ന് സംസ്ഥാനത്ത് കാലവർഷം ആരംഭിച്ചതിന് ശേഷം മഴക്കെടുതിയിലും റോഡപകടങ്ങളിലും 88 പേർ മരിക്കുകയും 100 ലധികം പേർക്ക് പരിക്കേൽക്കുകയും 16 പേരെ ഇനിയും കാണാതാവുകയും ചെയ്തിട്ടുണ്ട്. 170 വീടുകൾ പൂർണമായും 594 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്.