ഫഡ്നാവിസിന് തിരിച്ചടി; ധനവകുപ്പ് അജിത് പവാര്‍ ക്യാമ്പിലേക്കെന്ന് സൂചന

0
126

മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന-എന്‍സിപി സഖ്യത്തില്‍ വിള്ളലുകള്‍ വീഴ്ത്തിയേക്കാവുന്ന പുതിയ നീക്കം. ധനവകുപ്പ് ദേവേന്ദ്ര ഫഡ്നാവിസില്‍ നിന്ന് അജിത് പവാറിലേക്ക് മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പാര്‍ട്ടി മന്ത്രിമാര്‍ക്കായി പ്രധാന വകുപ്പുകള്‍ക്കായി അവകാശവാദം ഉന്നയിക്കുന്ന അജിത് പവാറിന് ധനവകുപ്പ് എന്‍സിപിക്ക് അനുവദിക്കുന്നത് വലിയ വിജയമായിരിക്കും.

അതേസമയം തങ്ങളുടെ പുതിയ സഖ്യകക്ഷിയായ എൻസിപിക്ക് കാര്യമായ സ്ഥാനം നല്‍കാന്‍ തയ്യാറാകാത്ത ബിജെപി എംഎല്‍എമാരുടെ മുഖത്തേറ്റ അടി കൂടിയാണിത്. അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി വിഭാഗം ഭരണസഖ്യത്തിന്റെ ഭാഗമായതിന് പിന്നാലെ ഫഡ്നാവിസിനും ഷിന്‍ഡെ ക്യാമ്പ് നിയമസഭാംഗങ്ങള്‍ക്കുമിടയില്‍ അതൃപ്തി രൂക്ഷമാണ്.

ധനകാര്യ, ആസൂത്രണ വകുപ്പുകളെച്ചൊല്ലി അജിത് പവാറിന്റെ ക്യാമ്പും ഏകനാഥ് ഷിന്‍ഡെ വിഭാഗവും തമ്മിലുള്ള തര്‍ക്കമാണ് മഹാരാഷ്ട്ര മന്ത്രിസഭാ വികസനം വൈകാന്‍ കാരണമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. എന്‍സിപിക്ക് ധനകാര്യ, സഹകരണ മന്ത്രാലയങ്ങള്‍ ഉറപ്പാക്കുന്നതില്‍ പവാര്‍ ഉറച്ചുനിന്നെങ്കിലും ഷിന്‍ഡെ ക്യാമ്പിന് ഇതില്‍ അതൃപ്തിയുണ്ടെന്ന് വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

ജൂലൈ 10-11 തീയതികളില്‍ ഷിന്‍ഡെയും ഫഡ്നാവിസും അജിത് പവാറും തമ്മില്‍ രാത്രി വൈകി നടന്ന ചര്‍ച്ചകളില്‍ ഈ തര്‍ക്കം പരിഹരിച്ചെന്നാണ് വിവരം. വകുപ്പ് വിഭജന പ്രശ്‌നം ക്രമീകരിച്ചു, ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ വകുപ്പുകള്‍ അനുവദിക്കുമെന്ന് എന്‍സിപി വര്‍ക്കിംഗ് പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. അജിത് പവാറും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും ബിജെപി നേതാക്കളുമായും കൂടിക്കാഴ്ച നടത്താന്‍ ഡല്‍ഹിയിലെത്തിയതിന് പിന്നാലെയാണ് പ്രഫുല്‍ പട്ടേലിന്റെ പരാമര്‍ശം . ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് ശേഷം അജിത് പവാര്‍ ബിജെപി നേതൃത്വവുമായി കൂടിക്കാഴ്ച നടത്താത്തതിനാലാണ് സന്ദര്‍ശനത്തിനായി തങ്ങള്‍ ഇവിടെ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി-ശിവസേന-എന്‍.സി.പി സഖ്യത്തില്‍ വകുപ്പ് വിഭജനത്തിന്റെ കാര്യത്തില്‍ വിള്ളലുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ പട്ടേല്‍ തള്ളിക്കളഞ്ഞു. മഹാരാഷ്ട്രയിലെ വകുപ്പ് വിഭജനം നാളെയോ മറ്റന്നാളോ നടക്കും. മന്ത്രിസഭാ വികസനത്തില്‍ അഭിപ്രായവ്യത്യാസമില്ല. അതേക്കുറിച്ച് വിശദമായ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. ജൂലൈ 18 ന് ഞങ്ങള്‍ പ്രധാനമന്ത്രി മോദിയെ കാണും. എന്‍ഡിഎ യോഗത്തിന് ഞങ്ങളെ ക്ഷണിച്ചിട്ടുണ്ടെന്നും എന്‍സിപി നേതാവ് പറഞ്ഞു.

ജൂലായ് 2 ന് അപ്രതീക്ഷിതമായാണ് ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി പിളര്‍ന്ന് അദ്ദേഹത്തിന്റെ അനന്തരവന്‍ അജിത് പവാറും ഏകദേശം മൂന്ന് ഡസനോളം എംഎല്‍എമാരും ഭരണകക്ഷിയായ ശിവസേന-ബിജെപി സഖ്യത്തില്‍ ചേര്‍ന്നത്. പിന്നാലെ അജിത് പവാറും മറ്റ് എട്ട് എന്‍സിപി നേതാക്കളും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

മുഖ്യമന്ത്രിക്കും രണ്ട് ഉപമുഖ്യമന്ത്രിമാര്‍ക്കും പുറമെ ബി.ജെ.പി.യില്‍ നിന്ന് ഒമ്പത് മന്ത്രിമാരും ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയില്‍ നിന്ന് ഒമ്പത് മന്ത്രിമാരും എന്‍.സി.പി.യില്‍ നിന്ന് ഒമ്പത് മന്ത്രിമാരുമാണ് മഹാരാഷ്ട്ര മന്ത്രിസഭയില്‍ ഇപ്പോള്‍ ഉള്ളത്. ഇതില്‍ പരമാവധി 43 അംഗങ്ങള്‍ ആകാം. അതേസമയം മഹാരാഷ്ട്ര നിയമസഭയുടെ വര്‍ഷകാല സമ്മേളനം ജൂലൈ 17 മുതല്‍ ഓഗസ്റ്റ് 4 വരെ നടക്കും. സമ്മേളനത്തിന് മുമ്പ് മന്ത്രിസഭാ വിപുലീകരണത്തിന് സാധ്യതയില്ലെന്ന് ബിജെപി വൃത്തങ്ങള്‍ അറിയിച്ചു.