സംസ്ഥാനത്ത ഇന്ന് മുതൽ മഴ കനക്കും; 2 ജില്ലകളിൽ യെല്ലോ അലർട്ട്

0
76

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും ഇന്നു മുതല്‍ മഴ ശക്തമായേക്കും. മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. നാളെ മുതല്‍ മഴ കൂടുതല്‍ ശക്തമായേക്കുമെന്നാണ് മുന്നറിയിപ്പ്.

നാളെ ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും മറ്റന്നാള്‍ തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ച ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരളം വരെ നീളുന്ന കാലവര്‍ഷപ്പാത്തിയും ബംഗാള്‍ ഉള്‍ക്കടലില്‍ വടക്കന്‍ തമിഴ്‌നാട് തീരത്തോടു ചേര്‍ന്നുള്ള ചക്രവാതച്ചുഴിയും കാരണം വരുംദിവസങ്ങളില്‍ മഴ ലഭിക്കുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

നാളെ മുതല്‍ വടക്കന്‍ കേരള- കര്‍ണാടക തീരങ്ങള്‍, ലക്ഷദ്വീപ് പ്രദേശം എന്നിവടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാദ്ധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്ച വരെ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.